മോസ്കോ : കാൻസർ രോഗത്തിനുള്ള പ്രതിരോധ വാക്സിൻ എന്ററോമിക്സ് വാക്സിന്റെ മനുഷ്യരിലെ ആദ്യപരീക്ഷണം വിജയമെന്ന് റഷ്യ. പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം സുരക്ഷയും ഫലപ്രാപ്തിയും വാക്സിന് ഉറപ്പാക്കാൻ കഴിഞ്ഞുവെന്ന് ഗവേഷകർ അവകാശപ്പെട്ടു. വാക്സിൻ പരീക്ഷിച്ച രോഗികളിൽ ട്യൂമർ ചുരുങ്ങിയതായും മറ്റു പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു.
കൊവിഡ് 19 വാക്സിന് സമാനമായ എം.ആർ.എൻ.എ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ററോമിക്സ് വാക്സിൻ തയ്യാറാക്കിയത്. റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം. കാൻസറിനുള്ള പരമ്പരാഗത ചികിത്സാ രീതിയായ കീമോ തെറാപ്പിയെക്കാൾ സുരക്ഷിതമാണ് ഈ വാക്സിനെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു . ആദ്യഘട്ടത്തിൽ 48 പേരാണ് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായത്. തുടർ പരീക്ഷണങ്ങൾ വിജയമായാൽ കാൻസർ ചികിത്സയിൽ കാര്യക്ഷമവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ചികിത്സയ്ക്ക് എന്ററോമിക്സ് വഴിതുറക്കും. ഓരോ വ്യക്തിയുടെയും ട്യൂമറിന്റെ ജനിതക ഘടനയെ അടിസ്ഥാനമാക്കി പേർസണലൈസ് ചെയ്ത വാക്സിനാണ് എന്ററോമിക്സ്. റഷ്യയുടെ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം കൂടി വാക്സിന് നേടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |