SignIn
Kerala Kaumudi Online
Thursday, 21 August 2025 1.11 AM IST

ഡയറ്റ് മുതൽ ഡാറ്റ വരെ: പ്രമേഹ നിയന്ത്രണം എളുപ്പമാക്കി പുത്തൻ സാങ്കേതിക വിദ്യകൾ

Increase Font Size Decrease Font Size Print Page
health

പിസ്സ, ബർഗർ, ഡെസേർട്ട് എന്നിവയാണോ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ? ഇവയൊക്കെ ആരോഗ്യഭക്ഷണങ്ങളായി മാറുന്ന മനോഹരമായ ലോകത്തെപറ്റി നമുക്കൊന്ന് സ്വപ്നം കണ്ടാലോ? പക്ഷേ ആ സ്വപ്നം യാഥാർഥ്യമാവുന്നതു വരെ, അതായത് ചീസ് നിറഞ്ഞ പിസ്സ, വേവിച്ച ബ്രോക്കോളി പോലെ ആരോഗ്യകരമാകുന്ന കാലം വരും വരെ പ്രമേഹം നിയന്ത്രിക്കുന്നവർ, തങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.

പ്രമേഹരോഗികൾക്കായുള്ള പോഷകാഹാര നിർദ്ദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകില്ല. ഒരു വ്യക്തിയുടെ ചുറ്റുപാടിനും അവരുടെ സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗരേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. ഒരു ബൗൾ ചോറ് അല്ലെങ്കിൽ ഒരു പാക്കറ്റ് ചിപ്സ് അങ്ങനെയെന്തു ഭക്ഷണവുമാകട്ടെ ഇവയൊക്കെ ഓരോരുത്തരുടെയും രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവിനെ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ കൃത്യവും വിശ്വാസ്യതയുമുള്ള വിവരങ്ങൾ തത്സമയം തിരിച്ചറിയാൻ നമുക്ക് സാധ്യമാകുന്നു .

പഴയരീതിയിലുള്ള വിരലിൽ സൂചികുത്തുന്ന പരിശോധനകളെയും ഇടയ്ക്കിടെയുള്ള HbA1c ടെസ്റ്റുകളെയും ഒഴിവാക്കി കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങൾ വഴി ഓരോ മിനിറ്റിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി ഫോണിൽ അറിയാൻ സാധിക്കും. ഇടയ്ക്കിടെ സ്കാൻ ചെയ്യാതെ തന്നെ നിശ്‌ചിത ഇടവേളകളിൽ നോട്ടിഫിക്കേഷൻ ലഭിക്കും. ഗ്ലൂക്കോസ് നില ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുന്ന സാഹചര്യം മുൻ‌കൂട്ടി അറിയിക്കാൻ അലാറം ക്രമീകരിക്കാൻ സാധിക്കും . ഇതുവഴി, അപകടനില മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലെടുക്കാനും കഴിയും.

വേഗത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില അതിവേഗം ഉയരുന്നതിന് കാരണമാകും.

കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങൾ, കാർബോഹൈഡ്രേറ്റ് അളവ് മനസ്സിലാക്കാൻ സഹായിക്കുന്ന ഫുഡ്-ട്രാക്കിംഗ് ആപ്പുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ പ്രമേഹ രോഗികളുടെ ദൈനംദിന ഭക്ഷണ ക്രമങ്ങളും ജീവിത രീതികളും മെച്ചപ്പെടുത്താൻ സഹായിക്കുന്നു, എൻഡോഡിയാബ് സെന്റർ, കേരള, കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനീഷ് അഹമ്മദ് പറഞ്ഞു. മഴ, മറ്റ് അസുഖങ്ങൾ, ദൈനംദിന ജീവിതത്തിലെ മറ്റു തിരക്കുകൾ എന്നീ പ്രതികൂല സാഹചര്യങ്ങളാൽ ഡോക്ടറെ കാണാൻ ബുദ്ധിമുട്ടുണ്ടാകുന്ന സന്ദർഭങ്ങളിൽ ഈ ഉപകരണങ്ങൾ വഴി രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡോക്ടർമാരുമായോ കെയർഗിവർമാരുമായോ എളുപ്പത്തിൽ പങ്കുവയ്ക്കുവാനും രോഗികളെ സഹായിക്കും , അദ്ദേഹം കൂട്ടിച്ചേർത്തു.

സ്മാർട്ട് ടെക്നോളജിയും ശ്രദ്ധാപൂർവ്വമായ പോഷകാഹാരവും ചേർന്നാൽ പ്രമേഹനിയന്ത്രണം എളുപ്പമാകും. CGM ഉപകരണങ്ങൾ ഗ്ലൂക്കോസിൻറെ അളവ് അതാത് സമയം അറിയിക്കുന്നതിനാൽ ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ , ഇഷ്ടപ്പെട്ട ഒരു റെസിപ്പിയിൽ മാറ്റം വരുത്തുമ്പോൾ, യാത്രയ്ക്കിടെ ഒരു സ്‌നാക്ക് തെരഞ്ഞെടുക്കുമ്പോൾ അങ്ങനെ എല്ലാ കാര്യങ്ങളിലും കൂടുതൽ നിയന്ത്രണം നേടാൻ സഹായിക്കുന്നു, അബോട്ടിന്റെ സൗത്ത് ഏഷ്യ മെഡിക്കൽ അഫയേഴ്സ് ഹെഡായ ഡോ. വിവേക് അയ്യർ അഭിപ്രായപ്പെട്ടു.

ഭക്ഷണക്രമം മെച്ചപ്പെടുത്താൻ 5 എളുപ്പമാർഗങ്ങൾ

കാർബോഹൈഡ്രേറ്റ് നിയന്ത്രണം: ഓരോ വിഭവത്തിലും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഒരു ഗുലാബ് ജാമുനിൽ ഏകദേശം 25–30 ഗ്രാം കാർബ്സ് ഉണ്ടാകും, അതിൻറെ ഭൂരിഭാഗവും പഞ്ചസാരയിൽ നിന്നാണ്. എന്നാൽ ഇത് എന്തിനൊപ്പമാണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട് കാരണം പ്രോട്ടീൻറെ കൂടെ കഴിക്കുമ്പോൾ ഗ്ലൂക്കോസ് അളവ് ഉയരുന്നത് താരതമ്യേന കുറവാണ്. അതുപോലെ തന്നെ സോസ് പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവും വളരെ വലുതാണ്.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക: മധുരം പൂർണമായും ഉപേക്ഷിക്കേണ്ടതില്ല, കോക്കനട്ട് പാം ഷുഗർ പോലുള്ള കുറഞ്ഞ GI ഓപ്ഷൻ തെരഞ്ഞെടുക്കാം, അതും നിയന്ത്രിതമായി മാത്രം ഉപയോഗിക്കണം. അതിനു മുമ്പ്, നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം നിരീക്ഷിക്കുകയും ഡോക്‌ടറുടെ നിർദ്ദേശം വാങ്ങുകയും വേണം.

ടെക്നോളജിയുടെ സഹായം തേടുക: CGM ഉപകരണങ്ങൾ ഉപയോഗിക്കുക. അതുവഴി ഗ്ലൂക്കോസ് റീഡിംഗുകളും അലേർട്ടുകളും ലഭ്യമാകുന്നതിലൂടെ പ്രമേഹ നിയന്ത്രണം എളുപ്പമാകും. കൂടാതെ നേരിട്ട് ക്ലിനിക്കിൽ പോകാൻ സാധിക്കാത്തപ്പോൾ ഡോക്ടർമാരുമായും കെയർഗിവർമാരുമായും വിവരങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാനുമാകും.

പോഷകാംശമുള്ള സ്‌നാക്സുകൾ: പ്രമേഹമുള്ളവർ സ്‌നാക്കുകൾ ഒഴിവാക്കേണ്ടതില്ല മറിച്ച് ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കുക. പഴങ്ങൾ, വേവിച്ച പച്ചക്കറികൾ, പുഴുങ്ങിയ മുട്ട, ലൈറ്റ് പോപ്‌കോൺ, പീനട്ട് ബട്ടറും പഴവും ചേർന്ന കോംബോ തുടങ്ങിയ പോഷകസമ്പന്നമായ ഭക്ഷണങ്ങൾ സ്നാക്കുകളിൽ ഉൾപ്പെടുത്തുക, അളവ് ശ്രദ്ധിക്കുകയും വേണം.

പുറത്തുനിന്നുള്ള ഭക്ഷണം ശ്രദ്ധാപൂർവ്വം മാത്രം: ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. കാരണം വലിയ കാർബോഹൈഡ്രേറ്റാണ് അത്തരം ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിന് വലിയൊരു വെല്ലുവിളിയാണ്. അതുകൊണ്ട് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ മെനു കൃത്യമായി പരിശോധിച്ച് പഞ്ചസാര ചേർക്കാത്ത, പോഷകാംശം കൂടുതലുള്ള ഭക്ഷണങ്ങൾ മാത്രം തെരഞ്ഞെടുക്കുക. പച്ചക്കറികൾ, സാലഡ് പോലെയുള്ളവ ഉൾപ്പെടുത്തുക.


ഈ നിർദ്ദേശങ്ങളോടൊപ്പം, പ്രമേഹമുള്ളവർ അവരുടെ ഭക്ഷണശീലങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. അളവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്‌താൽ കൃത്യസമയത്ത് വേണ്ട കരുതലുകളെടുക്കുകയും ചെയ്യുക, ഇത് പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്.

TAGS: HEALTH, LIFESTYLE HEALTH, LATEST NEWS, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.