പത്തനംതിട്ട: എസ്.എഫ്.ഐ നേതാവായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടിനെ 2012ൽ കോന്നി സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ അന്നത്തെ സി.ഐയും ഇപ്പോഴത്തെ ആലപ്പുഴ ഡിവൈ.എസ്.പിയുമായ എം.ആർ.മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. ജയകൃഷ്ണന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് 2016 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
റിപ്പോർട്ടിൽ മധുബാബുവിനും എസ്.ഐയായിരുന്ന ഗോപകുമാറിനുമെതിരെ കർശന അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു അന്നത്തെ പത്തനംതിട്ട എസ്.പി ഹരിശങ്കറിന്റെ റിപ്പോർട്ട്. ഇരുവരും ഗുരുതരമായ അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയെന്നും പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഗോപകുമാർ സേനയിൽ നിന്ന് വിരമിച്ചു. എന്നാൽ, ഇതുവരെ ഇരുവർക്കുമെതിരെ നടപടിയുണ്ടായില്ല.
ജയകൃഷ്ണനെ 2012 ഒക്ടോബർ 10ന് രാത്രി തണ്ണിത്തോട്ടിലെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയാണ് മർദ്ദിച്ചത്. കോന്നി സ്റ്റേഷനിൽ വച്ച് മർദ്ദിച്ച ശേഷം പത്തനംതിട്ട സ്റ്റേഷനിൽ കൊണ്ടുവന്നു. അവിടെ കേസൊന്നുമില്ലാത്തതിനാൽ കോന്നിക്കുതന്നെ തിരിച്ചുകൊണ്ടുപോയി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
പൊലീസിലെ ക്രിമിനലുകളെ
പുറത്താക്കുംവരെ
സമരം: വി.ഡി.സതീശൻ
തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുംവരെ കോൺഗ്രസും യു.ഡി.എഫും സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകൾ നടത്തിയ ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ തെളിവ് സഹിതം തുടർച്ചയായി പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതിൽ ദുരൂഹതയുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ചവർക്കെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കാമെന്ന് സർക്കാർ കരുതരുത്.
കുന്നംകുളത്തും പീച്ചിയിലും പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ നേരത്തേ കണ്ടിരുന്നെങ്കിലും പ്രതികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് പൊലീസ് സംവിധാനം. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയിൽ ഇനിയെങ്കിലും മൗനം വെടിയാൻ മുഖ്യമന്ത്രി തയാറാകണം.
പൊലീസിനെ നിലയ്ക്കു
നിറുത്തും: ബിനോയ് വിശ്വം
ആലപ്പുഴ: എൽ.ഡി.എഫിന്റെ പ്രഖ്യാപിത പൊലീസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന പരാതികളിൽ അന്വേഷണം നടത്തി സർക്കാർ മാതൃകപരമായ നടപടി സ്വീകരിക്കും. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. പൂരം കലക്കലും മന്ത്രി ഫോൺ ചെയ്തിട്ട് എടുക്കാത്തതും അടക്കമുള്ള കാര്യങ്ങൾ കേരളം കണ്ടതാണ്. അത്തരം കാര്യങ്ങളിൽ ഗുരുതരവീഴ്ച വരുത്തിയ ഒരാൾ കേരളത്തിലെ പൊലീസ് ഉന്നതങ്ങളിലേക്ക് പോകില്ല. അയ്യപ്പനെ രാഷ്ട്രീയവിവാദ കേന്ദ്രമാക്കാൻ സി.പി.ഐക്ക് താൽപര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |