കോഴിക്കോട്: കുറ്റിക്കാട്ടൂർ യത്തീംഖാന ഭൂമിയുമായി ബന്ധപ്പെട്ട വഖഫ് തർക്കം അറിഞ്ഞ് എത്തി കാഴ്ചക്കാരനായി നിൽക്കവേ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി പ്രാദേശിക മുസ്ലിംലീഗ് നേതാവ് രംഗത്ത്. പെരുവയൽ പഞ്ചായത്ത് 24ാം വാർഡ് ലീഗ് ജനറൽ സെക്രട്ടറി സി മാമുക്കോയയ്ക്ക് (53) 2023 ഡിസംബർ 23നാണ് മർദ്ദനമേറ്റത്. അന്നത്തെ മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശനും സി.ഐ ബെന്നിലാലുവിനും എതിരെയാണ് ആക്ഷേപം.
സുദർശൻ നിലവിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയും ബെന്നിലാലു മാറാട് സി.ഐയുമാണ്.
പാെലീസ് വന്നതറിഞ്ഞ് എത്തിയ മാമുക്കോയ വാക്കുതർക്കം മാറിനിന്ന് വീക്ഷിക്കുകയായിരുന്നു.
പൊടുന്നനെ പൊലീസ് അടുത്തെത്തി
മാമുക്കോയ അല്ലേ എന്നു ചോദിച്ച് പിടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചതോടെ അസി.കമ്മിഷണർ കെ. സുദർശനും സി.ഐ ബെന്നിലാലും അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തും ചെവിക്കുറ്റിക്കും മാരകമായി അടിച്ചെന്ന് മാമുക്കോയ വെളിപ്പെടുത്തി. ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. അറസ്റ്റ് ചെയ്യാൻ എന്തെങ്കിലും രേഖയുണ്ടോ എന്നു ചോദിച്ചതോടെ ഒന്നര മണിക്കൂർ നിറുത്തിയശേഷം വിട്ടയച്ചു.
കർണപുടം തകർന്നതിനെ തുടർന്ന് മെഡിക്കൽ കാേളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു.
സംഭവ സ്ഥലത്തെ വീഡിയോ സഹിതം മുഖ്യമന്ത്രിയ്ക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മർദ്ദന ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു.
പിറ്റേ ദിവസം പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ മെഡി.കോളേജ് പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല. കമ്മിഷണർ ഓഫീസിൽ നേരിട്ട് പരാതി നൽകിയപ്പോൾ രസീത് നൽകുക മാത്രമാണ് ചെയ്തത്. അന്വേഷണമോ നടപടിയോ ഉണ്ടായില്ല. തന്നെ ഉപദ്രവിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാമുക്കോയ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |