കർണാടക നിയമസഭയിൽ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആർ.എസ്.എസ് ശാഖകളിൽ ചൊല്ലുന്ന പ്രാർത്ഥന പാടിക്കേൾപ്പിച്ചത് വാർത്തയായിരുന്നു. പ്രതിപക്ഷത്തുള്ള ബി.ജെ.പി അംഗങ്ങൾ അത് ആസ്വദിച്ചപ്പോൾ ഭരണപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ തെല്ലത്ഭുതത്തോടെയാണത്രേ തങ്ങളുടെ നേതാവിന്റെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ ആർ.എസ്.എസ് പശ്ചാത്തലത്തെക്കുറിച്ച് പരാമർശമുണ്ടായപ്പോഴാണ് ശിവകുമാർ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രാർത്ഥന സഭയിൽ ആലപിച്ചത്. സംസ്ഥാന നിയമസഭകളിലും ഇന്ത്യൻ പാർലമെന്റിലും ആർ.എസ്.എസ് ചർച്ചാവിഷയമാവുന്നത് പണ്ടും ഇന്നും പതിവാണ്. കേരള നിയമസഭ 'ആർ.എസ്.എസ് പ്രശ്ന"ത്തെപ്പറ്റി പണ്ടൊരിക്കൽ മണിക്കൂറുകൾ നീണ്ട പ്രത്യേക ചർച്ച തന്നെ സംഘടിപ്പിച്ചിരുന്നു.
ശിവകുമാർ ഇപ്പോൾ കോൺഗ്രസുകാരൻ ആയതുകൊണ്ടാവാം അദ്ദേഹത്തിന്റെ പ്രവൃത്തി അതിശയം ഉളവാക്കിയതും വാർത്തയായതും. വാസ്തവത്തിൽ കോൺഗ്രസുകാർക്ക് ആർ.എസ്.എസ് അനഭിതമാവേണ്ട കാര്യമില്ല. റിപ്പബ്ലിക് ദിന പരേഡിൽ പണ്ട് ആർ.എസ്.എസിനെ പങ്കെടുപ്പിച്ചത് സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെയാണ്. തുടർന്ന് കോൺഗ്രസിൽ നിന്ന് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ ഭരണകാലത്താണ് ഇന്തോ - പാക് യുദ്ധവേളയിൽ ഡൽഹിയിലെ ഗതാഗത നിയന്ത്രണം ആർ.എസ്.എസിനെ ഏല്പിച്ചത്. ഡോക്ടർജി എന്നറിയപ്പെടുന്ന ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗവാർ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്.
പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ ചില അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി അയച്ചത് ആർ.എസ്.എസുകാരനായ അടൽ ബിഹാരി വാജ്പേയിയെ ആയിരുന്നു. പക്ഷെ ഇന്ന് ആർ.എസ്.എസ് എന്നു കേട്ടാൽ കോൺഗ്രസുകാർക്ക് കലിയിളകുന്നു. ദേശവിരുദ്ധ താത്പര്യമോ ദേശാന്തരീയ വിധേയത്വമോ പുലർത്താത്ത ഏത് രാഷ്ട്രീയ കക്ഷിയിലും പ്രവർത്തിക്കാൻ ആർ.എസ്.എസ് അതിന്റെ പ്രവർത്തകരെ അനുവദിച്ചിട്ടുണ്ട്. സംഘടനയിൽ, ചുമതല വഹിക്കുന്നവരെ മാത്രമാണ് മറ്റ് സംഘടനകളിൽ ഭാരവാഹികളാവുന്നതിൽ നിന്ന് വിലക്കിയിട്ടുള്ളത്.
സംഘടനയ്ക്ക് പുറത്തുള്ളവർ ആർ.എസ്.എസ് എന്നും അകത്തുള്ളവർ ആദരവോടെ സംഘം എന്നും വിളിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘം രൂപീകൃതമായിട്ട് വരുന്ന വിജയദശമി നാളിൽ നൂറുവർഷം പൂർത്തിയാവുയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരമ്പരയോടെ കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ തുടക്കം കുറിച്ചു. ലോകത്ത് എഴ് അത്ഭുതങ്ങൾ ഉണ്ടെന്നാണല്ലോ പൊതുവെ അറിയപ്പെടുന്നത്. അവയിൽ ഒന്നാണ് ഇന്ത്യയിലെ താജ് മഹൽ. ഈ ഏഴ് ലോകാത്ഭുതങ്ങൾക്ക് പുറമേ, ഇന്ത്യയിലുള്ള മറ്റൊരു മഹാത്ഭുതമായി ആർ.എസ്.എസിനെ വിശേഷിപ്പിക്കാവുന്നതാണ്.
ഏഷ്യയിൽ എന്നല്ല, ലോകത്തൊരിടത്തും ഒരു കാലത്തും, ഇത്ര ബൃഹത്തായ ഒരു സംഘടിത പ്രസ്ഥാനം വേറെ ഉണ്ടാവില്ല. ഇത്രയേറെ വിഭിന്നവും വ്യത്യസ്തവുമായ രംഗങ്ങളിൽ പ്രവർത്തനമുള്ള സംഘടനയും മറ്റൊന്നില്ല. അസാധാരണവും അനുപമവുമായ വ്യക്തിത്വങ്ങളെ രാഷ്ട്രത്തിന് വിവിധ രംഗങ്ങളിൽ സംഭാവന ചെയ്യുന്നതും ചെയ്തതുമായ സാധാരണക്കാരുടെ ഈ സംഘടനയിൽ ഔപചാരികമായ അംഗത്വമില്ല. അതുകൊണ്ടുതന്നെ അംഗങ്ങളുടെ പട്ടികയോ രേഖയോ ഒന്നുമില്ല. അംഗത്വ ഫീസുമില്ല. വർഷത്തിൽ ഒരിക്കൽ, 'ഗുരുപൂർണിമ"യോട് അനുബന്ധിച്ച് സമർപ്പിക്കുന്ന 'ഗുരുദക്ഷിണ"യാണ് വരുമാനം.
ആർ.എസ്.എസ് ഒരു മാതാധിഷ്ഠിത സംഘടന അല്ലേയല്ല. അതിന്റെ പ്രവർത്തകർക്കോ അനുയായികൾക്കോ മത ബോധനമോ മതാനുശാസനമോ നൽകുന്നില്ല. സ്വരാജ്യസ്നേഹം, സ്വാഭിമാനം, ദേശീയ പൈതൃകത്തോടും സംസ്കാരത്തോടും പ്രതിബദ്ധത, സ്വഭാവശുദ്ധി, അച്ചടക്കം എന്നിവയിലാണ് ആർ.എസ്.എസിന്റെ ഊന്നൽ. അതിൽ വിട്ടുവീഴ്ചയ്ക്കോ വെള്ളം ചേർക്കലിനോ അനുവാദമില്ല. പിന്നെ, മഹാത്മാ ഗാന്ധി വധത്തിന് ഉത്തരവാദികൾ എന്നതുപോലെയുള്ള പഴകി ചീഞ്ഞതും, ഭാരതീയ ജനത എന്നേ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞതുമായ ആരോപണത്തിന് ഇനി ഇവിടെ മറുപടി പറയുന്നത് അനാവശ്യവും അപഹാസ്യമാവുമാണ്.
ഗാന്ധിജി ഉൾപ്പെടെയുള്ളവർ ആർ.എസ്.എസ് ശാഖകളും ശിബിരങ്ങളും സന്ദർച്ചിട്ടുള്ളതും, പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും ചരിത്രമാണ്. ലോക് നായക് ജയപ്രകാശ് നാരായണൻ സംഘത്തെക്കുറിച്ച് പ്രഖ്യാപിച്ചത് 'ആർ.എസ്.എസ് വർഗീയ സംഘടനയാണെങ്കിൽ ഞാനും ഒരു വർഗീയവാദിയാണ്" എന്നായിരുന്നു. കേരളത്തിലെ, നവോത്ഥന നായകൻ വി. ടി. ഭട്ടതിരിപ്പാട് സംഘത്തിന്റെ വാർഷിക പരിശീലന ശിബിരത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. 'ഇവർ ശുഭ്രവസ്ത്രധാരികളായ സന്യാസിമാർ" എന്നാണ് സ്വാമി ചിന്മയാനന്ദൻ ആർ.എസ്.എസുകാരെ വിശേഷിപ്പിച്ചത്.
ഒരു വ്യക്തിത്വമെന്ന പോലെ തന്നെ ഒരു പ്രസ്ഥാനവും മാറ്റുരയ്ക്കപ്പെടുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണല്ലോ. തെറ്റായ ആരോപണങ്ങൾ ചാർത്തി മൂന്നു പ്രാവശ്യം ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. സമചിത്തതയോടെ, തികച്ചും സമാധാനപരമായാണ് മൂന്ന് നിരോധനങ്ങളെയും സംഘം നേരിട്ടത്. അക്രമം അഴിച്ചുവിടുകയോ അട്ടിമറി പ്രവർത്തനം നടത്തുകയോ ചെയ്തില്ല. അഗ്നിശുദ്ധി വരുത്തി, കൂടുതൽ ചൈതന്യത്തോടെയും ഊർജ്ജസ്വലതയോടെയും കൂടി ശക്തമായ തിരിച്ചുവരവാണ് ആ കടുത്ത പ്രതിസന്ധിഘട്ടങ്ങൾക്കു ശേഷം ആർ.എസ്.എസ് നടത്തിയത്. അതൊക്കെ എഴുതാതെ വയ്യ. എത്ര എഴുതിയാലും തീരുകയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |