കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് മേജർ രവി. ബിജെപി നേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയ്യാറാണ് എന്നാണ് അവർ പറഞ്ഞത്. സ്വന്തം പാർട്ടിയിൽ അവർ തൃപ്തരല്ലെന്നും മേജർ രവി പറഞ്ഞു.
ശശി തരൂരിനെ ഒപ്പം നിർത്താൻ ബിജെപി തയ്യാറാവണമെന്നും മേജർ രവി ആവശ്യപ്പെട്ടു.'ശശി തരൂർ ബുദ്ധിജീവിയാണ്. ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിലിരുന്നയാളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ധാരണയുണ്ട്. ജനങ്ങൾക്കിടയിൽ പ്രശസ്തനാണ്. എന്നാൽ ഒരേ മുഖങ്ങളെത്തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ വ്യത്യസ്ത സ്വഭാവമാണ്. അത് മാറ്റിയെടുക്കണമെങ്കിൽ ജനങ്ങൾക്കിടയിൽ പ്രശസ്തരായ ആളുകൾ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.
ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഞാൻ ഉണ്ടായിരുന്നു. എന്നാൽ എന്നേക്കാൾ കഴിവുള്ള ആളുകൾ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നുകരുതി വേറെ പാർട്ടിയിലേയ്ക്ക് പോകില്ല എന്നും അറിയിച്ചു'- മേജർ രവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |