ഓണവിപണി എന്നും വൻകിട കച്ചവടക്കാരുടേതാണ്. വമ്പൻ മാളുകളും കച്ചവടകേന്ദ്രങ്ങളും കൂണുപോലെ മുളച്ചുവരുമ്പോൾ ഞെരിഞ്ഞമരുന്ന ഒരു വിഭാഗം എന്നും കർഷകരാണ്. അക്കൂട്ടത്തിൽ പൂ കർഷകർ മുതൽ നെൽകർഷകർ വരെയുണ്ട്. തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്ര അതിർത്തിയിലുമെല്ലാം ഓണത്തെ ലക്ഷ്യംവച്ച് ഒരുക്കിയ പൂക്കൃഷിയിടങ്ങൾ മഴ ശക്തമായതോടെ നശിച്ചു. കേരളത്തിലെ കൃഷിക്കാരും അവിടെ കൃഷി ചെയ്തിരുന്നു. സംസ്ഥാനത്തിനകത്ത് പ്രാദേശിക പൂക്കൃഷിയും ഈയാണ്ടിൽ ചുരുങ്ങി. കഴിഞ്ഞവർഷം പ്രാദേശികമായി കൃഷി വ്യാപകമായി ചെയ്തതിനാൽ പൂക്കൾ സമൃദ്ധമായിരുന്നു. വിലയും താരതമ്യേന കുറഞ്ഞു നിന്നു. എന്നാൽ കഴിഞ്ഞവർഷം ഓണത്തിനുശേഷം ചിലയിടങ്ങളിൽ ചെണ്ടുമല്ലി അടക്കം വിരിഞ്ഞത്. അത് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കി. ചെണ്ടുമല്ലി അടക്കമുള്ള ചെടികൾക്ക് നല്ല വെയിൽ വേണം. മഴ പെയ്താൽ പൂ വിരിയില്ല. കഴിഞ്ഞ മൂന്നുമാസമായി ദക്ഷിണേന്ത്യയിൽ പരക്കെ മഴയുണ്ട്. കേരളത്തിലും കഴിഞ്ഞ വർഷത്തേക്കാൾ മഴ കൂടുതലാണ് ഇത്തവണ ലഭിച്ചത്. കലാലയങ്ങളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലുമെല്ലാമുള്ള ഓണാഘോഷങ്ങളാണ് പൂവിപണിയെ സജീവമാക്കുന്നത്. പക്ഷേ, ഇക്കുറിയും കർഷകന് ലാഭമുണ്ടായില്ല.
പൂക്കൃഷിയിൽ കുറവ് 60 ശതമാനമായിരുന്നു. ചെണ്ടുമല്ലി കേരളത്തിലേക്ക് മാത്രം കയറ്റി അയയ്ക്കാനാണ് തമിഴ്‌നാട്ടിലും കർണാടകയിലും കൃഷി ചെയ്യുന്നത്. കഴിഞ്ഞവർഷം കേരളത്തിലും പൂക്കൃഷി വ്യാപകമായിരുന്നതിനാൽ ഈയാണ്ടിൽ ലാഭം കിട്ടില്ലെന്ന് കരുതി അവർ കൃഷി ചെയ്തില്ല. ചിക്കമംഗ്‌ളുരു, ഡിണ്ടിഗൽ, നിലക്കോട്ട, ആന്ധ്രയിലെ കുപ്പം, കൃഷ്ണഗിരി, ഹൊസൂർ, മൈസൂർ, മാണ്ഡ്യ, സത്യമംഗലം എന്നിവിടങ്ങളിലാണ് കൃഷിയുള്ളത്. എന്നാൽ മഴ കാരണം പലയിടങ്ങളിലും മൊട്ടിട്ട നിലയിലാണ്. തൃശൂരിലെ കർഷകരും അവിടെ കൃഷിയിറക്കാറുണ്ട്. അയൽ സംസ്ഥാനങ്ങളിലും കേരളത്തിലും ഒരുപോലെ പൂക്കൃഷി കുറഞ്ഞത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
കാലം തെറ്റുന്ന കാലാവസ്ഥ
ഓണവിപണിയിൽ കരിനിഴൽ വീഴ്‌ത്തി കനത്ത മഴ പെയ്തപ്പോൾ ഒലിച്ചുപോയത് കർഷകരുടെ ജീവിതമായിരുന്നു. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും മറ്റും തറവാടക നൽകി ഓണത്തിന് കച്ചവടം നടത്താനെത്തിയവർ നിരാശയിലായി. ഓണത്തിന് മുമ്പുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസങ്ങൾ. പക്ഷേ, കനത്ത മഴ പൂവിപണിയെ തകർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇത്തവണ പൂ വിപണിയിൽ ഉണ്ടായത്. എന്നാൽ കഴിഞ്ഞദിവസം മുതൽ മഴ ആരംഭിച്ചതോടെ കച്ചവടം പത്തിലൊന്നായി കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ പൂവിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കയറി. കച്ചവടം ആരംഭിച്ച ഉടനെ നിറുത്തേണ്ട സാഹചര്യമാണുണ്ടായത്. മൊത്തക്കച്ചവടക്കാർ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നും പറയുന്നു.
ചെങ്ങാലിക്കോടനും നഷ്ടം
ഓണവിപണിയിൽ 'താര"മായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ കിട്ടാക്കനിയാണ്. ജലസേചന സൗകര്യമുള്ള കൃഷിഭൂമിയില്ലാത്തതും കാലം തെറ്റിയ മഴയും വന്യമൃഗ ശല്യവുമാണ് വിപണിയിൽ വില്ലനായത്. അത്തം മുതൽ കിലോഗ്രാമിന് വില എഴുപതിൽ നിന്നും 120 വരെ ആയെങ്കിലും വിൽപ്പനയ്ക്ക് കുല വെട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. വാഴാനി പുഴയുടെ തീരത്തെ കൃഷി ഭൂമിയിൽ വെള്ളം കയറി വാഴകൾ മറിഞ്ഞു വീഴുന്നതിനാൽ മേയ് -ജൂൺ മാസങ്ങളിൽ ചെറിയ വിലയ്ക്ക് കുല വെട്ടി വിറ്റു. ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്‌സ് അസോസിയേഷനിലെ മൊത്തം കർഷകർ വെച്ച പതിനായിരക്കണക്കിന് വാഴ കന്നുകളിൽ കാട്ടുപന്നി ശല്യവും പിണ്ടി രോഗവും മഴയും മൂലം പകുതിയോളം നശിച്ചു.
മൂല്യവർദ്ധിത
ഉത്പന്നങ്ങളേറെ
കഴിഞ്ഞ മൂന്നുവർഷക്കാലമായി എരുമപ്പെട്ടി പഞ്ചായത്തിലെ ഭിന്നശേഷി കുടുംബശ്രീ സംരംഭമായ ജനനി ജെ.എൽ.ജി. ഗ്രൂപ്പ് ചെങ്ങാലിക്കോടൻ കായവറവ്, ശർക്കര വരട്ടി, നാലു വറവ് എന്നിവ ഓണത്തിന് വിൽപ്പന നടത്തുന്നുണ്ട്. ബനാന ഗ്രോവേഴ്‌സ് അസോസിയേഷനും ഇത്തവണ ചെങ്ങാലിക്കോടൻ കായവറവുകൾ ചെയ്യുന്നുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടെങ്കിലും ആവശ്യത്തിന് നേന്ത്രക്കായ കിട്ടാത്തത് പ്രതിസന്ധിയാവുകയാണ്. കാഴ്ചക്കുലയ്ക്കും ക്ഷാമമാണ്. പ്രത്യേക പരിചരണം നൽകി ഒരുക്കിയെടുക്കുന്ന ചെങ്ങാലിക്കോടൻ നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകൾ. ഓണവിപണിയെ ലക്ഷ്യമാക്കി മാത്രമാണ് കാഴ്ചക്കുലകൾ ഒരുക്കുന്നത്. ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണം നിലവിലുള്ളതിനാൽ കേച്ചേരി മാർക്കറ്റിലും കുന്നംകുളം മാർക്കറ്റിലുമാണ് ഏറ്റവും നല്ല കാഴ്ചക്കുലകൾ എത്തുക. കാഴ്ചക്കുലകളൊരുക്കുന്നതിന് കർഷകർ 50 ഓളം വാഴകൾ മാത്രമെ കൃഷി ചെയ്യാറുള്ളൂ. ചെങ്കൽ മണ്ണുള്ള പ്രദേശത്ത് കുഴിയെടുത്ത് മണ്ണിൽ തീയിട്ട ശേഷം ആണ് വാഴക്കന്നുകൾ നടുക. ഓണം ചിങ്ങം ആദ്യമെങ്കിൽ വലിയ കന്നും, അവസാനമാണെങ്കിൽ ചെറിയ കന്നും ആണ് നടാൻ ഉപയോഗിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ജൈവവളപ്രയോഗം നടത്തലും ചുട്ട മണ്ണ് കടയ്ക്കലിടലും ഒന്നിടവിട്ട ദിവസങ്ങൾ ജലസേചനവും ചാരം ചേർക്കലും എല്ലാം പ്രത്യേകമായി ചെയ്താണ് കാഴ്ചക്കുലകൾ ഒരുക്കുന്നത്. നല്ല കരച്ചന്തമുള്ള കായകൾ ഉണ്ടാക്കുന്നതിനായി കുലകളെ പൊതിഞ്ഞു കെട്ടും. കായ്കൾ ഉഴിഞ്ഞ് ആകൃതി വരുത്തലും ചെയ്യാറുണ്ട്. ഏഴ് മുതൽ ഒമ്പത് പടലകളുള്ള കുലകളാണ് ലക്ഷണമൊത്ത കാഴ്ചക്കുലകൾ. ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്‌സ് അസോസിയേഷനിൽ അംഗങ്ങൾ 45 പേരുണ്ട്. കൃഷിയിറക്കാൻ കൂടുതൽ കരഭൂമിയും ജലസേചന സൗകര്യവും ലഭ്യമാക്കണം. ഇല്ലെങ്കിൽ വരും വർഷങ്ങളിൽ ചെങ്ങാലിക്കോടൻ കൃഷി പ്രതിസന്ധിയിലാകുമെന്നാണ് കർഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |