SignIn
Kerala Kaumudi Online
Tuesday, 02 September 2025 4.37 PM IST

നനഞ്ഞ ബോംബ്; 'അയ്യപ്പ ശാപ'മോക്ഷവും

Increase Font Size Decrease Font Size Print Page
s

'കൂടോത്രത്തിൽ കുഴിച്ചിട്ട ഭൂതപ്രേത പിശാചുക്കൾ ഈ തേങ്ങയിൽ ആവാഹിക്കപ്പെട്ടു കഴിഞ്ഞു. ആരാണ് ഇതിവിടെ കുഴിച്ചിട്ടതെന്ന സത്യം ഇനിയെങ്കിലും പറഞ്ഞോളൂ. അല്ലെങ്കിൽ, കുഴിച്ചിട്ടവന്റെ തല പൊട്ടിച്ചിതറും..." മിഥുനം എന്ന സിനിമയിലെ ചേർക്കോണം സ്വാമി ഉറഞ്ഞുതുള്ളി നടത്തിയ ഭീഷണി കേട്ടുനിന്നവരെ ഉത്ക്കണ്ഠയുടെ മുൾമുനയിലാക്കി! രണ്ടുദിവസം മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാർത്താസമ്മേളനം ടിവി ചാനലുകളിൽ

ലൈവായി കണ്ടവരും വല്ലാത്ത ആകാംക്ഷയിലായിരുന്നു. അതിൽ ചിലരെങ്കിലും വല്ലാത്ത ഭീതിയിലും.

സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ താൻ വലിയൊരു ബോംബ് പൊട്ടിക്കാൻ പോകുന്നുവെന്ന സൂചന തലേദിവസം സതീശൻ നൽകിയിരുന്നു. ഏവരും ഞെട്ടാൻ കണക്കാക്കി ബലം പിടിച്ചിരുന്നിട്ടും പൊട്ടിയത് ബോംബല്ല, ഏറുപടക്കം! സിനിമയിലെന്നതു പോലെ തന്നെ ആരുടെയും തല പൊട്ടിച്ചിതറിയില്ല. ഒരു ബി.ജെ.പി നേതാവിനെ ലക്ഷ്യമാക്കി എറിഞ്ഞത് നനഞ്ഞ പടക്കമാണെന്ന് ആ നേതാവും പാർട്ടിയും. സ്ത്രീപീഡനം സംബന്ധിച്ച് ആ നേതാവിനെതിരെ ബി.ജെ.പിയിൽ നിന്ന് അടുത്തിടെ മറുകണ്ടം ചാടി കോൺഗ്രസിലെത്തിയ യുവനേതാവ് ഉന്നയിച്ച ആരോപണം കോടതി നേരത്തേ തള്ളിക്കളഞ്ഞതാണത്രേ.

ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മങ്കൂട്ടത്തിൽ എം.എൽ.എയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിക്കാർ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് കാളയുമായി പ്രകടനം നടത്തിയതാണ് സതീശനെ പ്രകോപിപ്പിച്ചത്. 'ആ കാളയെ കളയരുത്. അതിനെ പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസം ആ കാളയുമായി അവർക്ക് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വസതിയിലേക്ക് പ്രകടനം നടത്തേണ്ടിവരും..." സതീശന്റെ ഈ ഭീഷണിയും ഓണക്കാലത്തെ പൊളിവചനമായെന്നാണ് ബി.ജെ.പി നേതാക്കളുടെ പരിഹാസം. പക്ഷേ, ചേർക്കോണം സ്വാമിയെപ്പോലെ അങ്ങനെ ചൂളിപ്പോകുന്ന ആളല്ല സതീശൻ 'സ്വാമി." ഇതൊക്കെ ചെറുത്; വലിയ ബോംബ് പൊട്ടാനിരിക്കുന്നതേയുള്ളൂ,​ ഉടൻ പൊട്ടും. പുറത്തു കണ്ടതിലും വലുത് മാളത്തിലുണ്ട് . ആ ബോംബ് സി.പി.എമ്മിനെ ലക്ഷ്യമാക്കിയാണ്.

'സി.പി.എമ്മുകാർ അധികം കളിക്കരുത്. വലിയ താമസമൊന്നും വേണ്ട; ഞെട്ടിക്കുന്ന ഒരു

വാർത്ത പുറത്തുവരും. കേരളം ഞെട്ടിപ്പോകും..."- സതീശൻ വീണ്ടും ജനങ്ങളുടെ ആകാംക്ഷയേറ്റുന്നു. വലിയ ബോംബ് എപ്പോൾ പൊട്ടിക്കുമെന്നു ചോദിച്ചാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്ന് മറുപടി. പീഡനക്കേസിൽ പ്രതികളായവർ മന്ത്രിസഭയിലും സി.പി.എം നിയമസഭാ കക്ഷിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും നിർബാധം വിലസുന്നു. അവരെയൊക്കെ പൊതിഞ്ഞു പിടിച്ചുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നത്. കോഴിയുമായി പ്രകടനം നടത്തിയ സി.പി.എമ്മുകാരുടെ പല നേതാക്കളും കോഴി ഫാം നടത്തുന്നവരാണെന്നുമുണ്ട്,​ ആക്ഷേപം.

പക്ഷേ, ഇതൊന്നും കേട്ട് ബേജാറാവുന്ന ആളല്ല എം.വി. ഗോവിന്ദൻ മാഷ്. 'ഇതിലും വലിയ പെരുനാൾ വന്നിട്ടും വാപ്പ പള്ളിയിൽ പോയിട്ടില്ല" എന്ന ഭാവം. കോൺഗ്രസിലാണ് ബോംബുകൾ വീണുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിന് ഒരു ഭയവുമില്ലെന്നും മാഷ്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം,​ മുകേഷിന്റെ കാര്യം മിണ്ടാത്തതെന്തെന്ന ചോദ്യത്തിനും മാഷിന് മറുപടിയുണ്ട്. 'അത് പതിറ്റാണ്ടുകൾക്കു മുമ്പുള്ള കേസാണ്. മുകേഷിന്റെ രാജിക്കാര്യം കേസിന്റെ വിധി വരുമ്പോൾ പറയാം!" അത് ഇരട്ടത്താപ്പല്ലേ മാഷേ എന്ന് എതിർ കക്ഷികൾ.

 

സംസ്ഥാന കോൺഗ്രസിൽ പഴയ ഗ്രൂപ്പ് വൈരമൊക്കെ കുറ്റിയറ്റു. ഇപ്പോൾ, രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്നിങ്ങനെ രണ്ട് ഗ്രൂപ്പേ ഉള്ളൂവെന്നാണ് എതിരാളികൾ പറയുന്നത്. കോൺഗ്രസ് സംസ്കാരം ഉയർത്തിപ്പിടിച്ച് രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയണമെന്നും, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവേശംപൂണ്ട് പ്രസ്താവനയിറക്കിയ കോൺഗ്രസിലെ വനിതാ നേതാക്കൾ ഇപ്പോൾ മൗനത്തിലാണ്. കേട്ടാലറയ്ക്കുന്ന തരത്തിൽ സ്വന്തം പാർട്ടിയിലെ സൈബർ പോരാളികളുടെ ആക്രമണം ഭയന്നാണ് ഇത്.

പക്ഷേ അതിന്, പാർട്ടിക്കു പുറത്തു നിന്നുള്ളവരുടെ സഹതാപം വേണ്ടെന്ന് വനിതാ നേതാക്കൾ. 'ഞങ്ങളുടെ കുട്ടികൾ വല്ലതും തെറ്റായി പറഞ്ഞാൽ ഞങ്ങൾ സഹിച്ചോളാം. നിങ്ങൾ നിങ്ങളുടെ പാർട്ടിയിലെ കാര്യങ്ങൾ നോക്കിയാൽ മതി" എന്നാണ് സൈബർ ആക്രമണത്തെ അപലപിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് കോൺഗ്രസ് എം.എൽ.എ ഉമാ തോമസിന്റെ ഉപദേശം. 'ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ" എന്നല്ലേ മുമ്പ് ഇ.എം.എസ് സർക്കാരിന്റെ കാലത്ത് സമരം ചെയ്ത സഖാക്കൾ ചോദിച്ചത്!

 

അത്താഴപ്പഷ്ണിക്കാരുണ്ടോ...?​ പഴയ തറവാടുകളിൽ രാത്രി അത്താഴനേരത്ത് ഇങ്ങനെ വിളിച്ചു ചോദിക്കുന്ന രീതി ഇപ്പോഴും ചിലയിടങ്ങളിൽ കാണാം. പക്ഷേ, 'കേസെടുക്കാൻ പരാതിക്കാർ ആരെങ്കിലുമുണ്ടോ" എന്ന് പൊലീസു തന്നെ ചോദിക്കുന്നത് അപൂർവം. അതും സ്ത്രീ പീഡനക്കേസിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതികളുടെ കുത്തൊഴുക്കായിരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ. പുറകെ നടന്ന് ശല്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല സന്ദേശം അയയ്ക്കൽ തുടങ്ങി ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ വരെ അതിൽപ്പെടും. ഒന്നുകിൽ ശബ്ദസന്ദേശങ്ങൾ. അല്ലെങ്കിൽ, കുറ്റവാളിയുടെ പേര് വെളിപ്പെടുത്താതെയുള്ള ചാനൽ മൊഴികളും ഫേസ് ബുക്ക് പോസ്റ്റുകളും!

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദം രാജിവച്ച രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടും രേഖാമൂലമുള്ള ഒരു പരാതി പോലും ഒരു യുവതിയും സർക്കാരിനോ പൊലീസിനോ നൽകിയിട്ടില്ല. അത് ജീവഭയം കൊണ്ടാണെന്നും മാനഭയം കൊണ്ടാണെന്നും വ്യാഖ്യാനങ്ങൾ. ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ വലിയ സമയം വേണ്ടെന്നുവരെ പറഞ്ഞതായി പുറത്തുവന്നത് ക്രിമിനൽ രീതിയെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും പരാതിക്കാർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നെ, രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസുമെടുത്തു. ഇനി പരാതിക്കാരെ കണ്ടെത്തി മൊഴിയെടുക്കണം!

 

നിരീശ്വരവാദികൾ ഭരിക്കുന്ന സർക്കാർ പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് ബി.ജെ.പി. നവോത്ഥാനത്തിന്റെ മറവിൽ യുവതികളെ ശബരിമല സന്നിധാനത്തെത്തിച്ചതിനു ലഭിച്ച അയ്യപ്പ ശാപത്തിൽ നിന്ന് മോക്ഷം നേടാനെന്ന് കോൺഗ്രസ്. ഇടതു സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും യഥാർത്ഥ വിശ്വാസികൾ വർഗീയവാദികളല്ലെന്നും സി.പി.എം. അയ്യപ്പ സംഗമത്തിൽ

രാഷ്ട്രീയമില്ലെന്നും, ലക്ഷ്യം ശബരിമല വികസനമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്; വിദേശ പ്രതിനിധികളെ ഉൾപ്പെടെ പങ്കെടുപ്പിക്കുന്ന സംഗമത്തിലേക്ക് എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിക്കുമെന്നും.

സനാതന ധർമ്മത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സംഗമത്തിൽ മുഖ്യാതിഥിയായി സർക്കാർ ക്ഷണിച്ചതിലാണ് ചിലർക്ക് എതിർപ്പ്. എന്തായാലും ,സ്റ്റാലിൻ വരില്ലെന്ന് അറിയിച്ചതോടെ ഒരു അലങ്കോലം ഒഴിവായി. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ കാട്ടിയ 'ഉത്സാഹ"ത്തിന്റ ഫലം 2019- ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അനുഭവിച്ചെന്ന് ഭക്തർ. വീണ്ടും തിരഞ്ഞെടുപ്പ് വരുന്നു. അയ്യപ്പൻ തുണയ്ക്കുമോ? ലക്ഷ്യം നന്നായാൽ മാർഗവും നന്നാവും. ആഗോള അയ്യപ്പ സംഗമത്തിന് സ്തുതി!

നുറുങ്ങ്:

□ ഓണത്തിന് ഒരു മണി അരി പോലും മോദി സർക്കാർ കേരളത്തിന് അധികമായി നൽകിയില്ലെന്ന് മുഖ്രമന്ത്രി പിണറായി വിജയൻ. പിണറായി സർക്കാർ റേഷൻ കടകൾ വഴി നൽകുന്നത് മോദി അരിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.

■ അരി ആരുടേതായാലും ഓണത്തിന് ആരും പട്ടിണി കിടക്കാതിരുന്നാൽ മതി.

(വിദുരരുടെ ഫൊൺ:9946108221)

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.