ന്യൂഡൽഹി: ഉടൻ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് തന്ത്രങ്ങൾ പരുവപ്പെടുത്താനുള്ള അവസരമായി ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി സൃഷ്‌ടിച്ച ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ധൻകർ പ്രതിസന്ധി മറികടന്നതിന്റെ ആശ്വാസത്തിലാണ് എൻ.ഡി.എ. ഐക്യം തെളിയിക്കാനായെന്ന് പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയും അവകാശപ്പെടുന്നു.
ഭിന്നതകളുടെ പേരിൽ ധൻകർ രാജിവച്ചത് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ബിഹാർ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ ബാധിച്ചിരുന്നു. ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ചർച്ചകൾ മൂലം ബിഹാർ തിരഞ്ഞെടുപ്പിന് മുൻപ് ജെ.പി. നദ്ദയുടെ പിൻഗാമിയായി പുതിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളും വൈകി.
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ ബി.ജെ.പി അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. 2022ൽ നടന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകറിന് 528 പേരുടെ വോട്ട് ലഭിച്ചിരുന്നു. ഇക്കുറി 500ൽ താഴെ പോയെങ്കിലും രാധാകൃഷ്‌ണന് ഉറപ്പായിരുന്ന 433 വോട്ടുകൾക്ക് പുറമെ 19 എണ്ണം അധികമായി നേടി ജയിച്ചതിൽ ബി.ജെ.പിക്കും എൻ.ഡി.എയ്‌ക്കും ആശ്വസിക്കാം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉലഞ്ഞ 'ഇന്ത്യ' മുന്നണിക്ക് ബിഹാർ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രസർക്കാരിനെ എതിർക്കാനുള്ള അവസരമായിരുന്നു ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ജൂലായിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയ അന്നാണ് ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്ന് ജഗ്‌ദീപ് ധൻകർ രാജിവച്ച് തിരഞ്ഞെടുപ്പിന് വഴി തുറന്നത്.
തുടർന്നുള്ള ദിവസങ്ങളിലാണ് ബീഹാറിലെ എസ്.ഐ.ആർ വിഷയത്തിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടതും. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ എസ്.ഐ.ആർ പ്രതിഷേധത്തിന് കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട്മോഷണ ആരോപണവും ബീഹാറിലെ വോട്ടർ അധികാർ യാത്രയും അതിന്റെ തുടർച്ചയായിരുന്നു. ഈ പ്രതിഷേധ കൂട്ടായ്‌മയിലൂടെ അവർക്കും ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും കഴിഞ്ഞു. ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയെ നിശ്ചയിച്ചതും ഏകകണ്ഠമായി.
എന്നാൽ ബി.ജെ.പിയുമായി പഴയ അടുപ്പമില്ലാതിരുന്നിട്ടും പ്രതിപക്ഷത്ത് വൈ.എസ്.ആർ കോൺഗ്രസ്, ബി.ആർ.എസ്, ബി.ജെ.ഡി എന്നീ കക്ഷികളെ ഒപ്പം നിർത്താൻ കഴിഞ്ഞില്ല. വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ബി.ആർ.എസും ബി.ജെ.ഡിയും വിട്ടു നിന്നു. കൂടാതെ പ്രതിപക്ഷത്തെ 315 എം.പിമാരും ഒറ്റക്കെട്ടായി വോട്ടു ചെയ്‌തെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടിയായാണ് 15 വോട്ടുകൾ അസാധുവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |