
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പുതുക്കലിനായി (എസ്.ഐ.ആർ) ബി.എൽ.ഒമാർ അധികസമയം ജോലി ചെയ്യാൻ നിർബന്ധിതമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കണം. രണ്ടാംഘട്ട എസ്.ഐ.ആർ നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബി.എൽ.ഒമാരുടെ ജോലി സമ്മർദ്ദം കുറയ്‌ക്കാനാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. തമിഴ്നാട്ടിലെ ബി.എൽ.ഒമാരുടെ ബുദ്ധിമുട്ടുകൾ നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ പാർട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.ഐ.ആർ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന്, കൃത്യമായ കാരണങ്ങൾ കാണിച്ച് അപേക്ഷ നൽകിയാൽ സർക്കാർ അക്കാര്യം ഗൗരവത്തോടെ പരിഗണിക്കണം. പകരം മറ്റാെരാളെ നിയോഗിക്കണം. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ സർക്കാർ പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലും അടക്കം ബി.എൽ.ഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിനിടെയാണിത്. തിരഞ്ഞെടുപ്പ് കമ്മിഷന് എസ്.ഐ.ആർ പ്രക്രിയ ഒറ്റയ്‌ക്ക് നിർവഹിക്കാനാകില്ല. സർക്കാർ ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്. കൂടുതൽ ജീവനക്കാരുടെ ആവശ്യമുണ്ടെങ്കിൽ അതു നൽകാൻ സംസ്ഥാനങ്ങൾ ബാദ്ധ്യസ്ഥമാണെന്നും കോടതി നിരീക്ഷിച്ചു. കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് ഹർജിയെ എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല.
ജീവനൊടുക്കിയത് 40 ബി.എൽ.ഒമാർ
ജോലി സമ്മർദ്ദം കാരണം തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും അങ്കണവാടി ജീവനക്കാരും അദ്ധ്യാപകരുമാണെന്ന് ടി.വി.കെയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു. 40ൽപ്പരം ബി.എൽ.ഒമാർ ആത്മഹത്യ ചെയ്‌തുവെന്നാണ് കണക്ക്. സമയബന്ധിതമായി ജോലി പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ജീവനക്കാർക്ക് നോട്ടീസ് നൽകുന്നു. ഉത്തർപ്രദേശിൽ ബി.എൽ.ഒമാർക്കെതിരെ 50 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു. വിവാഹത്തിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്തും ആത്മഹത്യയുണ്ടായെന്നും അഭിഭാഷകൻ അറിയിച്ചു.
ആത്മഹത്യ ചെയ്‌ത ബി.എൽ.ഒമാരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യം പിന്നീട് പരിഗണിക്കും. കുടുംബങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് സുപ്രീംകോടതിയിൽ ഹർജികളെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |