തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. ഓണവിപണിയിൽ മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. മൂന്ന് സ്‌ക്വാഡുകളായാണ് ജില്ലയിൽ വ്യാപകമായ പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്രി ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തിൽ പരമാവധി മൂന്ന് പേർ വരെയുണ്ടാകും.
തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. ഈ മാസം ആദ്യം തുടങ്ങിയ പരിശോധന ഉത്രാടംദിനം വരെയുണ്ടാകും. കച്ചവടത്തിനായി ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നത് മുൻകൂട്ടി കണ്ട് ഇതിന് തടയിടുകയാണ് ലക്ഷ്യം. പ്രധാനമായും ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങളിലാണ് പരിശോധന. ശുചിത്വമുറപ്പാക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറിയടക്കമുള്ള ഭക്ഷണവിൽപ്പന ശാലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ആഹാര സാധനങ്ങൾ കാക്കനാട് ലാബിൽ അയച്ച് പരിശോധിച്ചതിന് ശേഷം മറ്റ് നിയമപരമായ നടപടികൾ പൂർത്തീകരിച്ച് കോടതി നിർദ്ദേശപ്രകാരമാണ് കേസെടുക്കുക. ഇതിന് കാലതാമസമുണ്ടാകും.
ഇതുവരെ 113 കേസുകൾ
ജില്ലയിൽ ഇതുവരെ 113 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം ഉടുമ്പൻചോല, ഇടുക്കി എന്നിവിടങ്ങളിലായി നടത്തിയ അദാലത്തിൽ 1.3 ലക്ഷം രൂപയാണ് പിഴയീടാക്കിയത്.
മായമുണ്ടോ- വിളിക്കാം ടോൾ ഫ്രീ നമ്പറിൽ
ഗുണനിലവാരമില്ലാത്തതോ മായം ചേർത്തതോ ആയ ഭക്ഷണപദാർത്ഥങ്ങളുടെ ഉത്പാദനം വിതരണം ലൈസൻസില്ലാത്ത വിൽപ്പന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.
'ജില്ലയിൽ മാസങ്ങളായി പരിശോധന കാര്യക്ഷമമാണ്. ഓണത്തിനോടനുബന്ധിച്ച് ഇത് ഒന്ന്കൂടി ഊർജ്ജിതമാക്കിയെന്ന് മാത്രം. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും.
-ബൈജു പി ജോസഫ് ( ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷ്ണർ, ഇടുക്കി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |