SignIn
Kerala Kaumudi Online
Thursday, 28 August 2025 12.22 AM IST

അപമാനിക്കലല്ല അഭിപ്രായ സ്വാതന്ത്ര്യം

Increase Font Size Decrease Font Size Print Page
samay

നമ്മുടെ അവകാശങ്ങളും കടമകളും തമ്മിൽ വേർതിരിക്കുന്ന പരിധികളെക്കുറിച്ച് ഓരോ പൗരനും ബോധമുണ്ടായിരിക്കണം. അഭിപ്രായ സ്വാതന്ത്ര്യ‌ം ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഒരു അവകാശമാണ്. എന്നാൽ അത് ആരെക്കുറിച്ചും എന്തും പറയുവാനുള്ള അവകാശമല്ല. ഒരു വ്യക്തിയുടെ അന്തസും മാന്യതയും മാനിക്കാതെയുള്ള അഭിപ്രായപ്രകടനം നടത്തുക എന്നത് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിരമിക്കുന്നവർക്ക് ഒരു വിനോദം പോലെയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെങ്കിൽപ്പോലും അധിക്ഷേപകരവും അങ്ങേയറ്റം പരിഹാസ്യവുമായ വാക്കുകൾ പ്രയോഗിക്കാൻ പാടുള്ളതല്ല. യു ട്യൂബിലും മറ്റും ഇൻഫ്ളുവൻസർമാരായി വരുന്നവർ അവർക്കു തോന്നുന്നത് ബെല്ലും ബ്രേക്കുമില്ലാതെ വിളിച്ചുപറയുന്ന ഒരു രീതിയാണ് ഇപ്പോൾ പൊതുവെ നിലവിലുള്ളത്. രാജ്യത്തെ പരമോന്നത കോടതി ഈ പ്രവണതയ്ക്ക് കഴിഞ്ഞ ദിവസം ഒരു ഉത്തരവിലൂടെ കടിഞ്ഞാണിട്ടിരിക്കുകയാണ്.

സമൂഹ മാദ്ധ്യമ ഇൻഫ്ളുവൻസർമാർ ആകുന്നവർക്ക് വരുമാനമുണ്ടാക്കാൻ എന്തും പറയാനുള്ള സ്വാതന്ത്ര്യ‌മില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇവർക്ക് അതിർവരമ്പിടുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയും ചെയ്തു. ഭിന്നശേഷിക്കാരെയും സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗികളെയും കാഴ്‌ച വെല്ലുവിളി നേരിടുന്നവരെയും പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്" അവതാരകൻ സമയ് റെയ്‌ന, യു ട്യൂബർ രൺവീർ അലാബാദിയ എന്നിവരടക്കം അഞ്ച് ഇൻഫ്ളുവൻസർമാർക്കെതിരെയുള്ള കേസാണ് കോടതി പരിഗണിച്ചത്.

എസ്.എം.എ രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്യുയർ എസ്.എം.എ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് പരാതി നൽകിയിരുന്നത്. ഭിന്നശേഷിക്കാരെ അവരുടെ വൈകല്യങ്ങളുടെ പേരിൽ പരിഹാസ്യ കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നത് നിറുത്തണമെന്ന മുന്നറിയിപ്പ് കോടതി നേരത്തേ തന്നെ നൽകിയിരുന്നു.

ഇത്തരം രോഗികളെക്കുറിച്ച് അധമ പരാമർശം നടത്തിയതിന്റെ പേരിൽ മഹാരാഷ്ട്ര, അസാം എന്നീ സംസ്ഥാനങ്ങളിൽ പൊലീസ് സമയ് റെയ്‌നയ്ക്കും രൺവീർ അലാബാദിയയ്ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിന് ഇടക്കാല വിലക്ക് കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഇവരുടെ പദപ്രയോഗങ്ങൾ വൃത്തികെട്ട മനസിന്റെ പ്രതിഫലനമാണെന്നും സമൂഹത്തിന് നാണക്കേട് സൃഷ്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അഞ്ചുപേരും തങ്ങളുടെ പോഡ്‌കാസ്റ്റുകളിലോ ഷോകളിലോ നിരുപാധികം മാപ്പ് പറയണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരെ അപമാനിച്ചതിന് പിഴചുമത്തുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും വ്യക്തമാക്കി. മറ്റൊരാളുടെ അന്തസ് ഇടിച്ചുതാഴ്‌‌ത്തുന്ന തമാശകളല്ല പറയേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇൻഫ്ളുവൻസർമാർ വരുത്തുന്ന അപമാനത്തിനും ദോഷത്തിനും ആനുപാതികമായ ശിക്ഷ ഐ.ടി നിയമത്തിൽ വേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

'നമ്മളും ചിരിക്കാറുണ്ട്. എന്നാൽ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞു ചിരിക്കുകയും മര്യാദ ലംഘിക്കുകയും ചെയ്യുമ്പോൾ പ്രശ്നമാകുമെന്ന് ഇൻഫ്ളുവൻസർമാർ ഓർമ്മിക്കണം. അഭിപ്രായപ്രകടനത്തെ അവർ കച്ചവടവൽക്കരിക്കുന്നു. അതിനെ അഭിപ്രായ സ്വാതന്ത്ര്യ‌മെന്ന് പറയാനാവില്ല"- ജസ്റ്റിസ് ബാഗ്‌ചി പറഞ്ഞു. ആർക്കെതിരെയാണോ പറയുന്നത്,​ അവരെപ്പോലും ചിരിപ്പിക്കാൻ പോന്നതായിരിക്കുംനിലവാരമുള്ള തമാശകൾ. എന്നാൽ തമാശയുടെ പേരിൽ ഒരു വ്യക്തിയുടെ മാന്യതയെ കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. മാത്രമല്ല,​ കുടുംബത്തിലുള്ള മറ്റംഗങ്ങളെപ്പോലും പരിഹസിക്കുന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ സംസാരിക്കാറുണ്ട്. ഇതൊക്കെ സ്വയം നിയന്ത്രിക്കാൻ ഇവർ തയ്യാറായില്ലെങ്കിൽ നിയമം മൂലം നിയന്ത്രിക്കപ്പെടേണ്ടതാണ്. വിശദമായ ചർച്ചകൾക്കു ശേഷം വേണം ഇവരെ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്രം തയ്യാറാക്കേണ്ടത്.

TAGS: SAMAY, SUPREM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.