തിരുവനന്തപുരം; എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര, നേമം, പാറശാല,കുഴിത്തുറ യൂണിയനുകളിലെ ശാഖാ നേതൃത്വ സംഗമം അടിച്ചമർത്തപ്പെട്ട ജനതയുടെ ശക്തി സംഗമമായി . ശാഖാ,മൈക്രോ യൂണിറ്റ്, വനിതാ സംഘം ,യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ
നാലായിരത്തിലധികം പേരാണ് പങ്കെടുത്തത്. നെയ്യാറ്റിൻകര എസ്.എൻ ആഡിറ്റോറിയത്തിലെ പ്രധാന ഹാളിൽ ഇവരെ ഉൾക്കൊളളാൻ സാധിക്കാതെ വന്നതോടെ സമീപത്തെ മറ്റൊരു ഹാളിലും പുറത്ത് രണ്ടിടങ്ങളിലായും എൽ.ഇ.ഡി സ്‌ക്രീൻ സ്ഥാപിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ 30 വർഷത്തെ പ്രവർത്തനത്തിനിടയിൽ സംഘടന കൈവരിച്ച നേട്ടങ്ങൾ വ്യക്തമാകുന്ന ഹൃസ്വ വീഡിയോ പ്രദർശനത്തോടെയാണ് യോഗം ആരംഭിച്ചത്.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. യോഗത്തിന് ശേഷം സ്നേഹ വിരുന്നും നടന്നു.
കെ.എം.ഷാജിക്ക്
പാക് മനസ്
യു.ഡി.എഫിന് അധികാരം കിട്ടിയാൽ ഒൻപതര വർഷം കിട്ടാതിരുന്നതെല്ലാം നേടണമെന്ന് പരസ്യമായി പറയുന്ന കെ.എം.ഷാജി , പാകിസ്ഥാൻകാരന്റെ മനസുമായി ഇവിടെ ജീവിക്കുന്നയാളാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി ഗഫൂറിനും അതേ മനസാണ് . കേരളത്തിൽ സംസാരിക്കുമ്പോൾ പറയുന്നതല്ല വിദേശത്ത് പറയുന്നത്. ഇരട്ട മുഖമാണ്. ഇവിടെ മതേതരത്വം പറയുന്നവർ എപ്പോഴെങ്കിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ മുസ്‌ലിമല്ലാത്തവരെ ഉൾപ്പെടുത്തിയിട്ടുണ്ടോ.
ശബരിമലയിലെ സ്വർണ്ണ മോഷണം തെറ്റാണ്. ഹൈക്കോടതി ഇടപെടുകയും നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് സർക്കാർ പറയുകയും ചെയ്‌തിട്ടും പ്രതിപക്ഷം നടത്തുന്നത് കോലാഹലമാണ്. നാലര കിലോ സ്വർണം പോയതും, സാധാരക്കാരനെ ബാധിക്കുന്ന നീറുന്ന പ്രശ്ങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വാച്ച് ആൻഡ് വാർഡിന്റെ കൈ തല്ലിയൊടിച്ച് ആശുപത്രിലാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.ദേവസ്വം ബോഡിന്റെ ഭരണം രാഷ്ട്രീയക്കാർക്ക് നൽകിയാലും ഭരണച്ചുമതല ഐ.എ.എസ് ഉദ്യോഗസ്ഥന് നൽകണം.. ശബരിമലയിൽ മാത്രമല്ല, ഗുരുവായൂരിലടക്കം വെട്ടിപ്പുകൾ നടക്കുന്നുണ്ട്. ചില രാഷ്ട്രീയക്കാർക്ക് ജീവിക്കാനും ഇടം കിട്ടാത്തവർക്ക് ഇടം കൊടുക്കാനുമുള്ള സ്ഥലമായി ക്ഷേത്രങ്ങൾ മാറി.ഒരു പത്മകുമാർ ചക്കരകുടം അപ്പാടെ അടിച്ചുകൊണ്ടു പോയെന്നാണ് കേൾക്കുന്നത്. അയാൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഒരു നൂറ്റാണ്ടു കൊണ്ട് എസ്.എൻ.ഡി.പി യോഗം നേടിയ നേട്ടങ്ങളുടെ ഇരട്ടിയിലധികം കഴിഞ്ഞ 30 വർഷത്തിനിടെ നേടാൻ നിലവിലെ യോഗ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.വെള്ളാപ്പള്ളി നടേശനല്ലാതെ ,രാജ്യത്ത് ഇത്രയേറെ കേസുകളും അന്വേഷണ ഏജൻസികളെയും നേരിട്ട മറ്റൊരു സമുദായ നേതാവില്ലെന്നും
അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |