പാലക്കാട്: ജില്ലയിലെ പൈതൃക ഉല്പന്നമായ രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദറിയാൻ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഭക്ഷണപ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. പോഷക സമൃദ്ധമായ കൊതിയൂറും രാമശ്ശേരി ഇഡ്ഡലിക്ക് നൂറ്റമ്പത് വർഷത്തെ പാരമ്പര്യവും ഭൗമ സൂചിക പദവിയുമുണ്ട്. ഇത്രയും പ്രാധാന്യമേറിയ രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കി ഉപജീവനം നടത്തുന്ന ഒമ്പത് കുടുംബങ്ങൾക്ക് ഇനി എത്ര കാലം ഇങ്ങിനെ തുടരും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഏത് സംരംഭവും മുന്നോട്ട് പോകുന്നത് അന്തസോടെ ജീവിക്കാനുള്ള മാന്യമായ വരുമാനവും കൂടി ലഭിക്കുമ്പോഴാണ്.150 വർഷങ്ങൾ പിന്നിടുന്ന ഒരു സംരംഭമായിട്ട് കൂടി സർക്കാരിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി രാമശ്ശേരി ഇഡ്ഡലി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വരും തലമുറയ്ക്ക് വേണ്ടി സ്വാദിഷ്ഠമായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കുന്ന കുടുംബങ്ങളെയും അന്തസ്സോടെ നിലനിറുത്താനായുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഇഡ്ഡലി ഗുണമേന്മയോടെ ഉണ്ടാക്കുക, നല്ല വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം കുടുംബങ്ങൾക്ക് ഉറപ്പാക്കുക, കാലഘട്ടത്തിന് അനുയോജ്യമായ നല്ല സംരംഭകരാക്കി ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ രാമശ്ശേരി ഗാന്ധി ആശ്രമം ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി നടപ്പിലാവുന്നതോടെ രാമശ്ശേരി ഇഡ്ഡലി ആവശ്യമനുസരിച്ച് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനാവും. ഇന്ന് വൈകീട്ട് 4ന് ഭൂദാന പദയാത്രയുടെ ചരിത്രം ഉറങ്ങുന്ന രാമശ്ശേരി ഗ്രാമത്തിലെ പാവോടിയിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |