തൃശൂർ: കസ്റ്റഡിയിൽ അതിക്രൂരമായി മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെയുള്ള ശിക്ഷ സസ്‌പെൻഷനിൽ ഒതുക്കുന്നത് സ്വീകാര്യമല്ലെന്നും പിരിച്ചുവിടണമെന്നും ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെതിരെയും നടപടിയെടുക്കണം.
അഞ്ച് പേർ ചേർന്നാണ് മർദ്ദിച്ചത്. എസ്.ഐ നൂഹ്മാൻ, സി.പി.ഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്. സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അടുത്തദിവസം പഴയന്നൂരിലേക്ക് സമരം നടത്തും. ശശിധരൻ സി.സി.ടി.വി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചു. നീ നേതാവ് കളിക്കണ്ട എന്ന് പറഞ്ഞാണ് മർദ്ദിച്ചത്. സുഹൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും.
സുപ്രീംകോടതിയിൽ കക്ഷി ചേരും
പൊലീസ് സ്റ്റേഷനിൽ സി.സി.ടി.വി വേണമെന്ന സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് വി.എസ്.സുജിത്ത് പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനിലും സി.സി.ടി.വികൾ ഉണ്ടാവുകയും ജനങ്ങൾക്ക് അത് ലഭ്യമാക്കുകയും വേണം. പൊലീസ് സ്റ്റേഷനിൽ തനിക്കുണ്ടായ മർദ്ദനം പൊതുജനങ്ങൾ അറിയാൻ ഇടവന്നത് സി.സി.ടി.വി ഉണ്ടായിരുന്നത് കൊണ്ടാണ്. ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള കടമ്പകൾ ഇല്ലാതാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |