അതിരപ്പിള്ളി: വിനോദ സഞ്ചാരത്തിന്റെ നാട്ടിൽ വമ്പൻ റിസോർട്ടുകളോട് കിടപിടിക്കാൻ ഇനി പഞ്ചായത്തിന്റെ വിശ്രമ കേന്ദ്രം. പെരിങ്ങൽക്കുത്ത് വൈദ്യുതി ഉത്പ്പാദന കേന്ദ്രത്തിന്റെ കവാടത്തിൽ പുളിയിലപ്പാറയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ വിശ്രമ കേന്ദ്രം നിർമ്മാണം പൂർത്തിയാക്കിയത്.
അതിരപ്പിള്ളി മുതൽ 50 കിലോമീറ്റർ അകലെയുള്ള മലക്കപ്പാറ വരെ വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഇടമില്ലാത്ത വലിയൊരു പ്രശ്നത്തിന് ഇതോടെ പരിഹാരമാവുകയാണ്. പ്രാഥമിക സൗകര്യങ്ങൾക്കും കുളിക്കാനും ഇവിടെ സംവിധാനമുണ്ട്. വിവിധ മതസ്ഥരുടെ പ്രാർത്ഥനകൾക്കും പ്രത്യേകം മുറികളുണ്ടാകും. ലഘുപാനീയങ്ങളും ഭക്ഷണ പദാർത്ഥങ്ങളും ലഭിക്കും.
അതിരപ്പിള്ളി-മലക്കപ്പാറ വിനോദ സഞ്ചാരം സംബന്ധിച്ച രേഖകളും നിർദ്ദേശങ്ങളും ഇവിടെ ലഭ്യമാക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. 1.20 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലാണ് നിർമ്മാണം. വനം വകുപ്പ് വിട്ടുനൽകിയ ഇരുപത് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ നാല് വർഷത്തെ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ മനോഹര സൗധം ഭിന്നശേഷി സൗഹൃദമാണ്. ഇപ്പോൾ നടത്തിപ്പ് പഞ്ചായത്ത് നേരിട്ടാണെങ്കിലും വൈകാതെ കുടുംബശ്രീയെ ഏൽപ്പിക്കും. വ്യാഴാഴ്ച രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും.
പുളിയിലപ്പാറ വഴിയോര വിശ്രമ കേന്ദ്രം
.........
3 നിലകൾ. കഫറ്റീരിയ, വിശ്രമമുറി, ഓപ്പൺ ടെറസ്, പാർക്കിംഗ് സൗകര്യം.
.............
വിനോദ സഞ്ചാരികൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിൽ വിശ്രമ കേന്ദ്രങ്ങളോ പ്രാഥമിക ആവശ്യങ്ങൾക്കോ സംവിധാനമില്ല. വാഴച്ചാലിലും ഇതുതന്നെ അവസ്ഥ. അതിരപ്പിള്ളിയിലെ കെ.ടി.ഡി.സിയുടെ റിസോർട്ട് നിർമ്മാണം പത്തു വർഷമായിട്ടും പൂർത്തിയായില്ല. ഇവിടെ നിന്നും മലക്കപ്പാറ വരെ യാത്ര ചെയ്യുന്നവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ നട്ടം തിരിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |