കോയമ്പത്തൂരിൽ 1998-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം, നഗരത്തെ ഞെട്ടിച്ച സ്ഫോടന പരമ്പരകളുടെ നടുക്കം വിട്ടുമാറുന്നതിനു മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സി.പി. രാധാകൃഷ്ണൻ ആയിരുന്നു കോയമ്പത്തൂർ മണ്ഡലത്തിൽ ബി,ജെ.പി സ്ഥാനാർത്ഥി. ഒരു ഇലക്ഷൻ ബൂത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വാർത്ത പ്രചരിച്ചതോടെ പ്രവർത്തകർ പുറത്തേക്കോടി. നിമിഷങ്ങൾക്കകം ബൂത്തിനു മുന്നിലെ നിരത്ത് ഒഴിഞ്ഞു.
ഒരു കാറിൽ വന്നിറങ്ങിയ സി.പി. രാധാകൃഷ്ണൻ നേരെ ബൂത്തിലേക്കു കയറിച്ചെന്ന്, ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശത്തിൽ സൂചിപ്പിച്ചിരുന്ന സ്ഥലം മുഴുവൻ ചവിട്ടി പരിശോധിക്കാൻ തുടങ്ങി. ദൂരെ മാറി, അമ്പരപ്പോടെയും ഭീതിയോടെയും നോക്കിനിന്ന ജനക്കൂട്ടത്തിനു മുന്നിലേക്ക് ഇറങ്ങിനിന്ന് സ്ഥാനാർത്ഥി പ്രഖ്യാപിച്ചു: 'അത് പൊയ് പേച്ച്... ഇങ്കെ ബോംബുമില്ലൈ, ഒന്നുമില്ലൈ!"
ഈ ധീരതയാണ് അന്നും ഇന്നും സി.പി. രാധാകൃഷ്ണനെ ബി.ജെ.പിയിലെ കരുത്തനും, ദേശീയ രാഷ്ട്രീയത്തിലെ മുൻനിര നേതാവും, ഏറ്റവും ഒടുവിൽ ഉപരാഷ്ട്രപതി സ്ഥാനം വരെയും എത്തിച്ചത്. ബോംബ് ഭീഷണി വ്യാജമെന്ന് തെളിയിക്കാൻ സി.പി. രാധാകൃഷ്ണൻ നേരിട്ടിറങ്ങിയ ആ തിരഞ്ഞെടുപ്പിലേത് അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് ജയമായിരുന്നു. അതും, തമിഴ്നാട്ടിൽ ബി.ജെ.പിക്ക് മേൽവിലാസമുണ്ടാക്കിയ 1,44,676 വോട്ടിന്റെ ഭൂരിപക്ഷത്തോടെ.
തിരൂപ്പൂരിലെ
തുടക്കം
കർമ്മപഥത്തിലെ ആ ധീരതയ്ക്കു പിന്നിൽ ജീവിത ലാളിത്യത്തിന്റെ എളിമ എന്നുമുണ്ടായിരുന്നു. തിരുപ്പൂരിലെ ചന്ദ്രപുരം ഗ്രാമത്തിൽ, 1957 ഒക്ടോബർ 20-ന് പൊന്നുസ്വാമി ഗൗണ്ടറുടെയും ജാനകിഅമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി ജനനം. അന്നും ഇന്നും രാജ്യത്ത്, ബനിയൻ വ്യവസായത്തിന്റെ കേന്ദ്രമായ തിരുപ്പൂരിൽ, അതേ വിലാസത്തിലായിരുന്നു രാധാകൃഷ്ണന്റെ തുടക്കവും! രാഷ്ട്രീയത്തിലെത്തും മുമ്പ് ബനിയൻ വ്യവസായത്തിൽ ഭാഗ്യം പരീക്ഷിച്ച രാധാകൃഷ്ണന്റെ സ്ഥാപനത്തിനു മുന്നിൽ ആ ബോർഡ് ഉറപ്പോടെ തന്നെ നിന്നു: 'സ്പൈസ് ടെക്സ്."
പതിനാറാം വയസു തൊട്ടേ ആർ.എസ്.എസ് ആശയങ്ങളോടും പ്രവർത്തനങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്ന സി.പി. രാധാകൃഷ്ണൻ സ്വാഭാവികമായും ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവുമായി അടുത്തു. 1977-ൽ അടൽ ബിഹാരി വാജ്പേയിയെ പങ്കെടുപ്പിച്ച് അവിടെ ഒരു സമ്മേളനം സംഘടിപ്പിച്ച അനുഭവവും അഭിമാനമുണർത്തുന്ന ഓർമ്മയായി രാധാകൃഷ്ണന്റെ മനസിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് രാധാകൃഷ്ണൻ ജനതാ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചു. ആർ.എസ്.എസ് തിരുപ്പൂർ ജില്ലാ ചുമതലക്കാരനായി പ്രവർത്തിച്ച രാധാകൃഷ്ണൻ പിന്നീട് ബി.ജെ.പിയുടെ തിരുപ്പൂരിലെ അറിയപ്പെടുന്ന നേതാവായി ഉയർന്നു.
വളർന്നത് തിരുപ്പൂരിലും, വളർത്തിയത് തമിഴ്നാടും ആണെങ്കിലും രാധാകൃഷ്ണൻ പറയും: 'തമിഴൻ എന്ന് വിളിക്കപ്പെടുന്നതിനെക്കാൾ എനിക്കിഷ്ടം ഇന്ത്യൻ എന്ന് അറിയപ്പെടുന്നതാണ്." ദേശീയ ഐക്യമെന്ന മുദ്രാവാക്യം ഹൃദയത്തിൽ സൂക്ഷിച്ച അദ്ദേഹത്തിന് ചന്ദ്രശേഖർ, വാജ്പേയി, നരേന്ദ്ര മോദി തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്താനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 45 വർഷത്തെ പരിചയം! ആർ.എസ്.എസ് കാലത്ത് ആരംഭിച്ച ആ അടുപ്പം പിന്നീട് ഒരു ആത്മബന്ധത്തോളം ഇഴയടുപ്പമുള്ളതായി വളരുകയായിരുന്നു.
ഉപ്പുമാവും
കഞ്ഞിയും
ജനപ്രതിനിധിയായും രാഷട്രീയ നേതാവായും ഭരണഘടനാ പദവികളിലായിരിക്കുമ്പോഴും സി.പി. രാധാകൃഷ്ണന്റെ ഇഷ്ട മെനുവിന് ഒരു മാറ്റവും ഉണ്ടായില്ല: രാവിലെ ഉപ്പുമാവും രാത്രിയിൽ കഞ്ഞിയും! ഗവർണർ ആയിരുന്ന കാലഘട്ടത്തിൽ ഏതു തരം വിഭവവും ഒരുക്കാൻ തയ്യാറായിനിന്ന പാചകക്കാരോട് രാധാകൃഷ്ണൻ പറഞ്ഞു: 'എനിക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കാൻ ഒരു പാചകക്കാരൻ തന്നെ ആഡംബരമാണ്!" ഭക്ഷണത്തിലെ ഈ ലാളിത്യം തന്നെ വസ്ത്രധാരണത്തിലും രാധാകൃഷ്ണൻ എക്കാലവും തുടർന്നു.
എന്നും, തിരുപ്പൂരിലെ വെറും സാധാരണക്കാരനായി ജീവിച്ച സി.പി. രാധാകൃഷ്ണൻ കോയമ്പത്തൂർ എം.പി ആയിരുന്ന കാലത്ത്, പരാതികളുമായി ഏതുനേരത്തും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ആർക്കും കയറിച്ചെല്ലാമായിരുന്നു. പരാതി കേട്ട്, പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിയുടെ ലെറ്റർഹെഡിലുള്ള കത്ത് ബന്ധപ്പെട്ട വകുപ്പു മേധാവിക്ക് അപ്പോൾത്തന്നെ രാധാകൃഷ്ണൻ ഡ്രാഫ്റ്റ് ചെയ്യും. 1999-ൽ ഒരിക്കൽക്കൂടി അദ്ദേഹത്തെ കോയമ്പത്തൂരിൽ നിന്നുതന്നെ ലോക്‌സഭയിലേക്ക് എത്തിച്ചത് ജനങ്ങളുമായുള്ള ഈ അടുപ്പവും പ്രതിബദ്ധതയും തന്നെ.
വികസനത്തിൽ
വഴികാട്ടി
കോയമ്പത്തൂരിന്റെ സമഗ്ര വികസനമായിരുന്നു സി.പി. രാധാകൃഷ്ണന്റെ കാലയളവിൽ യാഥാർത്ഥ്യമായത്. കോയമ്പത്തൂരിന്റെ മുഖച്ഛായ മാറ്റിയ മേൽപ്പാലങ്ങളുടെ തുടക്കം ആ കാലത്തായിരുന്നു. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹം എം.പി ആയിരുന്ന കാലയളവിലായിരുന്നു കോയമ്പത്തൂരിലേക്ക്
നിസാമുദ്ദീൻ എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയ ട്രെയിൻ സർവീസുകളുടെ ആരംഭം. കോയമ്പത്തൂരിൽ ടൈഡൽ പാർക്ക് കൊണ്ടുവന്നതിനു പിന്നിലും രാധാകൃഷ്ണന്റെ കൈകൾ തന്നെ. രാജ്യത്ത് ദേശിയപാതാ വികസനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന കാലത്തുതന്നെ കോയമ്പത്തൂർ വഴി കടന്നുപോകുന്ന ദേശീയപാതകൾ നാലുവരിയാക്കി വികസിപ്പിച്ച് അദ്ദേഹം വഴികാട്ടിയായി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണകാലത്ത് സി.പി. രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം നിർണായക വഴിത്തിരിവുകൾ കണ്ടു. 2015-ൽ ഓൾ ഇന്ത്യ കയർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനത്തെ നാലുവർഷംകൊണ്ട് ലാഭത്തിന്റെ പാതയിലേക്കു നയിച്ചു. അതിനു ശേഷം 2019-ൽ വീണ്ടും കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിധി തുണച്ചില്ല.
ജാർഖണ്ഡ് ഗവർണർ ആയിട്ടായിരുന്നു രാധാകൃഷ്ണന്റെ അടുത്ത നിയോഗം. അതിനൊപ്പം തെലങ്കാന ഗവർണറുടെയും പോണ്ടിച്ചേരി ലഫ്. ഗവർണറുടെയും അധിക ചുമതല കൂടി കൈവന്നു. അതിന്റെ തുടർച്ചയായിരുന്നു മഹാരാഷ്ട്ര രാജ്ഭവനിലേക്കുള്ള നിയോഗം. ആ ദീർഘ യാത്രയാണ് ഇപ്പോൾ, അറുപത്തിയെട്ടാം വയസിൽ ഉപരാഷ്ട്രപതി പദം വരെ എത്തുന്നത്.
മുഴുവൻ പേര് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ. വിവാഹം 1985-ൽ. ഭാര്യ സുമതി. ഒരു മകനും ഒരു മകളും.
(സി.പി. രാധാകൃഷ്ണന്റെ പേഴ്സണൽ സെക്രട്ടറിയും കോയമ്പത്തൂർ സ്വദേശിയുമായ സുധാകറിനോട് സംസാരിച്ച് തയ്യാറാക്കിയത്)
രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും അദ്ദേഹത്തിന് ഒരുപോലെയാണ്. ഞങ്ങൾ തമ്മിൽ കഴിഞ്ഞ മുപ്പതു വർഷത്തെ ബന്ധമുണ്ട്. ആർ.എസ്.എസിൽ ഉള്ളപ്പോൾ തൊട്ടുള്ള സുഹൃദ്ബന്ധമാണ് അത്. രാധാകൃഷ്ണൻ തമിഴ്നാട്ടിലുള്ളപ്പോൾ അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ, ലോകത്ത് എവിടെ നിന്നായാലും പിന്നെ എന്നെയാണ് വിളിക്കുക. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിനു കിട്ടിയ സമ്മാനമാണ് ഉപരാഷ്ട്രപതി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ്.
സുധാകർ
പേഴ്സണൽ സെക്രട്ടറി (കോയമ്പത്തൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |