കൊച്ചി: ക്വാറികളുടെ പാരിസ്ഥിതികാനുമതി 30 വർഷമോ അല്ലെങ്കിൽ ഖനനം പൂർത്തിയാകുന്നതു വരെയോ നീട്ടി നൽകാൻ കഴിയുംവിധം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2022 ഏപ്രിൽ 12ന് ഇറക്കിയ വിജ്ഞാപനവും അതേവർഷം ഡിസംബറിൽ പുറപ്പെടുവിച്ച സർക്കാർ മെമ്മോറാണ്ടവും ഹൈക്കോടതി റദ്ദാക്കി.
2022ലെ വിജ്ഞാപന പ്രകാരമുള്ള ഇളവിന് അർഹതയുണ്ടെന്ന് അവകാശപ്പെട്ട് 65 ക്വാറി ഉടമകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളും തള്ളി.
വിദഗ്ദ്ധസമിതിയുടെ പരിശോധനയില്ലാതെ അനുമതി നീട്ടി നൽകുന്നത് 1986ലെ പരിസ്ഥിതി നിയമത്തിനും ചട്ടങ്ങൾക്കും 2006ലെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിനും എതിരായതിനാൽ ഭരണഘടനാവിരുദ്ധമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ ഖനനാനുമതിയുടെ കാര്യത്തിൽ വിദഗ്ദ്ധ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. കണ്ണൂർ സ്വദേശി ജിജോ ജോയ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
2022ലെ വിജ്ഞാപനത്തോടെ, വിദഗ്‌ദ്ധ സമിതി നൽകിയ പരിസ്ഥിതി അനുമതിയുടെ കാലാവധി കഴിഞ്ഞാലും ഖനനം തുടരാമായിരുന്നു.
സംസ്ഥാന പരിസ്ഥിതി ആഘാതപഠന അതോറിറ്റി അഞ്ചു വർഷത്തേക്കാണ് അനുമതി നൽകുന്നതെന്നും വിദഗ്ദ്ധ സമിതിയുടെ പരിശോധനയില്ലാതെ ഇത് നീട്ടുന്നത് സംരക്ഷണ നിയമ ലംഘനമാണെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സംസ്ഥാന പരിസ്ഥിതി അതോറിറ്റിയും സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |