നിരവധി വെെവിദ്ധ്യങ്ങൾ നിറഞ്ഞ ജനസമൂഹങ്ങളാൽ സമ്പന്നമാണ് ലോകം. പല ഇടങ്ങളിൽ ഉള്ളവർക്കും വ്യത്യസ്ത ആചാര - അനുഷ്ഠാനങ്ങൾ ഉണ്ട്. തങ്ങളുടെ പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒറ്റപ്പെട്ട് താമസിക്കുന്നവരാണ് ഗോത്ര സമൂഹം. അത്തരത്തിൽ വെനസ്വേലയുടെയും ബ്രസീലിന്റെയും അതിർത്തിയിലെ ആമസോൺ മഴക്കാടുകളിൽ കഴിയുന്ന യാനോമാമി എന്ന ഗോത്ര വിഭാഗത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അവർക്ക് ഒരുവിചിത്ര ആചാരമുണ്ട്. മരിച്ചവരുടെ ആത്മാക്കളെ സന്തോഷിപ്പിക്കാൻ അവരുടെ ചിതാഭസ്മം ഭക്ഷണമാക്കുന്നതാണ് ഇവരുടെ രീതി. ഈ കാലഘട്ടത്തിലും അവർ ഈ വിചിത്ര ആചാരം തുടരുന്നതായി പറയപ്പെടുന്നു.
യാനോമാമി
ഏകദേശം 35,000ത്തോളം അംഗങ്ങളുള്ള ഗോത്രവർഗമാണ് യാനോമാമി. മഴക്കാടുകൾക്കുള്ളിൽ 250 ഓളം ഗ്രാമങ്ങളിലായാണ് ഇവരുടെ വാസം. അർദ്ധ നഗ്നരായിട്ടാണ് ജീവിക്കുന്നത്. മൃഗങ്ങളെ വേട്ടയാടൽ, മീൻപിടുത്തം, കൃഷി എന്നിവ ചെയ്ത് ജീവിക്കുന്ന ഇവരുടെ വിശ്വാസങ്ങൾ വളരെ വ്യത്യസ്തമാണ്. ചില പക്ഷികളെ ഇവർ വേട്ടയാടാറില്ല. വേട്ടയാടപ്പെടുന്ന പക്ഷിയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിച്ചാൽ ജീവിതത്തിൽ സമാധാനമുണ്ടാവില്ലെന്നതാണ് കാരണം. ഇവരുടെ സങ്കൽപത്തിൽ മരണം സ്വാഭാവികമായ ഒന്നല്ല. മറിച്ച് ശത്രുപക്ഷത്തുള്ള ഗോത്ര വിഭാഗം തങ്ങളിൽ ഒരാളെ ലക്ഷ്യം വച്ച് ദുഷ്ടശക്തികളെ അയയ്കകുന്നത് മൂലമാണ് മരണമുണ്ടാകുന്നതെന്നതാണ് വിശ്വാസം. അതിനാൽ ഇവരുടെ മരണാനന്തര ചടങ്ങുകൾവളരെ വ്യത്യസ്തമാണ്. മരിച്ച വ്യക്തിയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയായി അവർ കരുതുന്നു. സംസ്കാര ചടങ്ങുകൾ നടത്താത്ത പക്ഷം ജീവലേകത്ത് തന്നെ അവർ തുടരുന്നമെന്നും വിശ്വാസം ഉണ്ട്.
സംസ്കാര ചടങ്ങുകൾ
ഒരാൾ മരണപ്പെട്ടാൽ ഇവർ പെട്ടെന്ന് ശവസംസ്‌കാരം നടത്താറില്ലെന്നാണ് റിപ്പോർട്ട്. പകരം ആദ്യം കാടിനുള്ളിൽ 30 മുതൽ 45 ദിവസം വരെ ഇലകൾ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം സൂക്ഷിക്കുന്നു. ശരീരം അഴുകി അസ്ഥി മാത്രമാകുന്ന അവസ്ഥയിൽ ഈ എല്ലുകൾ ശേഖരിക്കുന്നു. ശേഷമാണ് ചടങ്ങ് തുടങ്ങുന്നത്. മരണം നടന്ന് ഒരു മാസത്തിലേറെ പിന്നിടുമെങ്കിലും ആ സമയത്താണ് ഗോത്രത്തിലെ ഒരാളെ നഷ്ടപ്പെട്ടതിന്റെ മുഴുവൻ വേദനയും അവർ കരച്ചിലിലൂടെ പ്രകടമാക്കുന്നത്. ശേഷം അസ്ഥികൾ സംസ്കരിച്ചശേഷം ആ ചാരം പുളിപ്പിച്ച വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന ഒരു സൂപ്പിനൊപ്പം ചേർത്ത് ഗോത്ര സമൂഹത്തിലെ എല്ലാ അംഗങ്ങളും കുടിക്കുന്നു.
ഇത് കുടിക്കേണ്ടത് നിർബന്ധമായ കാര്യമായതിനാൽ ആർക്കും മാറിനിൽക്കാൻ കഴിയില്ല. ശത്രുഗോത്രങ്ങൾ കൊലപ്പെടുത്തിയ വ്യക്തിയുടെ ചിതാഭസ്മം ഗോത്രത്തിലെ സ്ത്രീകൾക്ക് മാത്രമേ കുടിക്കാൻ അനുവാദമുള്ളൂ. മാത്രമല്ല കൊലപാതകം നടന്ന അതേ രാത്രി ശത്രുവിനോട് പ്രതികാരവും ചെയ്യും. ശത്രുവിനോട് ആക്രമണം നടത്തി തിരിച്ച് പ്രതികാരം ചെയ്യാൻ ഗ്രാമവാസികൾ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്. ശത്രുവിനോട് പ്രതികാരം പൂർത്തിയാക്കിയാൽ മാത്രമേ ചിതാഭസ്മം കുടിക്കാൻ പാടുള്ളൂ. അതുവരെ അവ സൂക്ഷിച്ച് വയ്ക്കുന്നു.
കാരണം
വരും തലമുറകൾക്ക് തുണയായി മരണപ്പെട്ട വ്യക്തിയുടെ ആത്മാവ് നിലനിൽക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ചാരം കുടിക്കുന്നതെന്നാണ് വിശ്വാസം. മരണത്തിൽ പ്രതികാരം ചെയ്യാതെ ആത്മാവിന് മറ്റൊരു ലോകത്തേക്ക് അയയ്ക്കുന്നത് തെറ്റാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. കൂടാതെ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കിട്ടിയില്ലെങ്കിൽ അത് വലിയ ദോഷമായി കാണുന്നു. അസ്ഥിയുടെ ചാരം കുടിച്ചില്ലെങ്കിൽ ആത്മാവ് ഭൂമിയിൽ തന്നെ സന്തോഷമില്ലാതെ തുടരുമെന്നും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |