ആളുകൾക്ക് എറെ ഇഷ്ടപ്പെട്ട പഴങ്ങളാണ് ഓറഞ്ച്, മുന്തിരി, നാരങ്ങ, മുസംബി തുടങ്ങിയവ.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയുടെ കലവറയാണ് സിട്രസ് പഴങ്ങൾ. അവ പ്രതിരോധശേഷി, ചർമ്മാരോഗ്യം, ഹൃദയത്തിന്റെ ആരോഗ്യം, ദഹനം എന്നിവ മെച്ചപ്പെടുത്തന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവ സമീകൃതമായ ഒരു ഭക്ഷണ ക്രമത്തിന് അത്യാവശ്യമാണ്.
സിട്രിക് ആസിഡിന്റെ അളവ് വളരെ കൂടുതലുള്ളതിനാൽ ശരീരത്തിന്റെ വീക്കം കുറയ്ക്കൽ, ഹൃദയാരോഗ്യം, ദഹനം തുടങ്ങിയവയുടെ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് അത്യുത്തമമാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ചില അപകടസാധ്യതകളും ഈ പഴങ്ങൾക്കുണ്ട്.
ഈ പഴങ്ങളുടെ അമിത ഉപയോഗം മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാം. ദഹന നാളത്തിലെ അസ്വസ്ഥത, പല്ലിന്റെ ഇനാമൽ നശിപ്പിക്കൽ, അലർജി തുടങ്ങി പ്രശ്നങ്ങൾക്കും ഇവയുടെ അമിത ഉപഭോഗം കാരണമായേക്കാം.
മരുന്നുകളോടുള്ള പ്രതികരണം
2013 -ൽ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ മുന്തിരി, മരുന്നുകളുടെ പ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെപ്പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം, ചില സിട്രസ് പഴങ്ങൾ പ്രത്യേകിച്ച് മുന്തിരി, 85- ലധികം മരുന്നുകളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തും.
സിട്രസ് പഴങ്ങളിൽ, പ്രത്യേകിച്ച് മുന്തിരിപ്പഴത്തിൽ, ചെറുകുടലിലെ സൈറ്റോക്രോം P450 3A4 (CYP3A4) എൻസൈമിനെ തടയാൻ കഴിയുന്ന ഫ്യൂറാനോകൗമറിനുകൾ എന്ന പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
പല മരുന്നുകളുടെയും വിഘടിപ്പിക്കലിന് ഈ എൻസൈം അത്യാവശ്യമാണ്. ഇത് തടയപ്പെടുമ്പോൾ, രക്തത്തിലെ മരുന്നുകളുടെ അളവ് ഉയർന്നേക്കാം, ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കൽ, പേശികൾ,വൃക്കകൾ എന്നിവയ്ക്ക് തകരാർ പോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്കും ഇത് കാരണമാകും. സ്റ്റാറ്റിനുകൾ അല്ലെങ്കിൽ കാൽസ്യം ചാനൽ ബ്ലോക്കറുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്ന ആളുകൾ മുന്തിരി കഴിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്‌ധരെ സമീപിക്കണം.
പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നു
ഓറഞ്ച്, നാരങ്ങ എന്നിവയുൾപ്പെടെയുള്ള സിട്രസ് പഴങ്ങളുടെ ഉയർന്ന അസിഡിറ്റി ക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. സിട്രസ് പഴങ്ങളുടെ അമിത ഉപഭോഗം പല്ലിൽ കേടുപാടുകൾക്കും നിറവ്യത്യാസത്തിനുമുളള സാധ്യത വർദ്ധിപ്പിക്കുന്നു.ഇത് തടയുന്നതിന് സിട്രസ് പഴങ്ങൾ മിതമായി കഴിക്കൽ, കഴിച്ചതിനുശേഷം വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകൽ, അസിഡിറ്റി ഉള്ള പഴങ്ങൾ കഴിച്ച ഉടൻ പല്ല് തേയ്ക്കുന്നത് ഒഴിവാക്കൽ തുടങ്ങി മാർഗ്ഗങ്ങൾ സ്വീകരിക്കാം.
ദഹനനാളത്തിലെ അസ്വസ്ഥത
സിട്രസ് പഴങ്ങളുടെ അമിത ഉപഭോഗം ദഹനവ്യവസ്ഥയെ മോശമായി ബാധിച്ചേക്കാം. ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് അത്തരം പ്രശ്നങ്ങൾ പെട്ടെന്ന് പിടിപെടാൻ ഇടയുള്ള വ്യക്തികളെ കൂടുതൽ ബാധിക്കാം. ഉയർന്ന അസിഡിറ്റിയും നാരുകളുടെ അളവും കൂടിച്ചേർന്ന് വയറു വീർക്കൽ, മലബന്ധം,വയറിളിക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ദഹനപ്രശ്നങ്ങൾക്ക് സാധ്യതയുള്ള വ്യക്തികൾ അവയുടെ ഉപഭോഗം മിതപ്പെടുത്തുന്നത് നന്നായിരിക്കും
അലർജിക് പ്രതികരണങ്ങൾ
ചില ആളുകൾക്ക് ചർമ്മത്തിലെ തിണർപ്പ്, വീക്കം, അല്ലെങ്കിൽ ശ്വാസതടസ്സം, തുമ്മൽ പോലുള്ള ശ്വസന പ്രശ്‌നങ്ങൾക്ക് സിട്രസ് പഴങ്ങൾ കാരണമായേക്കാം. ഇത്തരം പ്രശ്നങ്ങൾ അപൂർവമാണെങ്കിലും, ഉടനടി വൈദ്യസഹായം ആവശ്യമാണ്. ഭക്ഷണത്തിൽ അലർജി സംഭവിക്കാൻ സാധ്യതയുള്ളവർ സിട്രസ് ഉപഭോഗത്തെ ജാഗ്രതയോടെ സമീപിക്കണം. സിട്രസ് പഴങ്ങൾ കഴിച്ചതിനുശേഷം എന്തെങ്കിലും അലർജിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പെട്ടെന്നു തന്നെ ഒരു ആരോഗ്യ വിദഗ്ദ്‌ധനെ സമീപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |