
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് തിരിച്ചടിയായി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം വാസു മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻഡ് റിപ്പോർട്ടെന്നതാണ് ശ്രദ്ധേയം.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മനഃപൂർവ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുകയാണ്. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം പുതിയ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുന്നത്. അടുത്ത രണ്ടുദിവസത്തേക്ക് പത്മകുമാറിനെ ചോദ്യം ചെയ്യില്ലെന്നാണ് വിവരം.
വാസുവിനെ അറസ്റ്റ് ചെയ്യാൻ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനിൽക്കുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കട്ടിളപാളിയിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം വാസുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന രേഖപ്പെടുത്തിയതും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് പത്മകുമാറായിരുന്നു. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |