ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. മനുഷ്യന്റെ എല്ലാ
പ്രവർത്തനങ്ങളിലും കാഴ്ചശക്തിക്ക് വലിയ പങ്കുണ്ട്. എന്നാൽ നമ്മുടെ ദൈനംദിന ശീലങ്ങൾ കണ്ണിന് ദോഷകരമായി തീരുകയും ചെയ്യുന്നുണ്ട്. നാം അറിയാതെ നമ്മുടെ കണ്ണുകൾക്ക് ദോഷം ചെയ്യുന്ന ചില ദൈനംദിന ശീലങ്ങൾ ഇവയാണ്
സ്ക്രീൻ ടൈം
മൊബൈൽ ഫോൺ,ടി.വി എന്നിവയുടെ അമിതോപയോഗം കണ്ണുകൾക്ക് ദോഷകരമാണ്. മണിക്കൂറുകളോളം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണിന് ആയാസം (digital eye strain) ഉണ്ടാക്കും. ഇത് തലവേദന, മങ്ങിയ കാഴ്ച, വരണ്ട കണ്ണുകൾ എന്നിവയ്ക് കാരണമാകും. സ്ക്രീനുകളിൽ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെയും ബാധിക്കാം.
ഇത് പരിഹരിക്കാനായി ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിനു ശേഷവും 20 അടി അകലെയുള്ള ഒരു
വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കുക.
കണ്ണുകൾ തിരുമ്മുന്നത്
സ്ക്രീൻ ഉപയോഗം കൂടുമ്പോൾ കണ്ണുകൾ ചൊറിയാനും വരണ്ടതാകാനും സാധ്യതയുണ്ട്. നമ്മൾ പലപ്പോഴും കണ്ണുകൾ തിരുമ്മാനും ശ്രമിക്കും. എന്നാൽ ഇത് കണ്ണുകൾക്ക് ആശ്വാസം നൽകുന്നതിനു പകരം കൂടുതൽ ദോഷമാണ് ചെയ്യുന്നത്. കണ്ണുകൾ തിരുമ്മുന്നത് കണ്ണിനകത്തെ ചെറിയ രക്തക്കുഴലുകൾക്ക് തകരാറുണ്ടാക്കും. ഇത് കണ്ണുകൾ ചുവക്കാനും ഇരുണ്ട നിറമാകാനും കാരണമാകും. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് തിരുമ്മുമ്പോൾ അണുക്കൾ കണ്ണിലേക്ക് എത്താനും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. തുടർച്ചയായി തിരുമ്മുന്നത് കോർണിയയ്ക്ക് രൂപമാറ്റം വരുത്തുകയും കാഴ്ചക്ക് ദോഷം ചെയ്യുകയും ചെയ്യും.
കണ്ണുകൾക്ക് അസ്വസ്ഥത തോന്നിയാൽ തിരുമ്മുന്നതിന് പകരം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഐ ഡ്രോപ്പ് ഉപയോഗിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കണ്ണുകൾക്ക് മുകളിൽ വെക്കുകയോ ചെയ്യാം. ഇത് കണ്ണുകൾക്ക് ആശ്വാസം നൽകും.
സൺഗ്ലാസ് ഒഴിവാക്കുന്നത്
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തിന് മാത്രമല്ല, കണ്ണുകൾക്കും ദോഷകരമാണ്. ഈ രശ്മികൾ തിമിരം, നേത്ര കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകും. തിമിരം, മാക്യുലാർ ഡീജനറേഷൻ,അല്ലെങ്കിൽ നേത്ര കാൻസർ പോലുള്ളവ വരാനും കാരണമാകും.അതുകൊണ്ട് തന്നെ UV രശ്മികൾ തടയുന്ന സൺഗ്ലാസുകൾ ധരിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ഉറക്കമില്ലായ്മ
ഉറക്കക്കുറവ് നമ്മുടെ ശരീരത്തെയും മനസ്സിനെയും മാത്രമല്ല, കണ്ണിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതാണ്. വരണ്ട കണ്ണുകൾ, മങ്ങിയ കാഴ്ച, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമാകാം. അതിനാൽ, ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് കണ്ണുകൾക്ക് വിശ്രമം നൽകാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കണ്ണിന്റെ ആരോഗ്യത്തിന് 3 വിറ്റാമിനുകൾ അത്യാവശ്യം
വിറ്റാമിൻ എ: പ്രധാനമായും രാത്രി കാഴ്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. വിറ്റാമിൻ എയുടെ കുറവ് കണ്ണുകൾ വരണ്ടുപോകാനും കാഴ്ച മങ്ങാനും കാരണമാകും. കാരറ്റ്, ചീര, മധുരക്കിഴങ്ങ് എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി:ഒരു ആന്റിഓക്സിഡന്റ് ആയ ഇത് കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ്. തിമിരം വരാനുള്ള സാധ്യത കുറയ്ക്കും.ആയതിനാൽ ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ, ബ്രോക്കോളി, കാപ്സിക്കം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഇ: കണ്ണുകളിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട കാഴ്ചപ്രശ്നങ്ങളെ ഇത് തടയുന്നു. നട്‌സ്, വിത്തുകൾ, സസ്യ എണ്ണകൾ എന്നിവ വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളാണ്.
ഈ വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |