കണ്ണൂർ: മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം. മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോർത്ത് എൽപി സ്‌കൂളിന് സമീപം കുണ്ടൻചാലിൽ ജാനു (85) ആണ് മരിച്ചത്. ജാനുവിന്റെ മകൾ പുഷ്‌പയുടെ 41-ാം ചരമദിനച്ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. ക്യാൻസർ ബാധിച്ചായിരുന്നു പുഷ്‌പ മരിച്ചത്.
ചടങ്ങിനായി ജാനുവിന്റെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ബന്ധുക്കൾ എത്തിയിരുന്നു. ചടങ്ങിനുവേണ്ടിയുള്ള സാധനങ്ങളുമായി എത്തിയ മിനി ലോറി വീടിന് സമീപം തിട്ടയിൽ നിർത്തിയതിന് പിന്നാലെയാണ് അപകമുണ്ടായത്. ലോറി നിർത്തിയിട്ടതിന് ശേഷം അവിടെ വച്ചിരിക്കുകയായിരുന്ന സ്‌കൂട്ടർ മാറ്റാൻ ഡ്രൈവർ പുറത്തിറങ്ങി. ഇതിനിടെ ലോറി ഉരുണ്ട് മുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. റോഡിനോട് ചേർന്നുള്ള അലക്കുക്കല്ലിന്റെ മുൻഭാഗത്ത് തടഞ്ഞാണ് വാഹനം നിന്നത്.
ഈ സമയം അവിടെനിന്ന് തുണി അലക്കുകയായിരുന്നു ജാനു. വാഹനത്തിന് അടിയിൽപ്പെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു, തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ചൊക്ളി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും പിന്നാലെ കണ്ണൂർ ചാലയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാനുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുപറമ്പിൽ നടക്കും. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മറ്റു മക്കൾ: രവീന്ദ്രൻ, ശ്രീമതി, സുരേന്ദ്രൻ, അനീഷ്. മരുമക്കൾ: നളിനി, മുകുന്ദൻ, ഷൈജ, അനിത, പരേതനായ സോമൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |