പാലക്കാട്: പ്ലാസ്റ്റിക് ബോക്കെ നൽകിയതിൽ രൂക്ഷവിമർശനവുമായി മന്ത്രി എം ബി രാജേഷ്. നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടാണ് ബൊക്കെ പൊതിഞ്ഞത്. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് പതിനായിരം രൂപ പിഴയീടാക്കണം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. അതിന്റെ മന്ത്രിക്കാണ് ഇത്തരത്തിൽ ബൊക്കെ കൊണ്ടുവന്നുതന്നതെന്നും എം ബി രാജേഷ് വിമർശിച്ചു.
ഒരു തരത്തിലും ന്യായീകരിക്കാത്ത കാര്യമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയെങ്കിലും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തനൂർ പഞ്ചായത്ത് കെട്ടിടവും കുത്തനൂർ കുടുംബശ്രീ കെട്ടിടവും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ബൊക്കെ നന്നായൊന്ന് നോക്കിയ ശേഷം അദ്ദേഹം അത് സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല.
സംഭവം വളരെപ്പെട്ടെന്നുതന്നെ വിവാദമായി. കോൺഗ്രസ് ആണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ സംയുക്തമായിട്ടായിരുന്നു പരിപാടി നടത്തിയത്. പരിപാടിക്ക് മുമ്പ് ബൊക്കെ പരിശോധിക്കാൻ സമയം ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഒരു വീഴ്ച പറ്റി. ഞങ്ങൾ ഗ്രീൻ പ്രോട്ടോക്കോളിന് അനുസരിച്ചാണ് പരിപാടി നടത്തിയത്. ആ ഒരു വീഴ്ചയെ പരസ്യമായി പറയേണ്ടായിരുന്നു. ഒരനിയന് തെറ്റുപറ്റിയാൽ ആ രീതിയിൽ പറഞ്ഞാൽ തീരുന്ന പ്രശ്നമായിരുന്നു.'- അദ്ദേഹം പറഞ്ഞു. പിഴയീടാക്കാൻ സെക്രട്ടറിയോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |