ബിഗ് ബോസിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾ ആഗ്രഹിക്കുന്നതിന് പിന്നിൽ രണ്ടുണ്ട് കാര്യം. ഒന്ന് ബിഗ് ബോസ് ഷോയുടെ പോപ്പുലാരിറ്റി, രണ്ടാമത് ഷോയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം . ബിഗ് ബോസിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞവരുണ്ട്. മത്സരാർത്ഥികൾ ചോദിക്കുന്ന പ്രതിഫലം നൽകിയാണ് ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കുന്നത്. ഹൗസിൽ എത്രദിവസമാണോ നിൽക്കുന്നത് അത്രയും ദിവസത്തെ പ്രതിഫലമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്. പ്രതിദിനം ഇത്ര രൂപ പ്രതിഫലം എന്ന നിലയിലാണ് മത്സരാർത്ഥികളുമായി കരാർ. അതേ സമയം തങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന് പുറത്തു പറയരുതെന്നും ബിഗ്ബോസിന്റെ കരാറിലുണ്ട്.
ബിഗ് ബോസ് സീസൺ 7ലെ മത്സരാർത്ഥികളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സീസണിൽ ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് അവതാരകനായ മോഹൻലാലിന് തന്നെയാണ്. 24 കോടി രൂപയാണ് മോഹൻലാലിന് പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആദ്യ സീസണിൽ 12 കോടിയും കഴിഞ്ഞ സീസണിൽ 18 കോടിയുമായിരുന്നു മോഹൻലാലിന് നൽകിയത്.
മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം അനുമോൾക്കാണ്. സീരിയൽ താരമായ അനുമോൾക്ക് ഒരു ദിവസം നൽകുന്നത് 50000 രൂപയാണെന്നാണ് വിവരം. രേണു സുധിക്കും ഇതേ പ്രതിഫലമാണ് നൽകുന്നതെന്നും റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുമ്പോഴാണ് രേണു സുധിയെ ബിഗ് ബോസിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇത്രയും പ്രതിഫലം നൽകിയിട്ടും അതിനനുസരിച്ചുള്ള കണ്ടന്റ് രേണു സുധി നൽകുന്നില്ലെന്നും വിമർശനമുണ്ട്.
നടൻ അപ്പാനി ശരതിനും സീരിയൽ താരം ഷാനവാസ് ഷാനുവിനും 35000 രൂപയാണ് പ്രതിദിന പ്രതിഫലം. മോഡലും സംരംഭകയുമായ ജിസേലിന്റെ ബിഗ് ബോസ് പ്രതിഫലം 30000 രൂപയുമാണ്. നടി ബിന്നി സെബാസ്റ്റ്യന് 25000, പുറത്തായ മുൻഷി രഞ്ജിത്തിന് 15000 രൂപ എന്നിങ്ങനെയാണ് പ്രതിഫലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |