ലോകത്ത് അനേകം ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും അവരുടെ ജന്മദിനത്തെക്കുറിച്ചും വിയോഗ ദിനത്തെക്കുറിച്ചും ലോകം ചിന്തിക്കാറേയില്ല. എന്നാൽ അപൂർവം ചിലരുടെ ജന്മദിനം ലോകം ആഘോഷിക്കുന്നു. അവരെയാണ് മഹാത്മാക്കളായി ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നത്. 171-ാം ശ്രീനാരായണ ഗുരുദേവ ജയന്തി നാം ആഘോഷിക്കുമ്പോൾ ഗുരുദേവന്റെ വ്യക്തിത്വമായി നമ്മളിൽ തെളിയുന്നത് ഗുരു ലോകത്തിനു നൽകിയ മഹത്വമാർന്ന സന്ദേശങ്ങളാണ്. ആ സന്ദേശത്തിന്റെ ആകെത്തെുക മനുഷ്യത്വവും മനുഷ്യ നന്മയുമാണ്. ഗുരുദേവൻ സഹോദരൻ അയ്യപ്പന് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ വിഖ്യാതമായ സന്ദേശം ഇങ്ങനെയാണ്: 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും, അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല."
മനുഷ്യനെ മനുഷ്യൻ തൊട്ടാൽ ആശുദ്ധമാകുമെന്നും, ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം ചെയ്യുന്നതിനും പരസ്പരം വിവാഹം ചെയ്യുന്നതിനുമൊക്കെ ജാതിയും മതവും എപ്പോഴും തടസമായി നിൽക്കുമ്പോഴും ഒരു നൂറ്റാണ്ടിനപ്പുറം ലോകനന്മയെ മാത്രം മുന്നിൽക്കണ്ട് ഗുരു നൽകിയ സന്ദേശങ്ങൾ സഫലീകൃതമാകാതിരിക്കുകയാണ്. 'ധരയിൽ നടപ്പത് തീണ്ടലായ" കാലം മാറിയെങ്കിലും, തീണ്ടലും തൊടീലുമൊക്കെ പല രൂപത്തിൽ ഒളിഞ്ഞും മറഞ്ഞും ഇവിടെ നിലനിൽക്കുന്നു എന്നതാണ് സത്യം. കൂടൽമാണിക്യവും ഗുരുവായൂരും ഒക്കെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.
മതവിദ്വേഷത്തിന്റെ തീപ്പൊരികൾ പലയിടത്തുനിന്നും പലരും വിതറി വിടുമ്പോൾ കേരളം ആളിക്കത്താതിരിക്കുന്നത് കേരള ഹൃദയത്തിൽ ഗുരു ഉള്ളതുകൊണ്ടാണ്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന തിരുവാക്യം ഇല്ലായിരുന്നെങ്കിൽ ഇവിടം എന്നേ കലാപഭൂമിയാകുമായിരുന്നു. ഗുരുദേവൻ ഉപദേശിച്ച എല്ലാ സന്ദേശങ്ങളും നമുക്ക് ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും എല്ലാവരുടെയും പൊതുനന്മയ്ക്ക് ആവശ്യമായവ ഉൾക്കൊണ്ടില്ലെങ്കിൽ സർവനാശമായിരിക്കും ഫലം. ലഹരിമുക്തമായ ഒരു ജീവിതത്തിന് ഗുരു വളരെ പ്രാധാന്യം നൽകിയിട്ടുണ്ടല്ലോ. അന്നത്തെ ലഹരിയായ മദ്യം ഉണ്ടാക്കുകയും കൊടുക്കുകയും കുടിക്കുകയും ചെയ്യരുത് എന്ന് ഗുരു സമൂഹത്തെ ശാസിച്ചു. മദ്യത്തിന്റെ എത്രയോ മടങ്ങ് മാരകമായ നൂതന രാസലഹരികൾ ഇന്ന് കേരളത്തെ ഗ്രസിക്കുമ്പോൾ ആർക്കാണ് മോചനമന്ത്രമരുളാൻ സാധിക്കുക?
നാം ഗുരുവിലേക്ക് മടങ്ങിയില്ലെങ്കിൽ സ്വാർത്ഥബുദ്ധികൾ ചേർന്ന് കുതന്ത്രങ്ങൾ മെനഞ്ഞ്, മാതൃകാസ്ഥാനമായ നമ്മുടെ നാടിനെ ഭ്രാന്തലായമാക്കി മാറ്റും എന്നുറപ്പാണ്. പലതരം ഭ്രാന്തുകൾ നടമാടുന്ന ഈ കാലത്ത് കേരള സമൂഹത്തിന്റെ എല്ലാ ഭ്രാന്തുകളും ചികിത്സിച്ച മഹാഗുരു എന്ന അപൂർവ വൈദ്യന്റെ വാക്കുകൾക്ക് വളരെ മൂല്യമാണുള്ളത്. അത് കേരളത്തിന്റെ ജീവന്റെ മൂല്യം തന്നെയാണ്. ഓരോ തിരുജയന്തിയും കടന്നുവരുമ്പോൾ നാം ചിന്തിക്കണം; ഒരു വർഷംകൊണ്ട് ഗുരുവിനോട് അടുത്തുവോ അകന്നുവോ എന്ന്. അന്ധമായ ആരാധനകൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഹൃദയംകൊണ്ട് ഒരു അണുവളവെങ്കിലും ഗുരുവിനോട് അടുക്കുവാൻ സാധിച്ചാൽ അതുതന്നെയാണ് തിരുജയന്തി ദിനത്തിൽ നമുക്ക് നൽകുവാൻ പറ്റിയ ഏറ്റവും വലിയ ഗുരുപൂജ.
(ശിവഗിരി മഠം, ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറിയാണ് ലേഖകനായ സ്വാമി അസംഗാനന്ദഗിരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |