കാഠ്മണ്ഡു: സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ നിരോധിച്ച നേപ്പാൾ സർക്കാരിന്റെ നടപടിക്കെതിരെ യുവജനങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 347 പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി കെ.ശർമ്മ ഒലിക്ക് രമേശ് ലേഖക് രാജി സമർപ്പിച്ചു.
ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച സർക്കാരിന്റെ നീക്കത്തിനെതിരെ ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ബനേശ്വർ, സിംഗദുർബാർ, നാരായൺഹിതി, എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നേപ്പാൾ, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളെ നിരോധിച്ചത്. നേപ്പാളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 13.5 ദശലക്ഷവും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 3.6 ദശലക്ഷവുമാണ്.പലരും തങ്ങളുടെ ബിസിനസിനായി സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. ഇത് പ്രവർത്തനരഹിതമായതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ മാത്രമല്ല സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയും കൂടിയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ജനങ്ങൾ പറഞ്ഞു.നേരത്തെ, തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ടെലിഗ്രാമിനെ നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |