കണ്ടുകണ്ടിരിക്കുന്ന വ്യക്തിയെ ഒരു ഘട്ടത്തിൽ കാണാതാവുക, ചിലരുടെ സാന്നിദ്ധ്യം ഒരേസമയം പല സ്ഥലത്തും അനുഭവപ്പെടുക, മരിച്ചെന്ന് വിശ്വസിച്ചിരുന്ന ചിലർ തിരിച്ചുവരിക, കഴക്കൂട്ടത്ത് രാജപ്പനെന്ന് പേരുള്ളയാളെ കാഞ്ഞിരപ്പള്ളിയിൽ വേലപ്പനെന്ന പേരിൽ അറിയപ്പെടുക... സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലെ ചില കൗതുകങ്ങളാണ് ഇതെല്ലാം. ശക്തമായ ജനാധിപത്യ സംവിധാനം നിലവിലുള്ള ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളും വോട്ട് ഇരട്ടിക്കലും. ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസുകാർ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി മനസിൽ പ്രതിഷ്ഠിച്ച്, ഇപ്പോഴേ ബഹുമാനിച്ചു തുടങ്ങുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയാണ് ലോക്സഭ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടർപ്പട്ടികയിൽ നടത്തിയ അട്ടിമറികൾ വെളിച്ചത്തു കൊണ്ടുവന്നത്. അതോടെയാണ് ഭൂകമ്പങ്ങളുടെ തുടക്കം.
വിവാദം വിടാതെ
കേരളവും
ദേശീയതലത്തിലെ വിവാദങ്ങൾ അവിടെ നിൽക്കട്ടെ, നമ്മുടെ കൊച്ചു കേരളത്തിലും കാര്യങ്ങൾ അങ്ങു കൊഴുത്തു. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ ചുവടുപിടിച്ച്, എല്ലാ മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയ പൂരം വിവാദത്തിൽ മാത്രമൊതുങ്ങി നിന്നിരുന്ന വിവാദം അവിടം കടന്ന് ഇപ്പോൾ മുന്നോട്ടു പോവുകയാണ്. നെഹ്രു കുടുംബത്തിന്റെ പിന്മുറക്കാരനായ രാഹുൽ ഗാന്ധി കേന്ദ്രത്തിൽ വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കുരിശുയുദ്ധം നടത്തുമ്പോൾ, കേരളത്തിൽ ചെന്നിത്തല ഗാന്ധിക്ക് വെറുതെ ഇരിക്കാൻ പറ്റുമോ, അദ്ദേഹവും തുടങ്ങി പോരാട്ടം. സെക്രട്ടേറിയറ്റ് വളപ്പിലും സ്വന്തം മന്ത്രിമന്ദിരത്തിലും പോരാഞ്ഞ് കണ്ണിൽക്കണ്ട സ്ഥലത്തെല്ലാം പച്ചക്കറിക്കൃഷി തുടങ്ങുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്ത് ഓണത്തിന് ഒന്നോ രണ്ടോ മുറം പച്ചക്കറി വിളയിക്കാമെന്ന സന്ദേശം നൽകിയ മുൻമന്ത്രി വി.എസ്. സുനിൽകുമാറും തുടങ്ങി മറ്റൊരു വഴിക്ക് പോരാട്ടം. വയനാട്ടിലെ കണക്കെല്ലാം പൊടിതട്ടിയെടുത്ത് തങ്ങളുടെ ഭാഗം കൊഴുപ്പിക്കാൻ സി.പി.എമ്മും രംഗത്തിറങ്ങി. എന്തായാലും പരസ്യമായിട്ടല്ലെങ്കിലും മൂന്ന് മുന്നണികളും ഇപ്പോൾ അരിപ്പവച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്, എതിരാളികളെ കുടുക്കാൻ വല്ലതും കിട്ടുമോ എന്ന്! ദോഷം പറയരുത് ഇക്കാര്യത്തിൽ ചെന്നിത്തല കാട്ടുന്ന ആത്മാർത്ഥത കണ്ടില്ലെന്ന് നടിക്കാനാവില്ല. 2021- ൽ തന്നെ അദ്ദേഹം വോട്ടർപ്പട്ടികയിലെ ക്രമക്കേടിനെതിരെ പോരാട്ടം തുടങ്ങിയതാണ്. 2021 മാർച്ച് 17 ന് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് അദ്ദേഹം വോട്ടർ പട്ടികയിലെ ക്രമക്കേട് തെളിവുകൾ സഹിതം പുറത്തുവിട്ടത്. അതുകൊണ്ടും വെറുതെ ഇരുന്നില്ല, ഈ ജനാധിപത്യ സ്നേഹി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. പക്ഷെ അതൊന്നും ഫലം കണ്ടില്ല. തുടർന്നാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ചെന്നിത്തലയോടാണ് കളി.
ചെന്നിത്തലയുടെ പരാതിയിൽ മിണ്ടാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ 38,000 വോട്ടുകൾ ഇരട്ടവോട്ടുകളാണെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചു. അന്നത്തെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന പലരും ഒരേസമയം ഒന്നിലധികം ബൂത്തുകളിൽ വോട്ടുണ്ടായിരുന്ന 'കുമ്പിടികളാ"ണെന്ന് അതോടെ സമൂഹത്തിനും ബോദ്ധ്യമായി. ചെന്നിത്തലയുടെ ഈ പോരാട്ടത്തിനൊന്നും സ്വന്തം തട്ടകത്തിൽ നിന്നു വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ അതുകൊണ്ടൊന്നും അദ്ദേഹം നിരാശനായില്ല. അന്നത്തെ തന്റെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശിച്ച കാര്യങ്ങളിൽ എന്ത് തുടർനടപടികൾ സ്വീകരിച്ചു എന്നറിയണമെന്നാവശ്യപ്പെട്ട് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ചെന്നിത്തല.
ഏതാണ്ട് ഇതിന് സമാനമായ പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച ഇടതുസ്ഥാനാർത്ഥി വി.എസ് സുനിൽകുമാറും നടത്തിയത്. ജൈവക്കൃഷിയെയും പ്രകൃതിയെയുമൊക്കെ സ്നേഹിച്ച് ജനങ്ങളുടെ 'കണ്ണിലുണ്ണി"യായി നടന്ന സുനിൽകുമാറിനെയാണ് വോട്ടർപ്പട്ടികയിലെ ക്രമക്കേടും കൂടി ചേർന്ന് തോൽപ്പിച്ചു കളഞ്ഞത്. ഇതിലുള്ള സങ്കടം സുനിൽകുമാർ പലതവണ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ ആരോട് പറയാൻ. ഏതായാലും അദ്ദേഹവും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തന്റെ ഭാഗം വിശദമാക്കി. സത്യത്തിൽ ഇപ്പോഴത്തെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആറ്റിങ്ങൾ ലോക്സഭാ മണ്ഡലത്തിൽ 2019-ൽ മത്സരിക്കാനെത്തിയപ്പോഴാണ് വോട്ടർപട്ടികയിലെ ചില ഇരട്ടിപ്പുകൾ സംബന്ധിച്ച് ശക്തമായ ആരോപണം ഉന്നയിച്ചത്. അന്ന് അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ വെറും ആരോപണങ്ങൾ മാത്രമല്ലെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആ തിരഞ്ഞെടുപ്പ് കാലത്ത് അടൂർ പ്രകാശ് നടത്തിയ പോരാട്ടവും ശ്രദ്ധേയമായതാണ്.
ഇങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില പോരാട്ടങ്ങളും തെറ്റുതിരുത്തിക്കലുകളുമൊക്കെ നടക്കാറുണ്ടെങ്കിലും വോട്ടർപ്പട്ടിക എന്നത് അഗ്നിശുദ്ധി വരുത്തിയ ഒരു രേഖയാണെന്ന് നിസംശയം പറയാൻ കഴിയില്ലെന്ന സ്ഥിതിയിലേക്കാണ് ഇത്തരം ആരോപണങ്ങളും വിവാദങ്ങളും വഴിതെളിക്കുന്നത്. ഇപ്പോൾ ആരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ എല്ലാവരും പരസ്പരം പറയുന്നുണ്ടെങ്കിലും ഇത്തരം തെറ്റായ പ്രവണതയ്ക്ക് അവസരമൊരുക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും തങ്ങളുടേതായ പങ്കില്ലേയെന്ന് സ്വയം വിമർശനപരമായി ചോദിക്കേണ്ടതല്ലേ. ആര് ജയിക്കണമെന്നും ഭരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകുന്നതാണല്ലോ നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ സവിശേഷത. അതിൽ നഞ്ചുകലക്കാൻ ശ്രമിക്കുന്നത് ആരോഗ്യപരമായ ഒന്നല്ല. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാൻ എല്ലാവരും സ്വയം ശ്രമിക്കേണ്ടേ. അപ്രതീക്ഷിതമോ ഉദ്യോഗസ്ഥ തലത്തിലുള്ളതോ ആയ ചില പിഴവുകൾ വന്നേക്കാം. ആരെയും കുറ്റപ്പെടുത്താനാവില്ല, പക്ഷെ അറിഞ്ഞുകൊണ്ട് ഇങ്ങനെയുള്ള ദുഷ്ചെയ്തികളിലേക്ക് പോകാൻ ആരും അവസരമുണ്ടാക്കരുത്.
ഇതുകൂടി കേൾക്കണേ
ഇപ്പോഴത്തെ വിവാദങ്ങൾ എവിടെ എത്തി നിൽക്കുമെന്ന് കണ്ടറിയേണ്ടതാണ്. പക്ഷെ കഴിഞ്ഞുപോയ കാലത്തെ ചില കണക്കുകൾ ഉണ്ട്, അവയുടെ ഉള്ളുകളിലേക്ക് വീണ്ടും ഇറങ്ങി ഒരു പുനഃപരിശോധന നടത്തിയാൽ വ്യക്തമാവുന്ന ചില സമവാക്യങ്ങളും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |