കൊച്ചി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ അടിയന്തര ചികിത്സാസഹായം നൽകുന്ന കേന്ദ്രപദ്ധതി കേരളത്തിൽ നടപ്പാക്കാൻ വൈകും. പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങിയെങ്കിലും ഈ സാമ്പത്തിക വർഷം പദ്ധതി ഉറപ്പില്ലെന്ന് നോഡൽ ഏജൻസിയായ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരയാകുന്നവർക്കും ചികിത്സാധനം കിട്ടുന്ന പദ്ധതിയാണ് ഇഴയുന്നത്. ആറു സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി കഴിഞ്ഞവർഷം തുടങ്ങിയിരുന്നു.
വാഹനാപകടങ്ങൾക്ക് ഇരയാകുന്ന ഓരോരുത്തർക്കും ആദ്യ ഏഴു ദിവസത്തെ ചികിത്സയ്‌ക്കായാണ് ഒന്നരലക്ഷം വരെ നൽകുന്നത്. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. ട്രോമ കെയർ സൗകര്യമുള്ള ആശുപത്രികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ബിൽ തുക ആശുപത്രികൾക്ക് നേരിട്ട് ക്ലെയിം ചെയ്യാം. ജീവൻ രക്ഷയ്‌ക്ക് നിർണായകമായ 'ഗോൾഡൻ അവറി"ൽ പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രായമോ വരുമാനമോ പ്രശ്നമല്ല.
ജനറൽ ഇൻഷ്വറൻസ് കമ്പനികളും കേന്ദ്രസർക്കാരും സംയുക്തമായാണ് ഫണ്ട് കണ്ടെത്തുക. അപകടത്തിന് ഇടയാക്കിയ വാഹനത്തിലുള്ളവർക്ക് പരിക്കേറ്റാലും സഹായം ലഭിക്കും. അപകടങ്ങൾ 24 മണിക്കൂറിനകം പൊലീസിൽ റിപ്പോർട്ട് ചെയ്യണം.
ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ യോജ്‌ന പ്രകാരം രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനുള്ള വിജ്ഞാപനം ഗതാഗത മന്ത്രാലയം 2025 മേയ് 5ന് പുറത്തിറക്കിയിരുന്നു. കേരളത്തിൽ അറുനൂറിലധികം ആശുപത്രികളെ ഉൾപ്പെടുത്താനായിരുന്നു ഒരുക്കം.
ഒരുക്കാനുണ്ട്, സംവിധാനങ്ങൾ
കേന്ദ്ര പദ്ധതിയിൽ നിഷ്കർഷിക്കുന്ന സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ജില്ല കളക്ടർമാരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ, അപേക്ഷകൾക്ക് ലോഗിൻ സംവിധാനം, പരാതി പരിഹാര സമിതി, ആശുപത്രികളുമായി ധാരണാപത്രം, ക്ലെയിമുകൾക്ക് ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം തുടങ്ങിയവ ഇതിൽപ്പെടും.
ഫണ്ട് വരുന്നത്?
ഇൻഷ്വറൻസ് ഉള്ള വാഹനങ്ങളുടെ അപകടങ്ങൾക്ക് അതത് ഇൻഷ്വറൻസ് കമ്പനികൾ ബിൽ തുക കൈമാറും. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരയാകുന്നവർക്ക് കേന്ദ്ര ഫണ്ടിൽ നിന്ന് തുക നൽകും.
ചികിത്സാസഹായം ഇതുവരെ അനുവദിച്ചവരുടെ എണ്ണം: 4971.
ഇൻഷ്വർ ചെയ്യാത്ത വാഹനങ്ങളുടെ അപകടത്തിന് കേന്ദ്രം നീക്കിവച്ചത് (2025-'26): 272 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |