തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായെത്തിയ 11 ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 17 ആർ.ടി.ഓഫീസിലും 64 എസ്.ആർ.ടി ഓഫീസുകളിലും മിന്നൽ പരിശോധന നടത്തിയത്. നിലമ്പൂർ എസ്.ആർ.ടി ഓഫീസ് പരിസരത്ത്, വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപ കണ്ടത്തി. വൈക്കം എസ്.ആർ.ടി ഓഫീസിൽ ജനലിൽ പണമൊളിപ്പിച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതിൽ 21 ഉദ്യോഗസ്ഥർ 7,84,598രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയിട്ടുണ്ട്. മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ഏജന്റുമാർക്കും അനധികൃതമായി സൗകര്യങ്ങൾ ഒരുക്കിയതിനാലാണ് കൈക്കൂലിയെന്നതും പരിശോധനയിൽ കണ്ടെത്തി. 72 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ തുടരന്വേഷണത്തിനും ശുപാർശചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |