ആർട്ടിസ്റ്റുകളെക്കുറിച്ചുള്ള ധാരാളം വിഷ്വൽ കണ്ടന്റുകളാണ് സാധാരണയായി നമ്മൾ കാണാറുള്ളത്. മിക്കതും അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള മറ്റു ഡോക്യുമെന്ററി ഫോർമാറ്റ് വർക്കുകളാണ്. എന്നാൽ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി ഒരു കലാകാരൻ ചിന്തിക്കുന്ന ആ കലാകാരന്റെ ചിത്രങ്ങളിലൂടെയാണ് പ്രേമംജിഷ് ആചാരിയെന്ന ക്യൂറേറ്റർ തന്റെ ഡോക്യൂമെന്ററികളിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്.
ഈ വർഷത്തെ 17-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലചിത്രമേളയിൽ ഡോക്യൂമെന്ററി വിഭാഗത്തിൽ നോൺ കോമ്പറ്റിഷനിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ദി സ്കിൻ ഓഫ് ലൈറ്റ്. പ്രേംജിഷ് ആചാരിയാണ് സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരനും ശില്പിയുമായ രവീന്ദ്ര റെഡിയെക്കുറിച്ചുള്ള 'ദി അദർ ഫെയിസ്' ആണ് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ ഡോക്യൂമെന്ററി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ലോകമേ തറവാട്' എന്ന പ്രദർശനത്തിന്റെ പ്രോഗ്രാം എഡിറ്റോറിയലിന്റെ മേൽനോട്ടം പ്രേംജിഷ് വഹിച്ചിരുന്നു. കൂടാതെ ശിവ് നാടാർ സർവകലാശാലയിൽ കലാ ചരിത്രവും സിദ്ധാന്തവും അദ്ദേഹം പഠിപ്പിച്ചിരുന്നു. സ്വിസ് ആർട്സ് കൗൺസിൽ പ്രോ ഹെൽവെഷ്യ പുറത്തിറക്കിയ 2021 ലെ ആർട്ട് റൈറ്റേഴ്‌സ് അവാർഡും TAKE ഓൺ ആർട്ടും അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഡോക്യൂമെന്ററികളെക്കുറിച്ചുള്ള വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് തിരുവല്ല സ്വദേശിയായ പ്രേമംജിഷ് ആചാരി.
1.ഒരു ക്യൂറേറ്ററായ താങ്കൾ ഡോക്യുമെന്ററി ഫിലിം മേക്കറിലേക്ക് എത്തിയത് എങ്ങെനെയാണ്?
ദൃശ്യകലയെ പൊതു സമൂഹത്തിനു മുൻപിൽ പ്രദർശിപ്പിക്കുക എന്ന പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കർത്തവ്യം ആണ് സാധാരണയായി ഒരു ആർട് ക്യൂറേറ്റർ ചെയ്തു വരുന്നത്. എന്നാൽ കലാരൂപങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ പ്രത്യേകിച്ചും മറ്റു ദൃശ്യമാദ്ധ്യമങ്ങളുമായി ഇടകലർന്ന് അതുണ്ടാക്കിയെടുത്ത വൈവിദ്ധ്യമാർന്ന പുതിയ കലാരൂപങ്ങൾ ഈ ഒരു കർത്തവ്യത്തെ വളരെ വിപുലീകരിച്ചു കാണേണ്ട ഒരു സാംസ്കാരിക അവസ്ഥ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇത് കൂടാതെ എന്റെ പഠനവും ഒരു ഇന്റർഡിസിസിപ്ലിനറി പശ്ചാലത്തിൽ ആണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഞാൻ കലാ ചരിത്രം, ക്യൂറേഷൻ, കൂടാതെ തിയറ്റർ പെർഫോമിംഗ് ആർട്സ്, സിനിമാ സ്റ്റഡീസ് ഒക്കെ ഒരു പോലെ പഠിച്ച ആ ഒരു പശ്ചാത്തലം ഒരു ഇൻസ്പിറേഷൻ ആയി എന്നിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിനിമ പോലെ തന്നെ ഫോട്ടോഗ്രാഫിയും താല്പര്യമുള്ള ഒരു മേഖല തന്നെയാണ് എനിക്ക്. പ്രത്യേകിച്ചും അനലോഗ് ഫോട്ടോഗ്രാഫി. പിന്നെ സിനിമകൾ ഡോക്യൂമെന്ററികളൊക്കെ ചെയ്യണമെന്നുള്ള ആഗ്രഹം പണ്ട് മുതലേ ഉണ്ട്. അപ്പോൾ ഈ അറിവുകളുടെ ഒക്കെ ഒരു കൂടിചേരൽ എന്റെ ക്യൂറേഷനിലും എഴുത്തിലും, പിന്നെ ഇപ്പോൾ സിനിമയിലും കാണാം.
2.കലയുടെ ലോകത്ത് ഡോക്യുമെന്ററി സിനിമയുടെ പങ്കിനെ എങ്ങനെ നിരീക്ഷിക്കുന്നു ?
കലാ ലോകത്ത് കലാരൂപങ്ങളെ, രേഖപ്പെടുത്തുവാൻ അഥവാ ഡോക്യുമെന്റ് ചെയ്യാനുള്ള ഒരു ഉപാധിയായിട്ടാണ് ഡോക്യൂമെന്ററികൾ അല്ലെങ്കിൽ ഡോക്യൂമെന്റേഷൻ ഉപയോഗിക്കപ്പെടുന്നത്. നീണ്ടു നിൽക്കുന്ന അഭിമുഖങ്ങളായാണ് ഭൂരിഭാഗം ഡോക്യൂമെന്ററീസും ചെയ്യുന്നത്. അതിൽ നിന്നും മാറി ചലച്ചിത്ര സംവിധാനം ഉപയോഗപ്പെടുത്തി കലയെ അതേ പോലെ പകർത്താതെ കലാകാരന്മാരുടെ ചിന്തകളെയും നിരീക്ഷണങ്ങളെയും എങ്ങനെ ദൃശ്യപരമായി ആവിഷ്കരിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഉള്ള ഒരു ശ്രമം ഞാൻ ചെയ്തു തുടങ്ങിയത്. ചുരുക്കി പറഞ്ഞാൽ ഒരു പെയിന്റിംഗിനെ അങ്ങനെ തന്നെ കാണിക്കുവാനുള്ള ശ്രമം അല്ല ഞാൻ നടത്തുന്നത്. അതുണ്ടായി വന്ന ചിന്തകളെയും പരിസരങ്ങളെയുമൊക്കെയാണ് ആവിഷ്കരിക്കുന്നത്.
3.ആദ്യ ഡോക്യുമെന്ററി?
പ്രശസ്ത ശില്പി രവീന്ദർ റെഡ്‌ഡിയെ കുറിച്ചായിരുന്നു ആദ്യ ഡോക്യൂമെന്ററി. ഗാലറി ഡോട്ട്വാക് ഉടമയായ ശ്രീജിത്ത് ഒരു എക്സിബിഷന്റെ ഭാഗമായി ഒരു അഭിമുഖം ചെയ്തു നോക്കാമെന്ന് പറഞ്ഞു തുടങ്ങിയ സംഗതി പിന്നീട് ഡോക്യൂമെന്ററിയിലേക്ക് എത്തുകയാണുണ്ടായത്. ഒരു പരമ്പരാഗത ശൈലിയിൽ അതിനെ ഒരു ഡോക്യുമെന്ററി എന്നു വിശേഷിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നേരത്തെ പറഞ്ഞ പോലെ ഒരു അപ്പ്രോച്ചാണ് അതിൽ കൂടി തുടങ്ങി വച്ചത്.
4. രവീന്ദർ റെഡിയെക്കുറിച്ച്?
എഴുപതുകളിൽ ഇന്ത്യൻ ശില്പകലയെ മാറ്റി മറിച്ച യുവ കലാകാരൻമാരിൽ തന്നെ ഒരു പ്രമുഖ ശബ്ദമാണ് രവീന്ദർ റെഡ്‌ഡിയുടേത്. ആധുനിക ശിൽപ്പകലയ്ക്ക് തുടക്കം കുറിച്ച കലാകാരൻ ആണ് റെഡ്‌ഡി. തനതു ശില്പ രൂപങ്ങളുടെ നിറങ്ങളെയും ശരീര ഘടനയെയും ഒക്കെ അദ്ദേഹം മാതൃകയാക്കി എടുത്തപ്പോൾ തനതു ശിൽപ്പകല വസ്തുക്കളായ കല്ല്, വെങ്കലം, തടി, എന്നിവയൊക്കെ ഒഴിവാക്കി ആധുനിക വ്യാവസായിക വസ്തുക്കളായ ഫൈബർഗ്ലാസ്സ്, സിന്തറ്റിക് പെയിന്റൊക്കെ അദ്ദേഹം തന്റെ ശില്പങ്ങളിലേക്ക് കൊണ്ടു വന്നു. ദക്ഷിണേന്ത്യൻ സ്ത്രീ തൊഴിലാളികളുടെ ചെറുത്ത് നില്പിന്റെയും, മുഖ്യധാരാ സൗന്ദര്യ സങ്കല്പങ്ങൾ അവഗണിക്കുന്ന അവരുടെ സൗന്ദര്യത്തിൻെറയുമൊക്കെ പ്രതിനിധീകരണമാണ് അദ്ദേഹത്തിന്റെ ശില്പങ്ങൾ.
5.'ദി സ്കിൻ ഓഫ് ലൈറ്റിൽ' ചിത്രകാരൻ സുജിത് എസ്.എന്നിനെ ഡോക്യുമെന്റ് ചെയ്യാനുള്ള കാരണം?
അങ്ങനെ ഒരു പ്രത്യേക കാരണം കൊണ്ടെന്നു പറയുന്നില്ല, ഒരു പ്രചോദനം കൊണ്ടെന്നു പറയാം. കഴിഞ്ഞ കുറെ വർഷങ്ങളായി സമകാലീന ഇന്ത്യൻ ചിത്രകലയിൽ ഉയർന്നു വന്നിട്ടുള്ള ഒരു കൂട്ടം പ്രതിഭാധനരായ കലാകാരിൽ ഒരാളാണ് സുജിത്. അദ്ദേഹത്തിന്റെ പ്രതിഭ ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ചിത്രകലയുടെ ചരിത്രത്തെ വിമർശനാത്മകമായി സമീപിക്കുകയും, അതിന്റെ പ്രവർത്തന രീതികളെ സൂക്ഷ്മ നിരീക്ഷണത്തിൽ നോക്കി കാണുകയും, കാഴ്ചയുടെ ഒരു പുതിയ സംസ്കാരത്തെ മുന്നോട്ട് വെക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് സുജിത്. അയാളുടെ ചിത്രങ്ങളെ പോലെ തന്നെ ഈ ചിന്താരീതികളോടും സംവദിക്കുന്ന ഒരാളാണ് ഞാൻ. കുറെ നാളായി എന്താണ് സമകാലീന ചിത്രകല എന്ന ഒരു അന്വേഷണത്തിലായിരുന്നു ഞാൻ. ആ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് 'ദി സ്കിൻ ഓഫ് ലൈറ്റ്'. സുജിത്തിന്റെ പെയിന്റിങ്ങുകളെയല്ല മറിച്ച് അദ്ദേഹം കണ്ട ലോകവും അവയുടെ സങ്കീർണതകളെയുമാണ് ഞാൻ ഇതിൽ കൂടി കാണിക്കുന്നത്.
6. ഒരു വ്യക്തിയുടെ ചിന്തകളെയും ചിത്രങ്ങളെയും മറ്റൊരു മീഡിയത്തിലൂടെ വീണ്ടും പകർത്താൻ എന്തൊക്കെ തയ്യാറെടുപ്പുകളായിരിക്കും വേണ്ടിവരുന്നത്?
രണ്ടു കലാകാരന്മാർ തമ്മിൽ ഒരിക്കൽ കണ്ടു മുട്ടിയപ്പോൾ , അതിൽ ഒരാൾ എന്റെ പെയിന്റിംഗ് എങ്ങനെയുണ്ടെന്നു ചോദിച്ചു, അപ്പോൾ മറ്റെയാൾ പറഞ്ഞത്, നിങ്ങളുടെ പെയിന്റിംഗ് ഒരു പെയിന്റിംഗ് പോലെയാണ്, അല്ലാതെ അത് എന്നെ ചിന്തിപ്പിക്കുന്ന ഒരു ചിത്രമല്ല. ആ ഒരു ചിന്തയാണ് എന്നെ നയിക്കുന്നത്. ഓരോ കലാരൂപങ്ങൾക്കും അതിന്റേതായ ദൃശ്യ സംസ്കാരവും വ്യവസ്ഥകളുമുണ്ട്. പെയിന്റിംഗുകൾ പ്രദർശിപ്പിക്കുന്ന പോലെയല്ല സിനിമ പ്രദർശിപ്പിക്കുന്നത്. അത് പോലെ തന്നെ ഒരു കലാപ്രദർശനം കാണുന്ന പോലെയല്ല നമ്മൾ ഒരു സിനിമ കാണുന്നത്. അല്ലെങ്കിൽ ഫോട്ടോഗ്രാഫിയെ കാണുന്നത്.
7. വെളിച്ചം, ഓർമ്മകൾ, കാഴ്ചപാട് തുടങ്ങിയ വിഷയങ്ങളാണ് 'ദി സ്കിൻ ഓഫ് ലൈറ്റ്' എന്ന ഡോക്യുമെന്ററിയിൽ പ്രതിപാദിച്ചിരിക്കുന്നത് ഈ തീമുകളുമായി സുജിത്തിന്റെ ജലച്ചായങ്ങൾ ഏതൊക്കെ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു ?
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന യാഥാർഥ്യത്തെ ചിത്രകലയിലൂടെ അവതരിപ്പിക്കുന്ന ഒരു കലാകാരനാണ് സുജിത് എസ് എൻ. എപ്പോഴും ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദി പോലെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ പേറുന്ന, നാടകീയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന സന്ദർഭങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഞാൻ കാണുന്നത്. സമയവും കാലവും തമ്മിലുള്ള അതിർ വരമ്പുകളെ ഭേദിക്കുന്ന ഒരു ഇടനിലമാണ് ഈ ചിത്രങ്ങൾ. ചില ഇടങ്ങളോടും ഓർമ്മകളോടും സംവദിക്കുന്നതായി നമ്മുക്ക് തോന്നും. പലതരം ചിന്തകളെ അവ മനസിലേക്ക് കൊണ്ട് വരും. അദ്ദേഹം തന്നെ പറയുന്ന പോലെ നമ്മുടെ ഉള്ളിലെ പഴയ ചില ഓർമ്മകൾ, ചില മണങ്ങൾ, കാറ്റ്, തണുപ്പ് ഒക്കെ വേറെ ചില സ്ഥലങ്ങളിലോ സന്ദർഭങ്ങളിലോ എത്തുമ്പോൾ ഉണർന്നു വരാറുണ്ട്. അത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രകലയിലെ നിറങ്ങളും, പ്രകാശവും, അന്തരീക്ഷവും.
8"ദി സ്കിൻ ഓഫ് ലൈറ്റ്" കാഴ്ചക്കാരെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
ദി സ്കിൻ ഓഫ് ലൈറ്റ് എന്ന ചിത്രം പ്രേക്ഷകരെ ചിത്രകല എന്ന സർഗാത്മക പ്രവർത്തിയേയും കലാകാരന്റെ ചിന്ത ലോകത്തെയും ഒക്കെ കുറച്ചു കൂടി അടുത്ത് പരിചയപ്പെടുത്താൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് കൂടാതെ നമ്മുടെ ചുറ്റുപാടുകളെ ഗഹനമായി വീക്ഷിക്കുവാനും, കാഴ്ചയുടെ ലോകത്തെ കുറച്ചു കൂടി ഗൗരവപരമായി ആസ്വദിച്ച് കാണാനും ദി സ്കിൻ ഓഫ് ലൈറ്റ്" പ്രേരിപ്പിക്കും.
9.ഭാവി പ്രൊജക്ടുകൾ?
കുറച്ചു പ്രൊജക്ടുകൾ മനസിൽ ഉണ്ട്. ആർട്ടിസ്റ്റ് ഡോക്യുമെന്ററി ആയിരിക്കില്ല. ഫീച്ചർ ഫിലിംസ്, വെബ് സീരീസ് ഒക്കെ മനസ്സിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |