കോതമംഗലം: കറുകടത്ത് ടി.ടി.സി വിദ്യാർത്ഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത കേസിൽ കാമുകൻ റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റിലായി. ആലുവ പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റഹീം (47), ഭാര്യ ഷെറിന (46), കരുമാലൂർ വെസ്റ്റ് വെളിയത്തുനാട് കറുവാശേരി വീട്ടിൽ അബ്ദുൾ സഹദ് (25) എന്നിവരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
റമീസ് അറസ്റ്റിലായതിന് പിന്നാലെ റഹീമും ഷെറിനയും ഒളിവിൽ പോയിരുന്നു. സേലത്ത് ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ പിടിയിലായതറിഞ്ഞ് സഹദ് ബിനാനിപുരം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാൾ നാട്ടിൽ തന്നെ ഒളിവിലായിരുന്നു.
റഹീം സേലത്തെ മാർക്കറ്റിൽ നിന്ന് കന്നുകാലികളെ വാങ്ങി നാട്ടിലെത്തിച്ച് വ്യാപാരം നടത്തിയിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് സേലത്തെ ലോഡജിൽ മുറിയെടുത്തത്. റഹിമിന്റെ സേലം ബന്ധം മനസിലാക്കിയാണ് പൊലീസ് ഒളിവിടം കണ്ടെത്തിയതും. ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം സറ്റേഷനിൽ എത്തിച്ച മൂന്ന് പ്രതികളെയും അന്വേക്ഷണസംഘം മേധാവിയായ ഡിവൈ.എസ്.പി. പി.എം. ബിജുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സോനയെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഇവർക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും.
സോനയുടെ ആത്മഹത്യാ കുറിപ്പിലും കൂട്ടുകാരി ജോൺസീനയുടെ മൊഴിയിലും മൂന്നു പേരെക്കുറിച്ചും പരാമർശമുണ്ട്. സോനയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഇപ്പോഴും പൊലീസ് കേസെടുത്തിട്ടില്ല. റമീസിനെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഇതോടൊപ്പം മറ്റ് കൂട്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |