വായുവും ജലവും പരിസ്ഥിതിയുമെല്ലാം മലിനപ്പെടാതെ കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യത്തിന്റെ കാവലാൾ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ. ബോർഡിന്റെ എല്ലാ സുപ്രധാന സ്ഥാനങ്ങളിലും ഇരുന്ന ഭരണ നൈപുണ്യവുമായി ബോർഡിനെ നയിക്കുന്ന ശ്രീകല എസ്. സംസാരിക്കുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങളുടെ നിയമപരമായ സാധുത?
മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) പ്രവർത്തനം പാർലമെന്റ് പാസാക്കിയ വാട്ടർ ആക്ടിന്റെ അടിസ്ഥാനത്തിലാണ്. 1972ൽ സ്വീഡനിൽ നടന്ന സ്റ്റോക്ഹോം കൺവെൻഷന് ശേഷമാണ് ലോകത്ത് ഈ നിയമം നടപ്പിലാക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. പരിസ്ഥിതി സൗഹൃദ രാജ്യമാണ് സ്വീഡൻ. 1974ൽ ഇന്ത്യയിലും ഇത് സംബന്ധിച്ച വാട്ടർ ആക്ട് നിലവിൽ വന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകളുടെ പ്രവർത്തനം ആദ്യഘട്ടത്തിൽ ജലത്തെ കേന്ദ്രീകരിച്ച് മാത്രമായിരുന്നു. പിന്നീട് എയർ ആക്ടും, ഇ.പി ആക്ടും നിലവിൽ വന്നു.
ആദ്യഘട്ടത്തിൽ ജലാശയങ്ങൾ ഉൾപ്പടെ എല്ലായിടത്തും ശുദ്ധത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പുഴകളിൽ നിന്നുള്ള സാമ്പിൾ ശേഖരണവും പരിശോധനയും ഇന്നും തുടരുന്നു. 1974 മുതൽ ജലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വായു മലിനീകരണ നിയന്ത്രണത്തിനായി 1981ൽ എയർ ആക്ടും നിലവിൽ വന്നു. കേരളത്തിൽ ഘട്ടം ഘട്ടമായാണ് എയർ ആക്ട് നടപ്പാക്കിയത്. വെള്ളവും വായുവും മാത്രമല്ല പരിസ്ഥിതിയെ ബാധിക്കുന്നതെന്ന് മനസിലാക്കി 1986 ൽ പരിസ്ഥിതി സംരക്ഷണ ആക്ടും റൂളും നിലവിൽ വന്നു. ഇതിലൂടെ പ്ലാസ്റ്റിക്കും ആശുപത്രി മാലിന്യങ്ങളും ഉൾപ്പെടെയുള്ള എല്ലാതരം പാരിസ്ഥിതിക പ്രശ്നങ്ങളെയും ബാധിക്കുന്ന മലിനീകരണങ്ങളെ നിയന്ത്രിക്കാനായി. ഈ ആക്ടുകളുംം റൂളുകളും പ്രകാരം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് പി.സി.ബിയുടെ ദൗത്യം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനം എങ്ങനെയാണ്?
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങളിൽ പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ സർക്കാരിന് നിയമ -സാങ്കേതിക ഉപദേശങ്ങൾ നൽകുന്നത് ഉൾപ്പെടുന്നു. ക്വാസി ജുഡീഷ്യൽ ബോഡി ആയതിനാൽ ഏകോപനമാണ് ബോർഡിന്റെ ചുമതല. മറ്റുവകുപ്പുകളെ ഏകോപിപ്പിച്ച് അവർക്ക് മാർഗനിർദ്ദേശം നൽകി പ്രവർത്തന ഘട്ടത്തിലേക്ക് എത്തിച്ച് ലക്ഷ്യത്തിലെത്തിക്കുകയാണ് ബോർഡിന്റെ ദൗത്യം. എല്ലാ ജില്ലകളിലും പി.സി.ബിയ്ക്ക് ഓഫീസുകളും ലബോറട്ടറികളുമുണ്ട്. കൊച്ചിയിൽ സെൻട്രൽ ലാബും കോഴിക്കോട് റീജിയണൽ ലാബും, തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളുമുണ്ട്. റീജിയണൽ ഓഫീസുകൾക്ക് കീഴിൽ ബോർഡിന്റെ ജില്ലാ ഓഫീസുകളും പ്രവർത്തിക്കുന്നു. 17അംഗബോർഡിന് ചെയർമാനും മെമ്പർ സെക്രട്ടറിയുമുണ്ട്.
കേരളത്തിലെ വായുമലിനീകരണം അപകടാവസ്ഥയിലാണോ?
കേരളത്തിൽ വായുമലിനീകരണം നിയന്ത്രണ വിധേയമാണ്. കേരളത്തിൽ എയർ ക്വാളിറ്റി ഇൻഡക്സ് വാല്യൂ 50(Good) നും 100 (Satisfactory) ഇടയിലാണ്. കൊവിഡ് കാലത്ത് 50നും താഴെയെത്തി. കേരളത്തിന്റെ പരിസ്ഥിതിഘടന അനുഗ്രഹീതമാണ്. സഹ്യപർവതവും അറബിക്കടലും കേരളത്തിന്റെ വായുമലിനീകരണത്തിന്റെ തോത് ഗണ്യമായിക്കുറയ്ക്കാൻ സഹായിക്കുന്ന സുരക്ഷാ കവചമാണ്. പാഴ് ജലത്തിന്റെ കാര്യത്തിൽ അഡ്വാൻസിഡ് ട്രീറ്റ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെള്ളം പുനരുപയോഗിക്കുന്നതിനുള്ള സാദ്ധ്യതകൾ തേടണം.
സംസ്ഥാനത്ത് മാലിന്യസംസ്കരണം ശരിയായ രീതിയിലാണോ?
നിലവിലെ മാലിന്യസംസ്കരണ പദ്ധതികൾ കാര്യക്ഷമമാണ്. എന്നാൽ നമുക്ക് നല്ല മാതൃകകൾ വേണം. ചിമ്മിനിയിൽ നിന്ന് പുറത്തുവരുന്ന പുകയെ ട്രീറ്റ് ചെയ്ത് പുറംതള്ളുന്ന മികച്ച സംവിധാനങ്ങൾ വേണം. ഇതിനായി അത്യാധുനിക സംവിധാനങ്ങളുടെ സാദ്ധ്യത പരിശോധിക്കാവുന്നതാണ്.
മലിനീകരണമില്ലാത്ത മാലിന്യമുക്ത നാടിലേക്ക് എത്താനുള്ള മാർഗം?
മാലിന്യമുക്ത നാടിനായി സർക്കാരിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്. 42ാം ഭരണഘടനാ ഭേദഗതിപ്രകാരം സർക്കാരിനും വ്യക്തികൾക്കും ഒരുപോലെ ഉത്തരവാദിത്വം നിർവചിക്കുന്നു. സർക്കാരിന് പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പോലെ ഓരോ വ്യക്തിയും അതിന് വേണ്ടി പ്രയത്നിക്കണം. ഇത് രണ്ടും കൂടിച്ചേർന്നാൽ മാത്രമേ ലക്ഷ്യത്തിലെത്തു. സ്കൂൾ കരിക്കുലത്തിൽ ഇതിന് വേണ്ടിയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രൈമറി തലത്തിൽ നിന്നു തന്നെ ആരംഭിക്കണം.
പി.സി.ബിയ്ക്കൊപ്പമുള്ള യാത്രയെ കുറിച്ച്?
1992ൽ പി.സി.ബിയിൽ അസി.എൻജനിയറായി ജോലിയിൽ പ്രവേശിച്ചു. അസി. എൻജിനിയറായി തുടങ്ങി ചീഫ് എൻജിനിയർ വരെ തസ്തികളിൽ പ്രവർത്തിക്കുകയും 2019 മുതൽ 2022വരെ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് 2025ൽ സർക്കാർ സെലക്ഷൻ പ്രോസസിലൂടെയാണ് ചെയർപേഴ്സൺ പദവിയിലേക്ക് നിയമനം നടന്നത്. ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ ആയി പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ബോർഡിൽ മെമ്പർ സെക്രട്ടറിയായിരിക്കെ ലോകത്ത് പരിസ്ഥിതി സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ സ്വീഡനിൽ പോകാനും സ്റ്റോക്ഹോമിൽ പ്രശസ്തമായ സമ്മേളനം നടന്ന സ്ഥലം സന്ദർശിക്കാനും സാധിച്ചത് ജീവിത അഭിലാഷമായി കരുതുന്നു.
ഈ മേഖലയിലേക്കുള്ള വഴിത്തിരിവ് എങ്ങനെയായിരുന്നു?
കൊല്ലം അയത്തിൽ സരോജ മന്ദിരത്തിൽ റിട്ട. ഗവൺമെന്റ് ഉദ്യോഗസ്ഥരായ ജി. ശങ്കരന്റെയും കെ. സരോജിനിയുടെയും മകളായി ജനിച്ചു. ചവറ ഗവ. സ്കൂളിൽ പത്താം ക്ലാസ്, കൊല്ലം എസ്.എൻ കോളേജിൽ പ്രിഡഗ്രി, ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ ബി.ടെക്, തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് എം.ടെക്, നിലവിൽ പി.എച്ച്.ഡി ചെയ്യുന്നു. ഭർത്താവ് എ. വിശ്വംഭരൻ കൊച്ചി റിഫൈനറീസിൽ നിന്ന് ചീഫ് മാനേജരായി വിരമിച്ചു. ഫാഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദധാരിയായ മകൾ ചാന്ദ്നി, എം.ടെക് ബിരുദധാരിയായ മകൻ സൂരജ്, മരുമകൻ കെ. പ്രസന്ന (ലീഡ് എൻജിനിയർ വെസ്റ്റാസ് വിൻഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ) എന്നിവർ അടങ്ങുന്നതാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |