തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ 'എ' ഗ്രൂപ്പ് ഉന്നയിച്ച വിമർശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം അറിയിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന 'എ' ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് നേതൃത്വത്തിന്റെ വിശദീകരണം. നടപടി വേണ്ടെന്ന് അന്ന് നിലപാടെടുത്തവർ ഇപ്പോൾ എതിർപ്പ് ഉയർത്തുകയാണെന്നും ഇത് വിഭാഗീയതയുടെ ഭാഗമാണെന്നും കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ കേസിന്റെ വിവരം ക്രൈംബ്രാഞ്ച് സംഘം സ്പീക്കർ എ എൻ ഷംസീറിനെ അറിയിച്ചേക്കും. അടുത്തയാഴ്ചയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഡി ജി പിക്ക് ഇമെയിൽ വഴി പത്ത് പരാതികൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനായ അഡ്വ. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഷിന്റോ പരാതി നൽകിയത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ. അന്വേഷണ സംഘം പുറത്തുവന്ന ശബ്ദരേഖകളുടെ ആധികാരികത പരിശോധിക്കും. ശേഷം ഈ ശബ്ദങ്ങളുടെ ഉടമകളെ കണ്ടെത്തി അവരുടെ മൊഴിയെടുക്കും. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |