ന്യൂഡൽഹി: ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണെന്നും എന്നാൽ,യുദ്ധത്തിനെതിരല്ലെന്നും സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. 'നിങ്ങൾ സമാധാനം ആഗ്രഹിക്കുന്നെങ്കിൽ, യുദ്ധത്തിന് തയ്യാറെടുക്കണം' എന്ന ലാറ്റിൻ ഉദ്ധരണിയും അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്ധ്യപ്രദേശിലെ മിലിറ്ററി ഹെഡ്ക്വാർട്ടേഴ്‌സ് ഒഫ് വാർഫെയർ ആർമി വാർ കോളേജിൽ രൺ സംവാദ്-2025 സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ഒരു ആധുനിക സംഘർഷമായിരുന്നുവെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ചൗഹാൻ പറഞ്ഞു. ഭാവിയിലെ സുരക്ഷാ ഭീഷണികളോടുള്ള ഇന്ത്യയുടെ പ്രതികരണം അതിവേഗത്തിലും നിർണായകവുമായിരിക്കണം. കരയിലും സമുദ്രത്തിലും വായുവിലുമുള്ള യുദ്ധസ്വഭാവം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ചൗഹാൻ ആധുനിക സംഘർഷങ്ങളുടെ നാല് പ്രവണതകൾ വിശദീകരിക്കുകയും ചെയ്തു. ഹ്രസ്വകാല സംഘർഷങ്ങൾ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടാക്കാൻ സഹായിക്കുമെന്ന വിശ്വാസത്തിൽ രാജ്യങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കാനുള്ള പ്രവണത കൂടി. യുദ്ധവും സമാധാനവും തമ്മിൽ പരമ്പരാഗതമായുണ്ടായിരുന്ന വ്യത്യാസം മങ്ങി. മുൻകാല യുദ്ധങ്ങളിൽ ആശയങ്ങൾക്കോ പ്രദേശത്തിനോ വേണ്ടി സൈനികരും സാധാരണക്കാരും ത്യാഗം ചെയ്തിരുന്നെങ്കിൽ ഭാവിയിലെ യുദ്ധങ്ങൾ ജനങ്ങളുടെ പിന്തുണയെയും പ്രതിരോധശേഷിയെയും ആശ്രിച്ചാണ്. വിജയത്തിന്റെ അളവുകോലിലുള്ള മാറ്റമാണ് അവസാനത്തേത്. കൊല്ലപ്പെട്ടവരുടെ എണ്ണവും പിടികൂടിയ സൈനികരുടെ എണ്ണവും കണക്കാക്കിയാണ് മുൻകാല യുദ്ധങ്ങൾ വിലയിരുത്തിയിരുന്നത്. പുതിയ കാലത്ത് ഓപ്പറേഷന്റെ വേഗവും വിദൂരങ്ങളിലേക്കുള്ള കൃത്യതയാർന്ന ആക്രമണങ്ങളുടെ ഫലവുമാണ് വിജയത്തിന്റെ അളവുകോലുകൾ- ചൗഹാൻ വിശദീകരിച്ചു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്ര ഒരേ സമയം വാളും പരിചയുമാണെന്ന് ചൗഹാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |