# ക്ഷേമപ്രവർത്തനങ്ങളും പദ്ധതികളും അവതാളത്തിൽ
ആലപ്പുഴ: 69 നഗരസഭകളിലും 6 ബ്ളോക്ക് പഞ്ചായത്തുകളിലും പട്ടികജാതി വികസന ഓഫീസർമാരില്ലാത്തതിനാൽ പട്ടികജാതി ക്ഷേമ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആളില്ലാതായി.
പട്ടികജാതി വികസന വകുപ്പിലെ സ്റ്റാഫ് പാറ്റേൺ 1978 ലാണ് അവസാനമായി പുനഃസംഘടിപ്പിച്ചത്. അധികാരവികേന്ദ്രീകരണത്തിൽ താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ നിറുത്തലാക്കി പട്ടികജാതി ജനസംഖ്യ കൂടുതലുള്ള 60 ബ്ലോക്കുകളിലും 3 കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസർ ഗ്രേഡ്-1 തസ്തികയും 5,000ന് മേൽ ജനസംഖ്യയുള്ള 89 ബ്ലോക്കുകളിലും 69 നഗരസഭകളിലും പട്ടികജാതി വികസന ഓഫീസർ ഗ്രേഡ്- 2 തസ്തികയും അനുവദിക്കുകയായിരുന്നു. ഇതിൽ 69 നഗരസഭകളിലും 6 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് പട്ടികജാതിക്ഷേമ ഓഫീസുകൾ പ്രവർത്തനരഹിതമായത്.
പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി ചെലവിൽ 64ശതമാനം ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ചെലവഴിക്കുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ക്ഷേമ പദ്ധതി നിർദ്ദേശങ്ങളും സാധ്യതാ പഠന സാക്ഷ്യപത്രങ്ങളും നടത്തിപ്പും പട്ടികജാതി വികസന ഓഫീസറാണ് നിർവഹിക്കേണ്ടത്. ഓഫീസറില്ലാത്ത സ്ഥാപനങ്ങളിൽ സമീപ ബ്ലോക്കുകളിലെ ഓഫീസർക്കാണ് ചുമതല. പല പട്ടികജാതി വികസന ഓഫീസുകളിലും ക്ലറിക്കൽ തസ്തികയോ, ഓഫീസ് അറ്റൻഡന്റ് തസ്തികയോ ഇല്ല. ഇതിനാൽ പട്ടികജാതി വികസന ഓഫീസർ ഫീൽഡിലായിരിക്കുമ്പോൾ ഓഫീസുകൾ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
വ്യക്തിഗത ആനുകൂല്യങ്ങൾക്കും നിർമ്മാണ പദ്ധതികൾക്കും ഗുണഭോക്താക്കളെ നിശ്ചയിക്കാൻ പട്ടികജാതി വികസന ഓഫീസർ നേരിട്ടെത്തി ഫീസിബിലിറ്റി സാക്ഷ്യപത്രം തയ്യാറാക്കേണ്ടതുണ്ട്.
പ്രതിമാസ മീറ്റിംഗിലും ബ്ലോക്ക്,നഗരസഭ-കോർപ്പറേഷൻ ഭരണസമിതി യോഗത്തിലും ക്ഷേമകാര്യസ്ഥിരം സമിതിയിലും പട്ടികജാതി വികസന ഓഫീസർ പങ്കെടുക്കേണ്ടതുണ്ട്. മാത്രമല്ല വകുപ്പിന് കീഴിലുള്ള നഴ്‌സറികൾ, ഹോസ്റ്റൽ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ മാസത്തിൽ പതിനഞ്ച് ദിവസം ഫീൽഡ് വിസിറ്റ് നടത്തണമെന്നും നിർദ്ദേശമുണ്ട്.
ആവശ്യമായ അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന് പട്ടികജാതി വികസനഡയറക്ടർ നൽകിയ ശുപാർശ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
............................
പട്ടികജാതി വികസന ഓഫീസർമാരുടെ കുറവും പദ്ധതി പ്രവർത്തനങ്ങളെ അവ ബാധിക്കുന്നത് സംബന്ധിച്ചും റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകും
- പൊതുഭരണ വകുപ്പ് ഓഫീസ്, ഗവ.സെക്രട്ടേറിയറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |