കൺവിൻസിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന നടനാണ് സുരേഷ് കൃഷ്ണ. നിരവധി സിനിമകളിലൂടെ അദ്ദേഹം മലയാളികൾക്ക് സുപരിചിതനാണ്. തന്റെ നെറ്റിയിലുള്ള മുറിവിന്റെ പാടിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
'ചെറുപ്പത്തിലെ ഓരോ വികൃതികൾ. ഞാൻ മൂർഖൻ പാമ്പിനെ പിടിക്കാൻ വേണ്ടി ഗുരുവായൂർ തറവാട്ടിലെ കുളത്തിന്റെ സൈഡിൽ പോയിട്ടുണ്ട്. കൈതയുടെ കാടുണ്ടായിരുന്നു. അതിനകത്ത് കുറേ ടീംസുണ്ട്. ഉച്ചയ്ക്ക് മീൻ പിടിക്കാൻ പോയതായിരുന്നു. ചൂണ്ടയിടുമ്പോഴാണ് മൂർഖനെ കാണുന്നത്. അങ്ങനെ അതിനെ പിടിക്കാൻ പോയി. കുളത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി താഴെ വീണത് കല്ലിലായിരുന്നു. അന്നുണ്ടായ പാടാണ് ഇത്.
എന്റെ വിനോദങ്ങൾ അങ്ങനെയൊക്കെയായിരുന്നു. പ്രായത്തിന്റെ തിളപ്പായിരുന്നു. ആരും ചിന്തിക്കാത്ത വഴികളിലൂടെയാണ് ഞാൻ സഞ്ചരിച്ചിട്ടുള്ളത്. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ സംഭവിച്ചതാണ്. ദിവസവും അടി കിട്ടാനുള്ള എന്തെങ്കിലും ഞാൻ ഒപ്പിക്കുമായിരുന്നു.
ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെ പറമ്പിൽ പന്ത് കളിച്ചുകൊണ്ടിരിക്കുന്നു. അമ്മയും വല്യമ്മയൊക്കെ ഉച്ചമയക്കത്തിലാണ്. പന്ത് തെറിച്ച് കിച്ചണിൽ വീണു. ഞാൻ അതെടുക്കാൻ ചെന്നു. ഗുരുവായൂരാണ് എന്റെ വീട്. ഗുരുവായൂർ അമ്പലത്തിൽ ഗ്ലൂക്കോസ് പൊടി പോലത്തെ ഒരു പ്രസാദം കിട്ടും. അത് കഴിക്കാറുണ്ട്. ഞാൻ പന്തെടുക്കാൻ അടുക്കളയിൽ ചെന്നപ്പോൾ ഷെൽഫിനകത്തൊരു ഹോർലിക്സ് ബോട്ടിലിൽ ഈ വെളുത്തപൊടിയിരിക്കുന്നു. വലിയ നാല് സപൂൺ ഞാൻ വായിലിട്ടു. ഇറക്കിയ ശേഷം നെഞ്ചിലൊക്കെ പുകച്ചിൽ. ഇത് സോഡാക്കാരമായിരുന്നു. ഞാൻ വീടിന് ചുറ്റും ഓടി. അമ്മയും വല്യമ്മയും പിറകെയും ഓടി. പിടിച്ച് അടിയോടടി. ആദ്യം വായിൽ വെളിച്ചെണ്ണ ഒഴിച്ചു. പിന്നെ ആശുപത്രിയിൽ കൊണ്ടുപോയി.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |