മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബിസിസിഐ. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളും വാതുവയ്പ്പും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ നിലവിലെ സ്‌പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു.
സെപ്തംബര്‍ ഒമ്പതിന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കുന്നത്. അതിന് മുമ്പ് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനായില്ലെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സ്‌പോണ്‍സര്‍മാരുടെ സ്ഥാനം വെറുതേ കിടക്കും.
അതുകൊണ്ട് തന്നെ ഏഷ്യാകപ്പിന് മുമ്പ് പുതിയ സ്‌പോണ്‍സര്‍മാരുമായി കരാറില്‍ എത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. പുതിയ സ്‌പോണ്‍സറെ തേടുമ്പോള്‍ സ്ഥിരതയുള്ള ഒരു കമ്പനി എന്നതാണ് പ്രധാനമായും ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ജിയോ സ്‌പോണ്‍സര്‍ഷിപ്പ് റൈറ്റ്‌സിനായി രംഗത്തുണ്ട്.
പ്രധാനമായും രണ്ട് കമ്പനികള്‍ സ്പോണ്‍സര്‍മാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. ഓട്ടോമൊബൈല്‍ നിര്‍മാണകമ്പനിയായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് എന്നീ കമ്പനികളാണ് സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തുള്ളത്.
2023ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി ചെലവിട്ടാണ് ഡ്രീം ഇലവന്‍ കരാറിലെത്തിയത്. കാലാവധി തീരും മുമ്പ് കരാര്‍ അവസാനിപ്പിച്ചെങ്കിലും കമ്പനി പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല.
കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും കമ്പനി ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |