കൊച്ചി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആർ.എസ്.എസ് സംഘടിപ്പിക്കുന്ന 'ഹർ ഘർ സമ്പർക്ക് "എന്ന സമ്പർക്കയജ്ഞം അഞ്ചിന് ആരംഭിക്കും. കേരളത്തിൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
മുഴുവൻ വീടുകളിലും പ്രവർത്തകർ ആർ.എസ്.എസ് സന്ദേശമെത്തിക്കും. ശതാബ്ദിയുടെ ഭാഗമായി തയ്യാറാക്കിയ പഞ്ചപരിവർത്തനം എന്ന പദ്ധതിയാണ് ജനങ്ങളിലെത്തിക്കുക. വിജയദശമി ദിനത്തിൽ പതിവായി നടത്തുന്ന പഥസഞ്ചലനങ്ങളേക്കാൾ പ്രാധാന്യം ഒരാഴ്‌ചത്തെ ഗൃഹസമ്പർക്കത്തിന് നൽകാനാണ് നിർദ്ദേശം. ക്ഷണിക്കപ്പെടുന്നവരുമായി ഒക്ടോബർ ഏഴിന് തൃശൂരിലും എട്ടിന് തിരുവനന്തപുരത്തും മോഹൻഭാഗവത് മൂന്നുമണിക്കൂർ സംവാദിക്കും.
ശതാബ്ദി ആഘോഷ പരിപാടികൾ വിജയദശമി ആഘോഷത്തോടെയാണ് ആരംഭിക്കുക.
കേരളത്തിലെ സംഘപ്രവർത്തനചരിത്രം വിവരിക്കുന്ന 'രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ" എന്ന പുസ്‌തകത്തിന്റെ ആദ്യഭാഗം പരിപാടികളിൽ പ്രകാശനം ചെയ്യും. ഒരുവർഷത്തിനിടെ കേരളത്തിൽ ആയിരം ശാഖകൾ വർദ്ധിച്ചതായി ആർ.എസ്.എസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ജൂലായിലെ കണക്കുപ്രകാരം 3,200 ശാഖകളുണ്ട്.
ജേക്കബ് തോമസും
പഥസഞ്ചലനത്തിൽ
മുൻ ഡി.ജി.പി ജേക്കബ് തോമസ് വിജയദശമി മുതൽ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിയാകും. കിഴക്കമ്പലം കുമാരപുരത്ത് നടക്കുന്ന പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആർ.എസ്.എസ്. അതിന്റെ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുമാരപുരത്തെ പഥസഞ്ചലനത്തിന് ശേഷമുള്ള യോഗത്തിൽ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കുമെന്ന് ആർ.എസ്.എസ് വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |