കണ്ണൂർ: സെൻട്രൽ ജയിലിൽ അതിക്രമിച്ചു കയറി നിരോധിത വസ്തുക്കൾ മതിൽ വഴി എറിഞ്ഞു കൊടുക്കുന്നതിനിടയിൽ യുവാവ് പിടിയിൽ. കണ്ണൂർ പനങ്കാവ് ശങ്കരൻ കടയ്ക്ക് സമീപത്തെ കെ.അക്ഷയിനെയാണ് (27) ജയിൽ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചത്. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയാണ് സംഭവം.
ജയിൽ നിരോധിത വസ്തുക്കളായ ഫോൺ, ബീഡിക്കെട്ടുകൾ, ഹാൻസ് എന്നിവയാണ് മതിൽകെട്ടിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചത്. ജയിൽ വാർഡർ കണ്ടതിനെത്തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിലാവുകയായിരുന്നു. ഫോണുകൾ ഉൾപ്പെടെ നിരോധിത ലഹരി വസ്തുക്കൾ ജയിലിൽ എത്തുന്നതിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കർശന സുരക്ഷാപരിശോധനകൾ തുടരുമ്പോഴും നിരോധിത വസ്തുക്കളുമായി ജയിൽ പരിസരത്ത് ഇയാൾക്ക് എത്താൻ സാധിച്ചതിനെ വകുപ്പ് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്. പിടിയിലായ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |