കാസർകോട്: ലൈംഗിക പീഡനക്കേസുകളിൽ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ ലംഘിച്ചുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കൃഷ്‌ണകുമാറിനെതിരായ പീഡന പരാതിയെക്കുറിച്ചായിരുന്നു സന്ദീപിന്റെ പ്രതികരണം. നിയമം ലംഘിച്ച കൃഷ്‌ണകുമാറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
'ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്‌ണകുമാർ വിശദാംശങ്ങൾ പുറത്ത് പറഞ്ഞത്. പൊലീസ് ക്രിമിനൽ കേസെടുക്കണം. കൃഷ്‌ണകുമാറിന്റെ ഭാര്യ മിനിയുടെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞതുകൊണ്ടാണ് ആദ്യം കേസ് ഒതുങ്ങിപ്പോയത്. സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണുള്ളത്. ലൈംഗിക പീഡനക്കേസിൽ കൃഷ്‌ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്‌ണകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം എസ്‌പി ഓഫീസിൽ ഇപ്പോഴും നടത്തുന്നുണ്ട്. പെൺകുട്ടിയുടെ പരാതിയെക്കുറിച്ച് ശോഭാ സുരേന്ദ്രനും എംടി രമേശിനും അറിയാം. കേരള ബ്രിജ് ഭൂഷനാണ് കൃഷ്‌ണകുമാർ. വെണ്ണക്കരയിൽ ഉണ്ടായ സംഭവം എന്താണെന്നും എന്തിനാണ് കൃഷ്‌ണകുമാറിന്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിലെത്തിയത്?'- സന്ദീപ് വാര്യർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സി കൃഷ്‌ണകുമാറിനെതിരെയും പരാതി വന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. ഇത് വ്യാജ പരാതിയാണെന്നും സ്വത്ത് തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് കൃഷ്‌ണകുമാർ പ്രതികരിച്ചത്. 2014ലാണ് ഇതേ പരാതി ആദ്യം വന്നത്. അന്ന് കോടതി ഈ ആരോപണങ്ങൾ തള്ളിയെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |