SignIn
Kerala Kaumudi Online
Sunday, 24 August 2025 12.29 PM IST

നിറങ്ങളുടെ നെറുകയിൽ

Increase Font Size Decrease Font Size Print Page
munnar

കേരളത്തിലെ ഏറ്റവും മനോഹരമായ റോഡ്! മൂന്നാർ- ദേവികുളം- ചിന്നക്കനാൽ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിത്യഹരിതവും നിതാന്ത സുന്ദരവുമാണ്! മലമടക്കുകളുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന രീതിയിൽ നട്ടുവളർത്തി, വെട്ടിയൊരുക്കി നിറുത്തിയിരിക്കുന്ന തേയിലത്തോട്ടങ്ങൾ. മലകളുടെ ചരിവിലൂടെ കുത്തിയൊഴുകുന്ന നീർച്ചാലുകൾ. താഴ്‌വാരങ്ങളിലൂടെ അലസഗമനം നടത്തുന്ന ജലസമൃദ്ധിയുള്ള നദികൾ. സദാ വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ കുളിർകാറ്റിന്റെ സുഖമുള്ള തലോടൽ. സഹ്യാദ്രി സാനുക്കളിലെ നിത്യഹരിത വനങ്ങളും കരിമ്പാറക്കൂട്ടങ്ങളും അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന യൂക്കാലിപ്റ്റസും ഗ്രാന്റിസും സിൽവർ ഓക്കും...

മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്ക് ഇരുപത് കി.മീ. ദൂരമുണ്ട്. ആ ദൂരമത്രയും വശ്യമോഹനമായ ഈ കാഴ്ചകൾകൊണ്ട് നമ്മുടെ കണ്ണിനും കരളിനും കുളിരു പകരുന്നു. ചെങ്കുത്തായി ഉയർന്നുനില്ക്കുന്ന ഗിരിശൃംഗങ്ങളും അഗാധമായ താഴ്ചയിലേക്ക് ആഴ്ന്നിറങ്ങുന്ന മലഞ്ചെരിവുകളും, ആ നിമ്‌നോന്നതികൾക്ക് മായികഭംഗി നൽകുന്ന, പച്ചപ്പരവതാനി വിരിച്ച് മഞ്ഞിൽക്കുളിച്ചു നില്ക്കുന്ന തേയിലത്തോട്ടങ്ങളും മൂന്നാറിന്റെ സൗഭാഗ്യമാണ്.

ചിന്നക്കനാലിലെ പെരിയ കനാൽ വെള്ളച്ചാട്ടം കാണികളുടെ കരളിൽ കുളിരുകോരുന്നു. നേരത്തെ ഉണ്ടായിരുന്ന വെള്ളച്ചാട്ടത്തിന്റെ (റോഡിന് വീതികൂട്ടുന്നതിനു മുൻപ്) താഴ്ഭാഗത്ത് മുകളിൽ നിന്ന് തുള്ളിച്ചാടി ചിന്നിച്ചിതറി വീഴുന്ന വെള്ളം, പാറയ്ക്കുള്ളിലെ ചെറിയ കുഴിയിൽ പതിച്ച് വീണ്ടും ഉയർന്നുപൊങ്ങി താഴേക്കു മറിയുന്ന കാഴ്ച അതിമനോഹരമായിരുന്നു. റോഡിനു വീതി കൂട്ടാനായി നമ്മുടെ എൻജിനിയർമാർ പാറയുടെ ആ ഭാഗം പൊട്ടിച്ചുകളഞ്ഞു. ആ ഭാഗത്തെ റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ പഴയ വെള്ളച്ചാട്ടം അതേപടി എക്കാലത്തേക്കുമായി സംരക്ഷിക്കാമായിരുന്നു. പക്ഷേ നമ്മുടെ എൻജിനിയർമാരിൽ സൗന്ദര്യബോധമുള്ളവർ അധികമില്ല എന്നു പറയാതെ വയ്യ!

തേനിയിലെ സ്വർഗഭൂമി

ചിന്നക്കനാലിൽ നിന്ന് കൊളുക്കുമലയിലേക്കുള്ള 18 കി.മീ ദൂരം വീതി കുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ് കൊടുംവളവുകളും കുത്തനെയുള്ള കയറ്റവും പിന്നെ ഇറക്കവുമുള്ള റോഡും അഗാധമായ കൊക്കകളും നിറഞ്ഞതാണ്. തമിഴ്നാട്ടിലെ തേനി ജില്ലയിൽപ്പെട്ട ബോഡിനായ്ക്കനൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കൊളുക്കുമല. കേരള- തമിഴ്നാട് അതിർത്തിയിലാണ് കിടപ്പ്. ഒരു കാലത്ത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച പെൺവാണിഭ കേസുകൊണ്ട് കുപ്രസിദ്ധമായ സൂര്യനെല്ലി വഴിയാണ് യാത്ര.

വെളുപ്പിന് നാലുമണിക്കാണ് ഇതുവഴി പോയത്. അപ്പോൾ ഇരുട്ടായിരുന്നതുകൊണ്ട് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. തിരികെ വന്നപ്പോൾ വണ്ടി നിറുത്തി കാഴ്ചകളൊക്കെ കണ്ടു. എവിടെ നോക്കിയാലും മലമടക്കുകളുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന തേയിലത്തോട്ടങ്ങൾ. ആറായിരത്തിലധികം ഏക്കർ ഭൂമിയിൽ വിശാലമായി കിടക്കുന്ന ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലാണ് തോട്ടം. തേയിലച്ചെടികൾക്ക് തണലൊരുക്കുന്ന വലുതും ചെറുതുമായ സിൽവർ ഓക്ക് മരങ്ങൾ. അവയിൽ ചുറ്റിപ്പടർന്ന് സമൃദ്ധമായി കായ്ച്ചുനില്ക്കുന്ന കുരുമുളകു വള്ളികൾ. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ. കാലപ്പഴക്കംകൊണ്ട് തകർന്നു വീഴാറായതെങ്കിലും നിസ്സഹായരായ പാവം മനുഷ്യർ അതിനുള്ളിൽ അന്തിയുറങ്ങുന്നു!

ഇതാണ് മോനേ,​ ഓഫ് റോഡ്!
സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്കുള്ള റോഡിന്റെ അവസാനഭാഗം, ആറു കിലോമീറ്റർ ഓഫ് റോഡ് ആണ്. ഓഫ്‌റോഡെന്നു പറഞ്ഞാൽ അതിന്റെ പൂർണ്ണതയിലുള്ള തട്ടുപൊളിപ്പൻ റോഡ്. വാഗമണ്ണിലെ വരയാട്ടു പാറവഴി പാലൊഴുകുംപുഴയിലേക്കുള്ള ഓഫ് റോഡ്, കർണാടകയിലെ കുടക് മംഗൾപട്ടിയിലേക്കുള്ള കിടിലൻ റോഡ്, നേപ്പാളിലും ഡാർജിലിംഗിലുമുള്ള ഓഫ് റോഡുകൾ വഴി ജീപ്പിൽ യാത്ര ചെയ്തിട്ടുള്ള ആളാണ് ഈ ലേഖകൻ. പക്ഷേ, കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി അതിനേക്കാൾ അത്യന്തം കഠിനമെന്നു പറയാതെ വയ്യ.

ജീപ്പിലിരിക്കുന്ന പലരും അസഹ്യമായ നടുവേദനകൊണ്ടും, വണ്ടി അഗാധമായ കൊക്കയിലേക്ക് മറിയുമെന്ന ഭയം കൊണ്ടും നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. 'താൻ ഞങ്ങളെ കൊല്ലാൻ കൊണ്ടുപോകുകയാണോ" എന്ന് ഡ്രൈവറോട് കയർത്തു സംസാരിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. വലിയ ഉരുളൻ കല്ലുകളിൽ നിന്ന് മറ്റു കല്ലുകളിലേക്ക് ചാടിച്ചാടി,​ അതിനിടയിലെ വലിയ കുഴികളിൽ അകപ്പെട്ട് കരകയറുമ്പോഴേക്കും വണ്ടി ഒരു വശം ചരിഞ്ഞ് കൊക്കയിലേക്ക് ഇപ്പോൾ മറിയുമെന്ന പേടി എല്ലാവർക്കുമുണ്ട്. ആകെക്കൂടി ശരീരത്തിന്റെ നട്ടും ബോൾട്ടുമെല്ലാം ഇളകിപ്പോകുന്ന അനുഭവം. ഇടയ്ക്കുവച്ച് യാത്ര മതിയാക്കി തിരികെപ്പോരാം എന്നു വിചാരിച്ചാൽ നടക്കില്ല. കാരണം ആ വഴിയിൽ വണ്ടി തിരിക്കാനുള്ള സൗകര്യം തീരെയില്ല!

അപ്രതീക്ഷിതമായി വശങ്ങളിലേക്കും മുന്നിലേക്കും പിന്നിലേക്കും വണ്ടി ചരിയുമ്പോൾ ഏതു നിരീശ്വരവാദിയും സകല ദൈവങ്ങളേയും വിളിച്ച് മനസ്സുനൊന്ത് പ്രാർത്ഥിക്കുന്ന അപൂർവ്വ നിമിഷങ്ങൾ. നാല്പതിനും അൻപതിനുമിടയ്ക്ക് ഹെയർപിൻ വളവുകൾ ഓഫ്‌ റോഡ് യാത്രയുടെ സന്തോഷവും സന്താപവും എന്തെന്ന് അക്ഷരാർത്ഥത്തിൽ അറിയിക്കും. ഈ ദുരിതങ്ങളെല്ലാം കടന്ന് മലമുകളിലെത്തി ഉഷസ്സന്ധ്യ ഒരുക്കുന്ന ഉന്മത്ത കാന്തിയിൽ മനസും ശരീരവും കുളിരണിയുമ്പോൾ അനുഭൂതിധന്യമായ നിമിഷങ്ങളാണ് സമ്മാനം.

ഉദയഗിരി ചുവന്നു...
രാവിലെ അഞ്ചര ആയപ്പോൾ കൊളുക്കുമലയുടെ താഴ്‌വാരത്തിലുള്ള നിരപ്പായ സ്ഥലത്ത് ജീപ്പ് നിന്നു. ഒരു വിധത്തിൽ പുറത്തിറങ്ങി കൈയും കാലും നടുവും കഴുത്തുമൊക്കെ ഒന്നു നേരെയാക്കി ശരിക്കും ശ്വാസംവിട്ടപ്പോഴേക്കും ഡ്രൈവർ മണികണ്ഠൻ മലയുടെ മുകളിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ച്,​ 'അതിലേ കയറിപ്പോയാൽ മതി, സൂര്യോദയത്തിന് സമയമാകുന്നു..." എന്നു പറഞ്ഞു. ഉരുളൻ കല്ലുകളും വലിയ കരിങ്കൽ കഷണങ്ങളും ഇടയ്ക്ക് പൊട്ടിപ്പൊളിഞ്ഞ ചില പടികെട്ടുകളും താണ്ടിയുള്ള കയറ്റം. സൂര്യോദയത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനുള്ള ആവേശത്തിൽ കയറ്റം കയറുന്നതിന്റെ കാഠിന്യം പലരും അറിഞ്ഞില്ല.

ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ പൈൻ മരത്തിന്റെ നൂലുപോലെയുള്ള ഇലകൾ നിറഞ്ഞ ചില്ലകൾ കുളിർകാറ്റിൽ ഇളകി മലമുകളിലേക്ക് മാടിവിളിച്ച് സ്വാഗതമേകുന്നത് നല്ല അനുഭവം തന്നെ. കയറ്റം കയറി മലയുടെ മുകളിൽ എത്തിയപ്പോഴേക്കും അവിടെ നിറയെ ആൾക്കൂട്ടമാണ്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ വേലിക്കമ്പുകളിൽ പിടിച്ച് സൂര്യോദയത്തിന്റെ മനോഹാരിത ആസ്വദിക്കാൻ, കിഴക്കേ ചക്രവാളത്തിൽ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന നീലമലകളുടെ മുകൾപ്പരപ്പിലെ ആകാശം നോക്കി നിർന്നിമേഷരായി നില്ക്കുകയാണ് സഞ്ചാരികൾ.

ആറുമണി ആയപ്പോഴേക്കും കിഴക്കേ ചക്രവാളത്തിൻ വെള്ളവീശിത്തുടങ്ങി. പതിയെപ്പതിയെ അവിടം അരുണാഭമായി മാറുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അരുണകിരണന്റെ ചെങ്കതിരുകളിൽ തട്ടി കൊളുക്കുമലയിലെ ഉയരം കൂടിയ മലനിരകളുടെ അഗ്രഭാഗങ്ങളിൽ സ്വർണവർണം തിളങ്ങി! നിമിഷങ്ങൾ കൊണ്ട് കൊളുക്കുമലയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ 'ബോസ് പീക്കി"ന്റെ അഗ്രഭാഗവും, കിഴക്കുദിശയിലേക്ക് കുത്തനെ ചരിഞ്ഞു കിടക്കുന്ന സഹ്യപർവത സാനുക്കളിലെ പുൽത്തകിടികളും കരിമ്പാറക്കൂട്ടങ്ങളുമെല്ലാം വെട്ടിത്തിളങ്ങാൻ തുടങ്ങി. പുൽമേടുകളും ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും എല്ലാം ഉദയസൂര്യന്റെ ആവാഹന ശക്തിയിൽ ജ്വാലാമുഖികളായി മാറുന്ന കാഴ്ച അവാച്യമാണ്.
സൂര്യോദയത്തിന്റെ സുന്ദരനിമിഷങ്ങളും കൊളുക്കുമലയുടെ പടിഞ്ഞാറേ ചരിവിലുള്ള സഹ്യപർവത നിരകളുടെ മാസ്മരിക ഭംഗിയും കണ്ടു കഴിയുമ്പോൾ എല്ലാ ദു:ഖങ്ങളും മറന്ന് വിശ്വശില്പി ഒരുക്കിയ ആ വിസ്മയ ലോകത്തിൽ അലിഞ്ഞുചേരും. സത്യവും സൗന്ദര്യവും സ്വപ്നവും യാഥാർത്ഥ്യവുമെല്ലാം ഒന്നായി മാറുന്ന മായികലോകം. അക്ഷരാർത്ഥത്തിൽ അനുഭൂതി പൂക്കുന്ന സുഖചക്രവാളം. അന്തരാത്മാവിന്റെ അഗാധ തലങ്ങളിൽ ജന്മാന്തരങ്ങളുടെ വഴിത്താരയിലെ പുണ്യതീരങ്ങളിൽ ചെന്നുപെട്ട അപൂർവാനുഭവം. വാക്കുകൾകൊണ്ട് വിവരിക്കാവാനാത്ത പ്രകൃതീശ്വരിയുടെ വരദാനം.

ഉയരം കൂടിയ തേയിലത്തോട്ടം

കൊളുക്കുമലയിൽ വീശിയടിക്കുന്ന കുളിർകാറ്റിൽ സൂര്യോദയത്തിന്റെ സുന്ദരനിമിഷങ്ങൾ ആസ്വദിച്ച്, ആവശ്യത്തിനും അതിലധികവും ഫോട്ടോകളുമെടുത്ത് കൊളുക്കുമല ടീ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള കാന്റീനിൽ കിട്ടുന്ന ചുടുചായ കൂടി കുടിച്ചു കഴിയുമ്പോൾ യഥാർത്ഥ ചായയുടെ സ്വാദ് നമ്മളറിയും. ഇങ്ങനെയും ചായയ്ക്ക് സ്വാദുണ്ടോ എന്ന് തോന്നിക്കുന്ന അനുഭവം. ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള ടീ പ്ലാന്റേഷനാണ് കൊളുക്കുമല ടീ. 1838- ൽ ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലക്കൃഷി ആരംഭിച്ചത്. ചൈനയിൽ നിന്ന് കൊണ്ടുവന്ന തേയിലച്ചെടിയുടെ വിത്തുകൾ നട്ടാണ് കൃഷി തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 7130 അടി ഉയരത്തിലുള്ള കൊളുക്കുമലയാണ് ലോകത്തെ ഏറ്റവും വലിയ ഓർഗാനിക് തേയിലത്തോട്ടം.

1500 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന കൊളുക്കുമലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി പല കൈകൾ മാറി ഇപ്പോൾ രാമചന്ദ്ര ബോസിന്റെ ഉടമസ്ഥതയിലാണ്. അതുകൊണ്ടാണ് ആ കൊടുമുടി 'ബോസ് പീക്ക്" എന്ന് അറിയപ്പെടുന്നത്. അധികവും മൊട്ടക്കുന്നുകളാണ്. കൊടുമുടിയുടെ താഴ്‌വാരങ്ങളിലാണ് നൂറു ശതമാനവും ഓർഗാനിക് ആയ തേയിലത്തോട്ടം. പരമ്പരാഗത രീതിയിലുള്ള തേയില ഉത്പാദനമാണ് ഇന്നും ഇവിടത്തെ ഫാക്ടറിയിൽ അവലംബിച്ചിരിക്കുന്നത്. കൃഷി രീതികളും അങ്ങനെ തന്നെ.

മായമില്ലാത്ത ശുദ്ധമായ ഓർഗാനിക്ക് ചായപ്പൊടി ഇവിടെ കിട്ടും. മറ്റു ചായപ്പൊടികളേക്കാൾ കൂടുതൽ സമയം ഈ ചായപ്പൊടി വേവിക്കണം എന്ന കാര്യം മറക്കരുത്. എങ്കിലേ കൊളുക്കുമല ചായയുടെ സുഖം ആസ്വദിക്കാനാകൂ. തോട്ടം അധികാരികളുടെ അനുമതിയോടെ,​ നിശ്ചിത ഫീസടച്ചാൽ തേയിലത്തോട്ടത്തിലും ഫാക്ടറിയിലും പ്രവേശനം അനുവദിക്കും. ട്രക്കിംഗ് താത്പര്യമുള്ളവർക്ക് 'ബോസ് പീക്കി"നു മുകളിൽ കയറുകയും ചെയ്യാം. ഞങ്ങൾ കയറിയില്ല. മലയുടെ മുകളിൽ കയറിയ ചിലരെ കണ്ടപ്പോൾ,​ പറഞ്ഞത് ഭൂലോകത്തിന്റെ നെറുകയിൽ കയറിയ അനുഭവം ആണെന്നാണ്.

ലാവണ്യത്തിന്റെ ശ്യാമതീരം

സൂര്യോദയത്തിന്റെ അനുഭൂതി പകരുന്ന സുഖശീതളിമയിൽ താഴ്‌വാരത്തിലെത്തി ജീപ്പിൽ കയറി ഏതാണ്ട് 400 മീറ്റർ കഴിയുമ്പോൾ ഇടതുവശത്തായി പൊന്തക്കാടുകൾക്കിടയിലൂടെ ഒരു ചെറിയ നടപ്പാത കാണാം. ശബരിമലയ്ക്ക് വടക്കുള്ള പുല്ലുമേട്ടിലും സൂര്യനെല്ലിക്കടുത്തുള്ള മീശപ്പുലി മലയിലും മറ്റും കാണുന്ന വലിയ പുല്ലുകൾ കൈകൊണ്ട് വകഞ്ഞുമാറ്റി മുന്നോട്ടു നടക്കണം. ഏതാണ്ട് 150 അടി കഴിയുമ്പോൾ പിന്നെ കുത്തനെ ഇറക്കമാണ്. അവിടെ നിന്ന് നോക്കിയാൽ വിശ്വസിക്കാനാവാത്ത ഒരു വിസ്മയലോകം മുന്നിൽ തെളിയും. സഹ്യപർവതത്തിന്റെ താഴ്‌വാരങ്ങളിൽ നോക്കെത്താദൂരം കാർഷിക സമ്പന്നതയുടെ ഹരിതാഭമായ നിറക്കൂട്ടുകൾ. നെല്ലും വാഴയും കരിമ്പും പച്ചക്കറികളും മുന്തിരിത്തോട്ടങ്ങളും വിശാലമായ തെങ്ങിൻ പുരയിടങ്ങളും മാന്തോപ്പുകളും... ആ മായാലോകത്തിന്റെ വിദൂരദൃശ്യം മനസിൽ നിന്നു മായുന്നില്ല.
കൊളുക്കുമലയിലെ കുളിരുള്ള കാറ്റ്,​ അസ്ഥികളിൽ അരിച്ചിറങ്ങുന്ന കോടമഞ്ഞിന്റെ നിറസാന്നിദ്ധ്യം, ചക്രവാള സീമകളിൽ തൊട്ടുരുമ്മി നില്ക്കുന്ന നീലിമയാർന്ന തവിട്ടുനിറത്തിലുള്ള അത്യാകർഷകമായ മൊട്ടക്കുന്നുകൾ. കാറ്റിന്റെ ഗതിയിൽ കൈയെത്തും ദൂരത്ത് നമ്മെ തഴുകി പാഞ്ഞുനടക്കുന്ന വെള്ളിമേഘങ്ങൾ... ഈ മനോഹാരിതകളൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന നിസംഗഭാവത്തിൽ,​ പാറക്കൂട്ടങ്ങൾക്കിടയിലെ പുൽത്തകിടികളിൽ മേഞ്ഞുനടക്കുന്ന നൂറുകണക്കിന് കന്നുകാലികൾ... പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത പ്രപഞ്ചശില്പിയുടെ വിരുതും വശ്യചാരുതയും പടരുന്ന കൊളുക്കുമല സൗന്ദര്യത്തിന്റെ സ്വർഗഭൂമി തന്നെ!

(ലേഖകന്റെ ഫോൺ: 94470 37877)

TAGS: MUNNAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.