കണ്ണൂർ: കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാൻഡിലിൽ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്നും സോഷ്യൽ മീഡിയ വിംഗ് അക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
പിശക് പറ്റിയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവുമുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. . സോഷ്യൽ മീഡിയ വിംഗ് പുന:സംഘടിപ്പിക്കും.വിംഗിന്റെ ചുമതലയുണ്ടായിരുന്ന വി.ടി.ബൽറാം സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്..
കഴിഞ്ഞ ദിവസം ജി.എസ്.ടി കൗൺസിൽ തീരുമാനിച്ച പുതിയ നിരക്കുകളനുസരിച്ച്, നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തിന് പകരം ബീഡിക്ക് 18 ശതമാനം നികുതി ഈടാക്കുമെന്ന് അറിയിച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചിരുന്നു.അതേസമയം പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങൾക്കായി 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും നിർദേശിക്കപ്പെട്ടു.
ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് കേരളയുടെ എക്‌സ് ഹാൻഡിലിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്നായിരുന്നു പോസ്റ്റ്. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ ബി.ജെ.പി ഈ പോസ്റ്റ് ആയുധമാക്കിയതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ രംഗത്തെത്തിയത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |