ലക്‌നൗ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52കാരിയെ കൊലപ്പെടുത്തി 26കാരനായ കാമുകൻ. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. റാണി എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ഇവർ നിർബന്ധിച്ചതും വാങ്ങിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയായ അരുൺ രജ്‌പുതിന്റെ മൊഴി.
ഓഗസ്റ്റ് 11നാണ് മെയിൻപുരിയിലെ കർപ്പാരി ഗ്രാമത്തിൽ നിന്ന് ഒരു സ്‌ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ സ്‌ത്രീകളെ സംബന്ധിച്ച പരാതികൾ പരിശോധിച്ചു. അന്വേഷണത്തിനൊടുവിൽ, ഫറൂഖാബാദ് സ്വദേശിനി റാണിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകിയെ കണ്ടെത്തിയെന്നും മെയിൻപുരി എസ്‌പി അരുൺകുമാർ സിംഗ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് അരുണും റാണിയും പരിചയപ്പെട്ടത്. നമ്പർ കൈമാറിയ ശേഷം ഫോണിലൂടെ ഇവർ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ പലതവണ നേരിൽ കാണുകയും ചെയ്‌തിട്ടുണ്ട്. കൊലപാതക ദിവസവും അരുണിനെ കാണുന്നതിനായി റാണി ഫറൂഖാബാദിൽ നിന്ന് മെയിൻപുരിയിലേക്കെത്തി. ഇവർ വിവാഹക്കാര്യം സംസാരിച്ചു. അരുൺ പലതവണയായി വാങ്ങിയ 1.5 ലക്ഷം രൂപയും തിരികെ ആവശ്യപ്പെട്ട് തർക്കമായി. ഇതോടെ സ്‌ത്രീ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. അരുൺ കൈക്കലാക്കിയ റാണിയുടെ ഫോണും പൊലീസ് കണ്ടെടുത്തു.
പ്രായം കുറച്ച് കാണിക്കാനായി സ്‌ത്രീ ഇൻസ്റ്റഗ്രാമിൽ ഫിൽറ്റർ ഉപയോഗിച്ചിരുന്നതായി പ്രതി പറയുന്നു. ആദ്യമായി നേരിൽ കണ്ടപ്പോഴാണ് അവരുടെ യഥാർത്ഥ പ്രായം മനസിലായത്. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണെന്ന വിവരവും സ്‌ത്രീ മറച്ചുവച്ചു. ഇക്കാരണങ്ങൾ കൊണ്ടാണ് അവരെ വിവാഹം കഴിക്കാൻ തയ്യാറാകാത്തതെന്നും അരുൺ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |