ഏഴു വയസുകാരനിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവതി. കിരൺ ഗ്രെവാൽ എന്ന സ്ത്രീയാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വെളിപ്പെടുത്തൽ. എന്താണ് ഈ തലമുറ ഇങ്ങനെ എന്ന് ചോദിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"എന്റെ ഹൗസിംഗ് സൊസൈറ്റിയിൽ നടക്കുമ്പോൾ ആറോ ഏഴോ വയസുള്ള ആൺകുട്ടി എന്നെ വിളിച്ചു. ചുവന്ന ടീഷർട്ടിട്ടവളെ കൂടെ വരുമോയെന്ന് ചോദിച്ചു. തെരുവുകളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്ന മുതിർന്ന പുരുഷന്മാർ സംസാരിക്കുന്ന അതേ രീതി. ചുറ്റുമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഉൾപ്പടെ എല്ലാവരും ചിരിച്ചു. ഇതുകേട്ടതോടെ കുട്ടി വീണ്ടും പറഞ്ഞത് ആവർത്തിച്ചു.
പക്ഷേ എനിക്കത് തമാശയായി തോന്നിയില്ല. കാരണം ഇത്തരം പെരുമാറ്റങ്ങളിൽ നിന്നാണ് ഓരോന്ന് തുടങ്ങുന്നത്. ഇപ്പോഴേ തിരുത്തിയില്ലെങ്കിൽ ഈ കുട്ടി ഒരു ശല്യമായി മാറും. ആൺകുട്ടിയെ വിളിച്ച് ചോദ്യം ചെയ്തതോടെ സെക്യൂരിറ്റി വിഷയത്തിൽ ഇടപെട്ട് മാപ്പ് പറയിച്ചു. പക്ഷേ പാതി മനസോടെയായിരുന്നു മാപ്പ് പറച്ചിൽ.
വിദ്യാസമ്പന്നരായ മാതാപിതാക്കളും നല്ല കുടുംബ പശ്ചാത്തലവുമെല്ലാം ഉണ്ടായിട്ടും ഒരു കൊച്ചുകുട്ടി മുതിർന്ന സ്ത്രീയോട് അശ്ലീലം പറയുന്നു. സെക്യൂരിറ്റി പോലും കരുതുന്നത് ഇതൊരു തമാശയാണെന്നാണ്. അങ്ങനെയല്ല. നമ്മുടെ വീടുകളിലും, സിനിമകളിലും, തെരുവുകളിലും നമ്മൾ സംസാരിക്കുന്നതിന്റെയും പെരുമാറുന്നതിന്റെയും പ്രതിഫലനമാണിത്. മറ്റുള്ളവരെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കണം. സ്ത്രീകളെ മാത്രമല്ല, എല്ലാവരെയും ബഹുമാനിക്കാൻ പറഞ്ഞുകൊടുക്കണം."- എന്നാണ് യുവതി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |