പരിപ്പും പപ്പടവും അവിയലും ഓലനും കാളനും പുളിശേരിയും മൂന്നുനാലു വിധം പായസവുമൊക്കെ കൂട്ടി ഓണസദ്യ ഉണ്ണുന്നതിന്റെ രസം പുതിയതല്ലല്ലോ. പക്ഷേ, ഇത്തവണ അത്, ഒരുമിച്ചൊരു ഓണസദ്യ ഉണ്ണണമെന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ഒരാൾക്കൊപ്പമായാലോ? അതിന്റെ 'വൈബ്" വേറെ! അങ്ങനെയൊരു രസച്ചോദ്യം രാഷ്ട്രീയരംഗത്തെ പ്രമുഖരിൽ ചിലരോട് ചോദിച്ചതിന്റെ 'സദ്യവട്ട" മാണ് ഇത്: ഈ ഓണസദ്യ കേമമാകാൻ അത് ആർക്കൊപ്പമാകണം?
ഓണസദ്യ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആയിരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. അങ്ങനെയൊരു ആഗ്രഹം കുറേ നാളായി മനസിൽ കൊണ്ടുനടക്കുന്നതാണ്. ഇത്തവണ അതിന് അവസരമൊരുങ്ങുന്നത് യാദൃച്ഛികമായി! സെപ്തംബർ മൂന്നിന്, പൂരാടം നാളിൽ ഓണസദ്യയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് പിണറായി വിജയൻ. സദ്യ പക്ഷേ, ക്ളിഫ് ഹൗസിലല്ല, നിയമസഭയിൽത്തന്നെ! എല്ലാ വർഷവും തിരുവോണത്തിന് കിടപ്പു രോഗികൾക്കൊപ്പം ചെലവിടുന്നതാണ് വി.എൻ. വാസവന്റെ പതിവ്. അതിനു മാറ്റമില്ല. ഈ തിരുവോണത്തിനും അങ്ങനെ തന്നെ. പിന്നെ, ആശുപത്രികളിലും മറ്റ് സംരക്ഷണ കേന്ദ്രങ്ങളിലുമൊക്കെ പോകും. അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യും.
ഇതേ ചോദ്യം നേരെ ചെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനോട് ചോദിച്ചപ്പോൾ 'ഉരുളയ്ക്ക് ഉപ്പേരി" പോലെ 'ഠപ്പേന്ന്" മറുപടി കിട്ടി: രാഹുൽ ഗാന്ധിക്കൊപ്പം! ഇത്തവണ അതിനു സാധിച്ചില്ലെങ്കിൽ, ആ സ്വപ്നം ഉപേക്ഷിക്കാനൊന്നും സണ്ണി ജോസഫിന് പരിപാടില്ല. 'അടുത്ത തവണയെങ്കിലും അതിന് അവസരമൊരുക്കണം. കാരണം, കേരളത്തെയും ഇവിടത്തെ സംസ്കാരത്തെയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് രാഹുൽ ഗാന്ധി.!"- കെ.പി.സി.സി അദ്ധ്യക്ഷൻ ഉപ്പോഴേ പ്ളാൻ ചെയ്യുന്നു.
ബി.ജി.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മനസിൽ സാമാന്യം വിഭവസമൃദ്ധമായ ആഗ്രഹം തന്നെയാണ്. ഓണസദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമായാൽ കൊള്ളാം. ഓണസദ്യ ഏറെ ഇഷ്ടമുള്ള ആളാണ് പ്രധാനമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറയുന്നു. '2017 സെപ്തംബറിൽ ബി.ജെ.പി ദേശീയ കൗൺസിൽ കോഴിക്കോട്ട് നടന്നപ്പോൾ ഓണസദ്യ ഒരുക്കിയിരുന്നു. ഓണസദ്യ കഴിച്ച ശേഷം ഗംഭീരമായെന്നാണ് മോദി പറഞ്ഞത്!" സുരേന്ദ്രൻ മോദിയുടെ 'ഓണക്കമന്റ്" മറന്നിട്ടില്ല.
'എത്ര നല്ല നടക്കാത്ത സ്വപ്നം" എന്ന് അറിയാമെങ്കിലും കാലം പിറകിലോട്ടു പോയെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് മന്ത്രി ജി.ആർ. അനിൽ. 'അന്നൊക്കെ വെളിയം ഭാർഗവനും എം.എൻ. ഗോവിന്ദൻ നായരുമൊക്കെ വീട്ടിൽ വരുമായിരുന്നു. എം.എന്നിന് ഒപ്പം ഓണസദ്യ കഴിക്കാൻ അവസരം കിട്ടിയെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. ലാളിത്യമുള്ള നേതാവായിരുന്നു അദ്ദേഹം. ഇത്തവണ സഹപ്രവർത്തകർക്കൊപ്പം ഉത്രട്ടാതി നാളിൽ (സെപ്തംബർ 09) ഓണസദ്യ കഴിക്കും."- ജി.ആർ. അനിൽ പറയുന്നു.
എപ്പോഴും നേതാക്കൾക്കൊപ്പമാണെങ്കിലും, ഓണത്തിന് മാറി നിൽക്കാനാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടിക്ക് ഇഷ്ടം! അടുത്ത സുഹൃത്തും യു.ഡി.എഫ് കൺവീനറും ആയിരുന്ന കെ. ശങ്കരനാരായണന്റെ കൂടെയിരുന്നായിരുന്നു മിക്കപ്പോഴും ഓണമുണ്ടിരുന്നത്. ഇപ്പോൾ അദ്ദേഹമില്ല. തിരുവോണത്തിന് പതിവായി പോകുന്നത് ഊരകത്താണ്. അവിടത്തെ പാവപ്പെട്ടവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടിയുടെ ഓണസദ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |