നിരക്ക് പരിഷ്‌കരണം സംബന്ധിച്ച് കേന്ദ്രം നൽകിയ ശുപാർശകൾ ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചതോടെ നിത്യോപയോഗ സാധനങ്ങൾക്ക് നികുതിയിൽ വലിയ കുറവുണ്ടാകുന്നത് വലിയ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് ജനങ്ങൾ സ്വാഗതം ചെയ്യുന്നത്. ഇന്ത്യക്കാർക്കുള്ള ദീപാവലി സമ്മാനവും കേരളീയർക്കുള്ള ഓണസമ്മാനവുമായി ഇതിനെ കാണാവുന്നതാണ്.
ചരക്ക് സേവന നികുതികൾ നാല് സ്ളാബിൽ നിന്ന് രണ്ടായി കുറച്ചു. ഇനിമുതൽ 5 %, 18 % എന്നിങ്ങനെ രണ്ട് സ്ളാബുകൾ മാത്രമേ ഉണ്ടാകൂ. 12 %, 28 % നികുതി സ്ളാബുകൾ ഇല്ലാതായി. ഇല്ലാതായ സ്ളാബുകളിൽ ഉൾപ്പെട്ടിരുന്നവ 5%, 18 % സ്ളാബുകളിലേക്ക് മാറ്റുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു. സെപ്തംബർ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തിൽ വരിക.
വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന് ബാധകമായ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യം പൂർണമായി അംഗീകരിച്ചു. മരുന്നുകൾ, ശസ്‌ത്രക്രിയാ ഉപകരണങ്ങൾ, ബാൻഡേജ്, ഗ്ളൂക്കോ മീറ്റർ തുടങ്ങിയവ 5 ശതമാന സ്ളാബിലേക്ക് വന്നതിനാൽ ചികിത്സാരംഗത്തെ കുതിച്ചുയരുന്ന ചെലവ് കുറയാൻ ഇടയാക്കും. ജി.എസ്.ടി നിലവിൽ വന്നതിനു ശേഷം വരുത്തുന്ന വലിയ പൊളിച്ചെഴുത്താണിത്. വരുമാനം കുറയുമെന്നതിനാൽ നഷ്ടപരിഹാരം വേണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഗുണകരമായതും പണം ലാഭിക്കാൻ വഴിയൊരുക്കുന്നതുമായ ഈ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചത് അഭിനന്ദനീയമാണ്. ആഴ്ചകൾക്ക് മുമ്പ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇതു സംബന്ധിച്ച സൂചന പ്രധാനമന്ത്രി മോദി നൽകിയിരുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ നടന്ന 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗമാണ് രണ്ട് സ്ളാബുകൾ ഒഴിവാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഇതിലൂടെ കേരളത്തിനുള്ള നഷ്ടം നേരിടാൻ കേന്ദ്രത്തിൽ നിന്ന് സഹായം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. ആഡംബര ഉത്‌പന്നങ്ങൾ, ലഹരിവസ്തുക്കൾ, പുകയില ഉത്‌പന്നങ്ങൾ എന്നിവയ്ക്കും ലോട്ടറിക്കും 40 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായത് കേരളത്തിന് വലിയ തിരിച്ചടിയാവും. പതിനായിരക്കണക്കിന് ലോട്ടറി വിൽപ്പനക്കാരുടെ ജീവനോപാധിയെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഇത് പാടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ലോട്ടറി ടിക്കറ്റിന്റെ വില നിലനിറുത്തിക്കൊണ്ട്, നികുതി കൂട്ടിയാൽ ഏജന്റ് കമ്മിഷനിലും സമ്മാനത്തുകയിലും കുറവുണ്ടാകാനിടയുണ്ട്. ഈ ആവശ്യം കാര്യകാരണ സഹിതം കണക്കുകളുടെ അകമ്പടിയോടെ ഇനിയും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നിൽ സമർപ്പിക്കാവുന്നതാണ്. നെഗറ്റീവ് ചരക്കുകളുടെ ഗണത്തിൽ കൂട്ടേണ്ട ഒന്നല്ല തീർച്ചയായും ലോട്ടറി.
7500 രൂപയിൽ താഴെ മുറിവാടകയുള്ള ഹോട്ടൽ താമസത്തിന് 12 ശതമാനമായിരുന്ന നികുതി 5 സ്ലാബിലേക്ക് വന്നു. ടൂറിസം രംഗത്തിന് പുതിയ ഉണർവ് നൽകാൻ ഇത് പ്രയോജനപ്പെടും.
ടി.വി, ചെറു കാറുകൾ, 350 സി.സിയിൽ കുറഞ്ഞ ബൈക്കുകൾ, എ.സി, ഓട്ടോറിക്ഷ, വാഷിംഗ് മെഷീൻ തുടങ്ങിയവയ്ക്കും വില കുറയും. മദ്ധ്യവർഗ കുടുംബങ്ങൾക്ക് ഇത് പകരുന്ന ആശ്വാസം ചെറുതല്ല.
ഓണം കഴിഞ്ഞാണ് നികുതി ഭാരം കുറയുന്നതെങ്കിലും അതിന്റെ സന്തോഷം ഈ ഓണനാളുകളെ കൂടുതൽ മധുരിമ ഉള്ളതാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കാം. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് കേരളകൗമുദിയുടെ ഹൃദയംഗമമായ ഓണാശംസകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |