ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നുമുള്ള യുവനടി റിനി ആൻ ജോർജിന്റെ പരാതിയിൽ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. ഇത്രയും സന്തോഷത്തോടെ പരാതി പറയുന്ന ഒരു യുവനടിയെ താൻ ആദ്യമായാണ് കാണുന്നത് എന്നാണ് ഐഷ കുറിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ആദ്യമായിട്ടാണ് ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന ഒരു യുവനടിയെ കാണുന്നത്. ഞാനും ഈ യുവ നടിയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. ഇങ്ങനെയായിരിക്കണം യുവ നടികൾ
കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്ന് 'കൗമുദി മൂവീസി"ന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിനി ആദ്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. മൂന്നരവർഷം മുമ്പാണ് യുവനേതാവ് അശ്ളീലസന്ദേശങ്ങൾ അയച്ചത്. പലതവണ മോശമായി പെരുമാറി. സോഷ്യൽ മീഡിയ വഴിയാണ് നേതാവ് പരിചയപ്പെട്ടത്. പിന്നീടാണ് ജനപ്രതിനിധിയായത്.
നേതാവിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നേതാക്കളോട് പറയുമെന്ന് യുവനേതാവിനോട് പറഞ്ഞു. 'പോയി പറയൂ, ആര് ശ്രദ്ധിക്കാൻ" എന്നായിരുന്നു മറുപടി. പാർട്ടിയിലെ പല നേതാക്കളോടും പരാതി പറഞ്ഞിരുന്നു. എന്നിട്ടും അയാൾക്ക് പുതിയ സ്ഥാനമാനങ്ങൾ കിട്ടി. പാർട്ടിയിലെ നേതാക്കളുടെ മക്കൾക്കും ദുരനുഭവമുണ്ട്. പല സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ട്. അത് തുറന്നുപറയാൻ അവർ തയ്യാറാകണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.
സമീപകാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ചർച്ചയിൽ വന്നയാളാണെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളിൽ ഒരാൾക്കെതിരെ പരാമർശമുണ്ടായിട്ടും മാദ്ധ്യമപ്രവർത്തകർ പോലും പരാതി അവഗണിച്ചെന്നും റിനി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |