കണ്ണൂർ: മൂന്നുകെട്ട് ബീഡിക്ക് വില ആയിരം രൂപ. കണ്ണൂർ ജയിലിനുളളിലാണ് ബീഡിക്ക് മോഹവിലയുള്ളത്. തടവുകാർ തന്നെയാണ് ജയിലിനുള്ളിലെ കച്ചവടക്കാരും. ശിക്ഷകഴിഞ്ഞിറങ്ങിയ ഒരാൾ സ്വകാര്യ വാർത്താചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ദിവസേന ജയിലിനുള്ളിലേക്ക് ബീഡിയുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കാറുണ്ടെന്നും പല തടവുകാരും മൊബൈൽഫോൺ ഉപയോഗിക്കാറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത് കിട്ടുന്ന ലഹരിവസ്തുക്കൾ ചില തടവുകാർ തന്നെയാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. അധികൃതരുടെ പരിശോധന ഉണ്ടെങ്കിലും അത് പേരിനുമാത്രമാണെന്നാണ് തടവുകാരൻ പറയുന്നത്. ജയിലിനുള്ളിൽ മദ്യവും കഞ്ചാവും സുലഭമാണെന്നും ഇയാൾ വെളിപ്പെടുത്തി.
അടുത്തിടെ, കണ്ണൂർ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി ഉല്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിലായിരുന്നു. പുതിയതെരു പനങ്കാവ് ശങ്കരൻകടയ്ക്ക് സമീപം കൊമ്പൻ ഹൗസിൽ കെ ആക്ഷയിനെയാണ് അറസ്റ്റുചെയ്തത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ലഹരിയുൾപ്പെടെയുളള വസ്തുക്കൾ ചാക്കിൽക്കെട്ടി ജയിൽവളപ്പിലേക്ക് എറിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കൾ ഉൾപ്പെടെ എറിഞ്ഞുകൊടുക്കുന്നതിന് ആയിരം രൂപയാണ് ഇയാൾക്ക് പ്രതിഫലം കിട്ടുന്നത്.22 കെട്ട് ബീഡി, അഞ്ചുപാക്കറ്റ് ഹാൻസ്, ഒരു മൊബൈൽ ഫോൺ എന്നിവയാണ് ഇയാൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചത്.
കണ്ണൂർ ജയിലിനുള്ളിൽ തടവുകാർ മൊബൈൽഫോണും ലഹരിവസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്നവരായിരുന്നു ഇതിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. ഗോവിന്ദച്ചാമി ജയിൽ ചാടിയശേഷം അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |