കഞ്ചിക്കോട്: വ്യവസായ വികസനത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ ഉറ്റു നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം സംഘടിപ്പിച്ച ഇൻഡ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല കേരളമെന്ന് ഇനിയൊരാളും പറയില്ല. ഈ നേട്ടം
കൈവരിച്ചത് ഇച്ഛാ ശക്തിയുള്ള ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ കാരണമാണ്. യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിന്റെ വ്യവസായ വളർച്ച മുരടിച്ച നിലയിലായിരുന്നു.
കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിനായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ പരിഗണന . വീണ്ടും അധികാരത്തിൽ വന്ന ഇടതു സർക്കാർ ആ
ലക്ഷ്യം സാദ്ധ്യമാക്കി.സംസ്ഥാനത്തിന്റെ വ്യവസായ കുതിപ്പിന് ഒപ്പം നിൽക്കേണ്ട പ്രതിപക്ഷം വികസനം മുടക്കാനാണ് ശ്രമിച്ചത്. വലിയ വികസന കുതിപ്പിൽ കേരളം എത്തിനിൽക്കുന്ന കാര്യം ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ വിമുഖത കാണിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഞ്ചിക്കോട് നായനാർ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, എ.പ്രഭാകരൻ എം.എൽ.എ, കിൻഫ്ര എം.ഡി.സന്തോഷ് കോശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ കളക്ടർ മാധവിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സദസിൽ ആളുകൾ കുറവ്;
സംഘാടകർക്ക് വിമർശനം
പരിപാടിയിൽ ജന പങ്കാളിത്തം കുറഞ്ഞതിൽ 'ഇൻഡ് സമ്മിറ്റ്' സംഘാടക പിഴവിനെ വിമർശിച്ച് മുഖ്യമന്ത്രി. 'എനിക്ക് പലതും പറയണമെന്നുണ്ട്. പക്ഷേ, ഇങ്ങനെയൊരു വേദിയിൽ വച്ച് പറയുന്നില്ല.ബാംഗ്ലൂർ - കൊച്ചി വ്യവസായ ഇടനാഴി വരുന്ന പശ്ചാത്തലത്തിൽ കഞ്ചിക്കോടിന്റെ വ്യവസായ വികസനത്തിന് കരുത്തേകുന്ന പരിപാടി സംഘടിപ്പിച്ചവർ അതിന്റെ ഗൗരവം വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് സംശയം. ഇത്തരം പിഴവുകൾ ആവർത്തിക്കാതെ നോക്കണം.'- അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |